വിശപ്പ് സഹിക്കാനായില്ല; കുടിയേറ്റ തൊഴിലാളികള്‍ ബലംപ്രയോഗിച്ച് ഭക്ഷണപ്പൊതികള്‍ തട്ടിയെടുത്തു

https://www.mathrubhumi.com/polopoly_fs/1.4782599.1590414981!/image/image.jpg_gen/derivatives/landscape_894_577/image.jpg

ഭോപ്പാല്‍: കുടിയേറ്റ തൊഴിലാളികളെ സ്വദേശത്തെത്തിക്കാന്‍ തീവണ്ടികള്‍ ഓടിത്തുടങ്ങിയെങ്കിലും അവരുടെ ദുരിതങ്ങള്‍ അവസാനിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആയിരക്കണക്കിന് കിലോമീറ്ററുകള്‍ നീളുന്ന യാത്രയില്‍ ആവശ്യമായ ഭക്ഷണമോ വെള്ളമോ ലഭിക്കാതെ പ്രയാസപ്പെടുന്ന തൊഴിലാളികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിരന്തരം പുറത്തുവന്നുകൊണ്ടിരിക്കുന്നു. വിശപ്പുമൂലം ഭക്ഷണപ്പൊതികള്‍ക്കായി പിടിവലി കൂടുന്ന തൊഴിലാളികളുടെ വീഡിയോ ആണ് പുതുതായി പുറത്തുവന്നിരിക്കുന്നത്.

മധ്യപ്രദേശിലെ ഇറ്റാര്‍സി റെയില്‍വേ സ്റ്റേഷനില്‍നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പ്ലാറ്റ്‌ഫോമിലെ ഒരു ഉന്തുവണ്ടിയില്‍ കെട്ടുകളാക്കി വെച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങള്‍ക്ക് ചുറ്റും കൂടിനില്‍ക്കുന്ന ആള്‍ക്കൂട്ടത്തെ വീഡിയോയില്‍ കാണാം. ഭക്ഷണസാധനങ്ങള്‍ എടുക്കരുതെന്ന്  റെയില്‍വേ ഉദ്യോഗസ്ഥര്‍ തൊഴിലാളികളോട് നിര്‍ദേശിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. 

എന്നാല്‍ അധികം വൈകാതെ തൊഴിലാളികളില്‍ ചിലര്‍ ഉന്തുവണ്ടിയിലെ ഭക്ഷണപ്പൊതികളില്‍ കൈവയ്ക്കുന്നു. തുടര്‍ന്നവിടെ നടക്കുന്നത് ഭക്ഷണപ്പൊതികള്‍ക്കായുള്ള യുദ്ധമാണ്. പിടിവലികള്‍ക്കൊടുവില്‍ ഉന്തുവണ്ടി കാലിയായി. പലരും മറ്റുള്ളവരുടെ കൈയ്യില്‍നിന്ന് ഭക്ഷണപ്പൊതികള്‍ തട്ടിപ്പറിക്കുന്നതും ബലപ്രയോഗത്തിലൂടെ കൈക്കലാക്കുന്നതും കാണാം.

സ്‌റ്റേഷനിലൂടെ കടന്നുപോകുന്ന ശ്രമിക് തീവണ്ടിയിലെ തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാനായി തയ്യാറാക്കയിരുന്നതാണ് ഭക്ഷണപ്പൊതികള്‍. എന്നാല്‍ മുംബൈയില്‍നിന്നുള്ള തീവണ്ടിയിലെത്തി സ്റ്റേഷനില്‍ ഇറങ്ങിയ തൊഴിലാളികളാണ് വിശപ്പ് മൂലം ഭക്ഷണപ്പൊതികള്‍ തട്ടിയെടുത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഭക്ഷണത്തിനായി കുടിയേറ്റ തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന സംഭവങ്ങള്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മധ്യപ്രദേശിലെ തന്നെ സാന്ത റെയില്‍വേ സ്റ്റേഷനില്‍വെച്ച് തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ബിഹാറിലെ കാതിഹാര്‍ റെയില്‍വേ സ്റ്റേഷനില്‍ ദിവസങ്ങളായി ഭക്ഷണം ലഭിക്കാതെ തീവണ്ടിയില്‍ യാത്രചെയ്യുകയായിരുന്ന തൊഴിലാളികള്‍ ഭക്ഷണവിതരണത്തനെത്തിയ ആളെ കൈയ്യേറ്റം ചെയ്ത സംഭവവും അടുത്തിടെ ഉണ്ടായിരുന്നു.

Content Highlights: At Railway Station In Madhya Pradesh, Migrants Loot Food Cart