ബിപിഎൽ അന്ത്യോദയ കാർഡ് ഉടമകൾക്ക് 1000 രൂപ; വിതരണം ചൊവ്വാഴ്ച മുതൽ
by മനോരമ ലേഖകൻതിരുവനന്തപുരം∙ കോവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ക്ഷേമപെൻഷനുൾപ്പെടെ ഒരു ധനസഹായവും ലഭിക്കാത്ത ബിപിഎൽ അന്ത്യോദയ കാർഡ് ഉടമകൾക്ക് 1000 രൂപ വീതം വിതരണം ചൊവ്വാഴ്ച മുതൽ ആരംഭിക്കും. ജൂൺ ആറു വരെയാണു വിതരണം. അർഹരുടെ വീടുകളിൽ സഹകരണബാങ്ക് ജീവനക്കാർ തുക എത്തിക്കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണു ധനസഹായം അനുവദിക്കുന്നത്. ഈ വിഭാഗത്തിൽ പെടുന്ന 14,78,236 കുടുംബങ്ങൾക്കാണ് അർഹതയുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും റേഷൻ കടകളിലും സഹകരണബാങ്കുകളിലും ഗുണഭോക്താക്കളുടെ പട്ടിക ലഭ്യമാണ്. മറ്റു ആനുകൂല്യങ്ങളൊന്നും കൈപ്പറ്റിയിട്ടില്ല എന്ന സത്യവാങ്മൂലം തുക കൈപ്പറ്റുമ്പോൾ നൽകണം. റേഷൻ കാർഡിലെ ഗൃഹനാഥയ്ക്കാണു സഹായത്തിന് അർഹതയുള്ളത്.
അതേസമയം മരണശേഷവും ഗൃഹനാഥയുടെ പേര് റേഷൻ കാർഡിൽ നിന്ന് നീക്കം ചെയ്യാത്ത ചില കേസുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അർഹതയുടെ മറ്റു മാനദണ്ഡങ്ങൾ ബോധ്യപ്പെടുന്ന പക്ഷം ആ കുടുംബത്തെ ധനസഹായ വിതരണത്തിൽ നിന്ന് ഒഴിവാക്കേണ്ടതില്ലെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം കേസുകളിൽ റേഷൻ കാർഡിൽ പേരുള്ള മറ്റൊരു മുതിർന്ന കുടുംബാംഗത്തിനു പണം നൽകി സത്യവാങ്മൂലം വാങ്ങാം.
English Summary: 1000 rupees help for BPL card holders