https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/5/25/pinarayi-minnal-murali-surendran.jpg
മുഖ്യമന്ത്രി പിണറായി വിജയൻ (ഇടത്), സിനിമാ സെറ്റ് പൊളിക്കുന്ന ബജ്‌റംഗ്‌ദൾ പ്രവർത്തകർ (മധ്യത്തിൽ), ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ (വലത്)

വര്‍ഗീയ ശക്തികൾക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളമെന്ന് മുഖ്യമന്ത്രി; ബന്ധമില്ലെന്ന് ബിജെപി

by

കൊച്ചി∙ കാലടി മണപ്പുറത്തു മിന്നൽ മുരളി സിനിമയുടെ സെറ്റ് തകർത്ത സംഭവം പൊലീസിന്റെ പ്രത്യേക സംഘം അന്വേഷിക്കും. മഹാദേവ ക്ഷേത്രത്തിനു സമീപം സിനിമ സെറ്റ് നിർമിക്കാൻ അനുമതി നൽകിയിരുന്നതായി കാലടി ശിവരാത്രി ആഘോഷ സമിതി വ്യക്ക്തമാക്കി. സെറ്റ് തകർത്തവർക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ടു സിനിമ സംഘടനകൾ റൂറൽ എസ്പിക്ക് പരാതി നൽകി.

കാലടി ശിവരാത്രി ആഘോഷ സമിതിയുടെയും സിനിമ സംഘടനകളുടെയും പരാതികളുടെ അടിസ്ഥാനത്തിലാണ് സെറ്റ് തകർത്ത സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്. ആലുവ റൂറൽ എസ്പി എം.ജെ.സോജനും പെരുമ്പാവൂർ ഡിവൈഎസ്പി കെ.ബിജുമോനും അന്വേഷണ സംഘത്തിന് നേതൃത്വം നൽകും. സൈബർ സെല്ലിന്റെ സഹായവും ഉപയോഗിക്കും. പ്രതികളെ ഉടൻ പിടികൂടുമെന്ന് ആലുവ റൂറൽ എസ്പി കെ.കാർത്തിക് പറഞ്ഞു.

സംഭവത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. വര്‍ഗീയ ശക്തികൾക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളം. ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സിനിമാ സെറ്റ് പൊളിച്ചതുമായി ബിജെപിക്കോ ബിജെപിയുമായി ബന്ധമുള്ള സംഘടനകൾക്കോ ഒരു ബന്ധവുമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. മാധ്യമങ്ങളും വിമർശകരും പ്രശ്നം ബിജെപിയുടെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മഹാദേവ ക്ഷേത്രത്തിനു സമീപത്തെ സിനിമ സെറ്റ് തകർത്തതിനെതിരെ കാലടി ശിവരാത്രി ആഘോഷ സമിതിയും രംഗത്തെത്തിയിരുന്നു. ആക്രമണത്തിനു പിന്നിൽ വർഗീയ ശക്തികളാണ്. മണപ്പുറത്തു പള്ളിയുടെ മാതൃകയിൽ സിനിമ സെറ്റ് നിർമിക്കാൻ അനുമതി കൊടുത്തിരുന്നതായും സമിതി വ്യക്തമാക്കി. ഷൂട്ടിങ് മുടങ്ങിയതിനാൽ ഉടൻ സെറ്റ് പൊളിച്ചു നീക്കാമെന്നു നിർമാതാക്കൾ അറിയിച്ചിരുന്നു.

മലയാള സിനിമ ചരിത്രത്തിൽ കേട്ടുകേൾവി ഇല്ലാത്ത സംഭവമാണ് കാലടിയിൽ ഉണ്ടായതെന്നും പ്രതികൾക്കെതിരെ കർശന നടപടി വേണം എന്നും സിനിമ സംഘടനകളും ആവശ്യപ്പെട്ടു. ഞായറാഴ്ച വൈകിട്ടാണ് രാഷ്ട്രീയ ബജ്‌റംഗ്‌ദൾ പ്രവർത്തകർ കാലടി മണപ്പുറത്തെ പള്ളിയുടെ മാതൃകയിലുള്ള സിനിമ സെറ്റ് തകർത്തത്. കാലടി മഹാദേവ ക്ഷേത്രത്തിന്റെ കാഴ്ച മറച്ചു പള്ളി നിർമിച്ചെന്ന് ആരോപിച്ചായിരുന്നു സെറ്റിന് നേരെയുള്ള അക്രമം.

English Summary: Attack Against Minnal Murali Film Set: Probe by Special Team