https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/5/19/covid-19-test-popy.jpg

ഇന്ന് 49 പേർക്ക് കോവിഡ്; കണ്ണൂരിലെ രണ്ട് റിമാൻഡ് തടവുകാർക്കും രോഗം

by

തിരുവനന്തപുരം∙ ഇന്ന് കേരളത്തില്‍ 49 പേര്‍ക്ക് കോവിഡ്–19 രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കാസര്‍കോട് ജില്ലയില്‍നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍നിന്നുള്ള 10 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍നിന്നുള്ള 5 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍നിന്നുള്ള 4 പേര്‍ക്കും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍നിന്നുള്ള 3 പേര്‍ക്ക് വീതവും കൊല്ലം, കോട്ടയം ജില്ലകളില്‍നിന്നുള്ള 2 പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 18 പേര്‍ വിദേശത്തുനിന്നും (യുഎഇ-12, ഒമാന്‍-1, സൗദി അറേബ്യ-1, അബുദാബി-1, മാലദ്വീപ്-1, കുവൈറ്റ്-1, മസ്‌കറ്റ്-1) 25 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും (മഹാരാഷ്ട്ര-17, തമിഴ്‌നാട്-4, ഡല്‍ഹി-2, കര്‍ണാടക-2) വന്നതാണ്. 6 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണു രോഗം ബാധിച്ചത്. ഇതില്‍ കണ്ണൂര്‍ ജില്ലയിലെ രണ്ട് പേര്‍ റിമാൻഡ് തടവുകാരാണ്. തിരുവനന്തപുരത്തെ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകനാണ്.

അതേസമയം, രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍നിന്നുള്ള 6 പേരുടെയും കൊല്ലം ജില്ലയില്‍നിന്നുള്ള രണ്ട് പേരുടെയും എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍നിന്നുള്ള ഒരാളുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 359 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 532 പേര്‍ ഇതുവരെ കോവിഡില്‍നിന്നു മുക്തി നേടി. എയര്‍പോര്‍ട്ട് വഴി 8390 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക്പോസ്റ്റ് വഴി 82,678 പേരും റെയില്‍വേ വഴി 4558 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 97,247 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 99,278 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 98,486 പേര്‍ വീട് / ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീനിലും 792 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 152 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1861 സാംപിളുകളാണ് പരിശോധിച്ചത്. ഇതുവരെ 54,899 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാംപിള്‍ ഉള്‍പ്പെടെ) സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 53,704 സാംപിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്.

ഇതുകൂടാതെ സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍നിന്ന് 8110 സാംപിളുകള്‍ ശേഖരിച്ചതില്‍ 7994 സാംപിളുകള്‍ നെഗറ്റീവ് ആയി. ഇന്ന് 4 പ്രദേശങ്ങളെ കൂടി ഹോട്സ്‌പോട്ടുകളാക്കി. കണ്ണൂര്‍ ജില്ലയിലെ പിണറായി, പാലക്കാട് ജില്ലയിലെ പുതുശ്ശേരി, മലമ്പുഴ, ചാലിശ്ശേരി എന്നിവയാണ് പുതിയ ഹോട്സ്‌പോട്ടുകള്‍. നിലവില്‍ ആകെ 59 ഹോട്സ്‌പോട്ടുകളാണ് ഉള്ളത്.

English Summary: Kerala Covid Update