18 വയസുള്ള മകളുണ്ട്, ദൈവം പൊറുക്കില്ല; പൊട്ടിക്കരഞ്ഞ് സുരേഷ്, കോടതി വളപ്പില്‍ വൈകാരിക രംഗങ്ങള്‍

https://www.mathrubhumi.com/polopoly_fs/1.4782639.1590415403!/image/image.jpg_gen/derivatives/landscape_894_577/image.jpg

കൊല്ലം:  ഉത്ര വധക്കേസില്‍ വൈകാരിക പ്രതികരണവുമായി കൂട്ടുപ്രതി സുരേഷ്. കോടതിയില്‍ ഹാജരാക്കി പുറത്തേക്ക് കൊണ്ടുവരുന്നതിനിടെയാണ് പാമ്പ് പിടിത്തക്കാരനായ സുരേഷ് പൊട്ടിക്കരഞ്ഞ് കൊണ്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ചത്. 

താന്‍ നിരപരാധിയാണെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സുരേഷ് അലറിക്കരഞ്ഞ് കൊണ്ട് പറഞ്ഞു. തന്നെ കള്ളക്കേസില്‍ കുടുക്കുകയാണ്. ഗൂഢാലോചനയിലോ കൊലപാതകത്തിലോ ഒരു പങ്കുമില്ല. എന്തിനാണ് കേസില്‍ കുടുക്കിയതെന്ന് അറിയില്ല. പെരുച്ചാഴിയെ കൊല്ലാനെന്ന് പറഞ്ഞാണ് പാമ്പിനെ വാങ്ങിയത്. കള്ളക്കേസില്‍ കുടുക്കുന്നവരോട് ദൈവം പോലും പൊറുക്കില്ല. തനിക്ക് 18 വയസ്സുള്ള ഒരു മകളുണ്ട്. തന്റെ മോളാണ് ഇതിനെല്ലാം അനുഭവിക്കേണ്ടിവരുന്നത്. ദൈവത്തിന്റെ കോടതിയില്‍ തനിക്ക് മാപ്പ് തരുമെന്നും സുരേഷ് കരഞ്ഞുകൊണ്ട് പറഞ്ഞു. അല്പം ബലംപ്രയോഗിച്ചാണ് സുരേഷിനെ പോലീസ് പിന്നീട് വാഹനത്തിലേക്ക് കയറ്റിയത്. 

ഉത്ര വധക്കേസിലെ മുഖ്യപ്രതി സൂരജ്, കൂട്ടുപ്രതി സുരേഷ് എന്നിവരെ നാല് ദിവസത്തേക്കാണ് പുനലൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്. മെയ് 29 ന് വൈകീട്ട് 4.30 ന് മുമ്പായി ഇരുവരെയും കോടതിയില്‍ ഹാജരാക്കണമെന്നാണ് നിര്‍ദേശം. ആറ് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡി അപേക്ഷ നല്‍കിയതെങ്കിലും നാല് ദിവസം മാത്രമേ കോടതി അനുവദിച്ചുള്ളൂ. എന്തായാലും കോടതിയുടെ ഉത്തരവ് അനുകൂലമാണെന്നാണ് പോലീസിന്റെ പ്രതികരണം. വരുംദിവസങ്ങള്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പ് നടത്താനുമാണ് പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടത്. 

Content Highlights: kollam anchal uthra snake bite murder case; accused suresh's emotional words