https://img-mm.manoramaonline.com/content/dam/mm/mo/district-news/wayanad/images/2020/5/23/wayanad-kalpetta-exam-hal-sterlized.jpg
കൽപറ്റ എസ്കെഎംജെ ഹയർസെക്കൻഡറി സ്കൂളിലെ പരീക്ഷാ ഹാൾ അണുവിമുക്തമാക്കുന്ന അഗ്നിരക്ഷാ സേനാംഗം. ചിത്രം: ജിതിൻ ജോയൽ ഹാരിം ∙ മനോരമ

എസ്എസ്എൽസി,ഹയർസെക്കൻഡറി പരീക്ഷകൾ ചൊവ്വാഴ്ച മുതൽ; മുന്നൊരുക്കങ്ങൾ പൂർണം

by

തിരുവനന്തപുരം∙ എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷ ചൊവ്വാഴ്ച ആരംഭിക്കും. 30വരെയാണ് പരീക്ഷ. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ അതീവ സുരക്ഷയോടെയാണു പരീക്ഷ നടത്തുന്നത്. എസ്എസ്എൽസിക്ക് 4.5 ലക്ഷവും ഹയർസെക്കൻഡറിയിൽ 9 ലക്ഷവും ഉൾപ്പെടെ 13.5 ലക്ഷം വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്. എസ്എസ്എൽസി പരീക്ഷ ഉച്ചയ്ക്ക് 1.45ന് ആരംഭിക്കും. പ്ലസ്ടു പരീക്ഷ രാവിലെ 9.45ന്.

വിദ്യാർഥികളും ഒപ്പം വരുന്ന രക്ഷിതാക്കളും സ്കൂളിലെ ജീവനക്കാരും മാസ്ക് ധരിക്കണം. വിദ്യാർഥിക്ക് ഒപ്പം ഒരു രക്ഷിതാവ് മാത്രമേ പാടുള്ളൂ. പരീക്ഷ മുറികളിൽ എസി പാടില്ല. രാവിലെ പരീക്ഷ എഴുതുന്ന കുട്ടികൾ ഉച്ചയ്ക്ക് പരീക്ഷ എഴുതാനെത്തുന്ന കുട്ടികളുമായി ഇടപഴകുന്നത് ഒഴിവാക്കും. പരീക്ഷയ്ക്ക് ഒരു മുറിയിൽ ഇരിക്കാവുന്ന പരമാവധി വിദ്യാർഥികളുടെ എണ്ണം 20 ആയിരിക്കും. രാവിലെയും ഉച്ചയ്ക്കും പരീക്ഷ ഹാളിലെ ഫർണിച്ചർ അണുവിമുക്തമാക്കും.

വിദ്യാലയത്തിന്റെ പ്രധാന പ്രവേശന കവാടത്തിൽ കൂടി മാത്രമേ പ്രവേശനം അനുവദിക്കൂ. പ്രവേശന കവാടത്തിൽ വിദ്യാർഥികൾക്ക് സാനിറ്റൈസർ നൽകും. പരീക്ഷയ്ക്ക് വിദ്യാർഥികളെ കൊണ്ടുവരാൻ സ്വകാര്യ വാഹനം, പൊതുഗതാഗതം, സ്കൂൾ ബസുകൾ, പിടിഎയുടെ സഹകരണത്തോടെയുള്ള വാഹന സൗകര്യം എന്നിവ ഉപയോഗിക്കാം. ആവശ്യമെങ്കിൽ ബസുകൾ വാടകയ്ക്ക് എടുക്കാം. സമ്പർക്ക വിലക്കുള്ള വിദ്യാർഥികളും രക്ഷിതാക്കളും പരീക്ഷയ്ക്കുശേഷം അതതു കേന്ദ്രങ്ങളിലേക്കു പോകണം.

ലക്ഷദ്വീപിൽനിന്നോ മറ്റു സംസ്ഥാനങ്ങളിൽനിന്നോ ഉള്ള സമ്പർക്ക വിലക്കുള്ള കുട്ടികളുടെ പട്ടിക സ്കൂൾ അധികൃതരെ അറിയിക്കണം. ഇവരെ പ്രത്യേക മുറികളിൽ ഇരുത്തി പരീക്ഷയെഴുതിക്കും. ആരോഗ്യവകുപ്പിൽനിന്ന് 2 ഫീൽഡ് ജീവനക്കാരെ സ്കൂളുകളിൽ നിയോഗിക്കും. സംസ്ഥാനത്തിനു പുറത്തുനിന്നുള്ള വിദ്യാർഥികൾക്കും, സമ്പർക്ക വിലക്കിൽ ഉള്ളവർക്കും, വിദ്യാർഥികളെയും രക്ഷിതാക്കളെയും ക്വാറന്റീൻ കേന്ദ്രത്തിൽ കൊണ്ടുപോകുന്നതിനും വരുന്നതിനും സാനിറ്റൈസ്ഡ് ഇടനാഴി ഉണ്ടായിരിക്കും. ക്വാന്റീനിൽ കഴിയുന്ന വിദ്യാർഥിക്കു പരീക്ഷയ്ക്കു വരാനുള്ള സൗകര്യം സ്കൂൾ–പിടിഎ ഒരുക്കണം. വാഹനങ്ങളിലെ ജീവനക്കാർ സർക്കാർ നിർദേശങ്ങൾ പാലിക്കണം.

ക്വാറന്റീനിൽ പ്രവേശിപ്പിക്കപ്പെട്ട മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികൾ ട്രിപ്പിൾ ലെയർ മാസ്ക് ധരിക്കണം. സാനിറ്റൈസർ ഉപയോഗിച്ചു കൈകൾ വൃത്തിയാക്കണം. സീറ്റുകളുടെ അകലം 1.5 മീറ്ററായിരിക്കും. ഉച്ചകഴിഞ്ഞ് പരീക്ഷ ഉണ്ടെങ്കിൽ ക്വാറന്റീൻ കേന്ദ്രത്തിൽനിന്നു ഭക്ഷണം കൊണ്ടുവരണം. കുടിവെള്ളത്തിനായി കപ്പുകൾ പങ്കിടരുത്. പരീക്ഷ നിരീക്ഷകർ ട്രിപ്പിൾ ലെയർ മാസ്കും കയ്യുറകളും ധരിക്കണം. പരീക്ഷ ഹാളിനു പുറത്ത് തെർമൽ സ്കാനിങ് ഉണ്ടായിരിക്കും.

പനി, ചുമ തുടങ്ങിയ രോഗലക്ഷണം ഉള്ളവരെ പ്രത്യേക മുറിക്കുള്ളിൽ ഇരുത്തി പരീക്ഷയെഴുതിക്കും. പേന, പെൻസിൽ തുടങ്ങിയവ പരസ്പരം കൈമാറാൻ അനുവദിക്കില്ല. പരീക്ഷയ്ക്കുശേഷം ഉത്തരകടലാസ് നിർദേശിക്കുന്ന പ്ലാസ്റ്റിക് കവറിൽ ഇടണം. രോഗലക്ഷണങ്ങളുള്ളവർക്കു പ്രത്യേകം ശുചിമുറി ഏർപ്പെടുത്തും. സമ്പർക്ക വിലക്കിലുള്ള കുട്ടികൾ പൊതുഗതാഗതം ഉപയോഗിക്കരുത്. ഉത്തരകടലാസ് ഒരുമിച്ച് ചേർത്ത് അയയ്ക്കരുതെന്നു സ്കൂളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

English Summary: SSLC, Higher Secondary Exam Starts on Tuesday