പീഡിപ്പിക്കപ്പെട്ടതായി സൂചനയെന്ന് ബന്ധുക്കൾ; അഞ്ജനയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
by സ്വന്തം ലേഖകൻഗോവയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നീലേശ്വരം സ്വദേശിനി അഞ്ജന ഹരീഷിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. നിരന്തരം പീഡനത്തിനിരയായതായി റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും അതിനാൽ മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു. താമസസ്ഥലത്തിനു പത്തുമീറ്റർ അകലെയാണ് പെൺകുട്ടിയെ കഴുത്തിൽ കയർ കുരുങ്ങി മരിച്ച നിലയിൽ കണ്ടത്.
മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കൂട്ടുകാർ തന്നെയാണ് അഞ്ജനയുടെ മരണത്തിനു പിന്നിലെന്നും അമ്മ മിനി പറഞ്ഞു. ഗോവയിലായിരുന്ന കാര്യം മരിക്കുന്നതിന് രണ്ടുദിവസം മുമ്പാണ് അറിഞ്ഞതെന്നും മിനി പറയുന്നു. തലശേരി ബ്രണ്ണൻ കോളജ് വിദ്യാർഥിനിയായിരുന്ന അഞ്ജനയെ മേയ് 13നാണ് ഗോവയിലെ ഒരു റിസോർട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കോളജ് വിദ്യാർഥിയായിരിക്കെ ഇടത് സംഘടനകളിലടക്കം സജീവ പ്രവർത്തകയായിരുന്ന അഞ്ജന ഏറെക്കാലമായി വീട്ടിൽ നിന്ന് അകന്ന് കഴിയുകയായിരുന്നു.
കോളജിലെ കൂട്ടുകാർ കാരണമാണ് വീട്ടിൽ നിന്ന് മകൾ അകന്നു കഴിയുന്നതെന്ന് കാണിച്ച് നാലു മാസം മുമ്പ് അഞ്ജനയുടെ കുടുംബം ഹൊസ്ദുർഗ് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് കോടതിയിലെത്തിയിരുന്നു. പിന്നീട് സ്വന്തം ഇഷ്ടപ്രകാരം അഞ്ജനയെ കൂട്ടുകാർക്കൊപ്പം അയക്കാൻ കോടതി തീരുമാനിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്നു കാണിച്ച് കുടുംബം കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് പരാതി നൽകിയിരുന്നു. ഡിവൈഎസ്പി ഇവരുടെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു.