മയ്യഴിയിൽ മദ്യഷാപ്പുകൾ തുറക്കാൻ നീക്കം: മദ്യ വില കുത്തനെ കൂട്ടിയേക്കും
by kvartha preകണ്ണൂർ: (www.kvartha.com 25.05.2020) ലോക് ഡൗണിൽ അടഞ്ഞുകിടക്കുന്ന മയ്യഴിയിലെ ബാറുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ പുതുച്ചേരി സർക്കാർ തുടങ്ങി. മദ്യത്തിന് കൊ വിഡ് നികുതിയായി 50 ശതമാനത്തിന് മേലെ നികുതി ചുമത്തുമെന്ന് സൂചനയുണ്ട്. ഇതിനായി വി നാരായണസ്വാമി സർക്കാർ അയച്ച ഫയൽ പരിശോധിച്ച് പുതുച്ചേരി ലഫ്.ഗവർണ്ണർ കിരൺ ബേദി അടുത്ത ദിവസം തന്നെ ഉത്തരവ് പുറപ്പെടുവിപ്പിച്ചേക്കും.
മാഹിയിൽ മദ്യശാലകൾ തുറക്കുന്നതിന് മുന്നോടിയായി മദ്യശാലകൾക്ക് മുന്നിൽ മാഹി പോലീസും എക്സൈസ് ഉദ്യോഗസ്ഥരും ഉപഭോക്താക്കൾ അകലം പാലിച്ച്നിൽക്കേണ്ട വൃത്തങ്ങൾ വരഞ്ഞു കഴിഞ്ഞു. 64 മദ്യശാലകളാണ് മാഹിയിൽ എഫ് എൽ – 1, എഫ്.എൽ.2 എന്നീ ഇനങ്ങളിലായി പ്രവർത്തിച്ചു വരുന്നത്. ഇതിൽ ചില്ലറ വില്പന ശാലകളിൽ മാത്രമായിരിക്കും മദ്യവില്പനയുണ്ടാവുക.
മാഹി സ്വദേശികളായവർക്ക് അവരുടെ ആധാർ കാര്ഡ് കാണിക്കുന്ന പ്രകാരമേ മദ്യം നൽകുകയുള്ളുവെന്ന് കഴിഞ്ഞ ദിവസം പുതുച്ചേരി സർക്കാർ അറിയിച്ചിരുന്നു. കൊ വിഡ് രോഗികൾ വർധിക്കുന്ന മയ്യഴിയിൽ സാമൂഹിക അകലം പാലിച്ചുകൊണ്ടെ മദ്യവിൽപന നടത്തുകയുള്ളു. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി സംസ്ഥാനത്ത് മാഹി, യാനം ഒഴികെയുള്ള പ്രദേശങ്ങളിൽ മദ്യശാലകൾ തിങ്കളാഴ്ച്ച മുതൽ തുറന്നു പ്രവർത്തിക്കുന്നുണ്ട്.
എന്നാൽ ബാറുകളുടെ പ്രവർത്തനത്തിന് അനുമതിയില്ല. കള്ള് ഷാപ്പും ചാരായക്കടകളും ഇന്ന് ഇതോടൊപ്പം തുറന്നിട്ടുണ്ട്. കള്ള്, ചാരായം എന്നിവയ്ക്ക് 20 ശതമാനം അധിക നികുതി ചുമത്തിയിട്ടുണ്ട്. പുതുച്ചേരിയിൽ മദ്യശാലകളിൽ 920 ബ്രാൻഡ് മദ്യങ്ങളാണ് വില്പനയിൽ ഉള്ളത്. പോപ്പുലർ ബ്രാൻഡുകളായ 184 ഇനങ്ങൾക്ക് തമിഴ്നാട് വിൽക്കുന്ന അതേ വിലയാക്കി നികുതി ചുമത്തിയിരിക്കുകയാണ്.
ബാക്കിയുള്ള ഇനങ്ങൾക്ക് 25 ശതമാനം അധിക നികുതിയും ചുമത്തിയതായി മന്ത്രി നമശിവായം അറിയിച്ചു. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനമായ തമിഴ്നാട്ടിൽ നിന്ന് ആളുകൾ കൂട്ടമായി മദ്യം വാങ്ങുവാൻ എത്തുന്നത് ഒഴിവാക്കുവാനാണ് മദ്യവില പോപ്പുലർ ബ്രാൻഡുകൾക്ക് തമിഴ്നാട്ടിലെ വിലയുമായി ഏകീകരിച്ചത്.
ഒരു ഉപഭോക്താവിന് നാലര ലിറ്റർ മദ്യമാണ് ഒരു തവണ ലഭിക്കുക. സംസ്ഥാന പോലീസ് സേനയിലെ സ്പെഷൽ ടീമിനാണ് മദ്യശാലകളിൽ എത്തുന്ന ഉപഭോക്താക്കളെ നിയന്ത്രിക്കുവാനുള്ള ചുമതല. മദ്യഷാപ്പുടമകൾ വിലവിവരപട്ടിക പ്രദർശിപ്പിക്കണം. ലോക്ക് ഡൗൺ കാലയളവിൽ മദ്യശാലകൾ അടച്ചിട്ടപ്പോൾ അനധികൃതമായി മദ്യവില്പന നടത്തിയ ഏതാനും മദ്യശാലകൾക്ക് തുറക്കുവാനുള്ള അനുമതി നൽകിയിട്ടില്ല.
Keywords: Move to open liquor stores in Mahe: liquor prices may go up, Kannur, News, Business, Liquor, Kerala.