റിമാന്‍ഡ് പ്രതികള്‍ക്ക് കോവിഡ്: മജിസ്‌ട്രേറ്റും ക്വാറന്റൈനില്‍ പോയി

by

പയ്യന്നൂര്‍: (www.kvartha.com 25.05.2020) കണ്ണപുരത്തും ചെറുപുഴയിലും റിമാന്‍ഡ് പ്രതികളായ രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പയ്യന്നൂര്‍ മജിസ്‌ട്രേറ്റ്, പൊലീസ് ഉദ്യോഗസ്ഥര്‍, ജയില്‍ ജീവനക്കാര്‍ എന്നിവര്‍ ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചു.

കണ്ണപുരം, ചെറുപുഴ പൊലീസ് അറസ്റ്റു ചെയ്ത് റിമാന്‍ഡിലാക്കിയ പ്രതികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാളുമായി പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ട ചെറുപുഴ പൊലീസ് സ്റ്റേഷനിലെ നാല് പൊലീസുകാര്‍ ക്വാറന്റൈനിലാണ്. പ്രതിയുടെ ഭാര്യയും മൂന്ന് മക്കളും, പ്രതിക്കു വേണ്ടി കോടതിയില്‍ ഹാജരായ ചെറുപുഴ സ്വദേശിയായ അഭിഭാഷകനും ക്വാറന്റൈനിലായി.

https://1.bp.blogspot.com/-vubwKWetkWg/Xsvys9MZIaI/AAAAAAAB1Ic/UxFrX56hGlU9Cv54q2tcYGEFhtrWRMlXgCLcBGAsYHQ/s1600/Corona.jpg

പ്രതിയെ കോടതിയില്‍ നിന്ന് ജയിലിലേക്ക് കൊണ്ടുപോയ പൊലീസുകാരിലൊരാള്‍ ഇതിനുശേഷം ചെറുപുഴ പൊലീസ് സ്റ്റേഷനില്‍ ജോലിക്ക് ഹാജരായിരുന്നു. കഴിഞ്ഞ 23-ന് വീട്ടില്‍ വെച്ച് കണ്ണപുരം പൊലീസ് അറസ്റ്റ് ചെയ്ത എടക്കേപ്പുറം സ്വദേശിയായ യുവാവിനാണ് തിങ്കളാഴ്ച രാവിലെ കോവിഡ് ബാധിച്ചതായുള്ള പരിശോധനാ റിപ്പോര്‍ട്ട് പുറത്തുവന്നത്.

ഇതോടെ ഇയാളെ കസ്റ്റഡിയിലെടുത്ത പൊലീസുകാരും സ്റ്റേഷനില്‍ ആ സമയത്തുണ്ടായിരുന്ന 26 പൊലീസുകാരും ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കുകയായിരുന്നു. ഇപ്പോള്‍ കണ്ണൂര്‍ ജയിലില്‍ കഴിയുന്ന ഇയാളെ സിംഗിള്‍ സെല്ലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഒരു വനിതാ പൊലീസിന്റെ പരാതിയിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത് .

പൊലീസുകാര്‍ ഭക്ഷണം കഴിക്കുന്ന ഹോട്ടല്‍ അടച്ചിടാനും നിര്‍ദേശമുണ്ട്. അതിനിടെ പയ്യന്നൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ 21-ന് കീഴടങ്ങിയ ആയുധ നിയന്ത്രണ നിയമപ്രകാരം കേസെടുത്ത് റിമാന്‍ഡ് ചെയ്ത യുവാവിനും കോവിഡ് ബാധിച്ചതായി പുതുതായി റിപ്പോര്‍ട്ട് വന്നത് കോടതി ജീവനക്കാരില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്.

പയ്യന്നൂര്‍ മജിസ്ട്രേറ്റിന്റെ താല്‍ക്കാലിക ചുമതല തളിപ്പറമ്പ് മജിസ്ട്രേറ്റിനും കണ്ണൂര്‍ ഒന്ന് മജിസ്ട്രേറ്റിന്റെ ചുമതല കണ്ണൂര്‍ രണ്ട് മജിസ്ട്രേറ്റിനും നല്‍കിയിരിക്കയാണ്. കോടതികളിലെ ജീവനക്കാരും പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ക്വാറന്റൈനിലേക്ക് പോകേണ്ട സ്ഥിതിയാണിപ്പോള്‍.

Keywords: Payyannur Magistrate quarantined , Payyannur, News, Remanded, Health, Health & Fitness, Police, Kerala.