https://www.deshabhimani.com/images/news/large/2020/05/untitled-2-869475.jpg

ഹൈക്കോടതി ഓൺലൈൻ ഫയലിങ്‌ പാളിയത് എൻഐസി വീഴ്‌ച; കേന്ദ്രവാദം തള്ളി ഐടി സെൽ

by

കൊച്ചി > ഹൈക്കോടതിയിലെ ഓൺലൈൻ ഫയലിങ്‌ സംവിധാനം തുടക്കത്തിലേ പാളിയത് എൻഐസിയുടെ സേർവ്വർ തകരാറിലായത് മൂലമാണന്ന് വ്യക്തമായതിനെത്തുടർന്ന് എൻഐസി വീണ്ടും പ്രതിക്കൂട്ടിൽ. തങ്ങളുടെ വീഴ്‌ച‌യല്ലെന്ന് കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൻഐസി വിശദീകരിക്കുമ്പോഴും എൻഐസിയുടെ സെർവ്വർ തകരാറാണ് കേസ് ഫയലിങ്‌ പാളിയതിനു പിന്നിലെന്ന് ഹൈക്കോടതി ഐടി സെൽ വിശദീകരിക്കുന്നു.

മധ്യവേനൽ അവധിക്കാലത്ത് ഹൈക്കോടതി ഐടി സെൽ വിഡിയോ കോൺഫറൻസിലൂടെ കേസ് പരിഗണിക്കുന്നതിന് സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഈ സംവിധാനം കുറ്റമറ്റ നിലയിൽ പ്രവർത്തിച്ചു. അവധി കഴിഞ്ഞ് കോടതി തുറന്നപ്പോൾ എൻഐസിയുടെ സെർവ്വർ ഉപയോഗിച്ചു. ഇത് തുടക്കത്തിലേ പാളുകയായിരുന്നു. ഓൺലൈനായി ഫയൽ ചെയ്‌ത കേസുകൾ പലതും പരിഗണിക്കാൻ കോടതിക്കു കഴിഞ്ഞില്ലെന്ന് മാത്രമല്ല വിഡിയോ കോൺഫറൻസുo സുഗമമായി നടന്നില്ല. എൻഐസിയുടെ സെർവ്വർ തകരാറിലായ ഉടൻ ഐടി സെൽ പകരം പുതിയ മെയിൽ ഐഡികൾ ഉണ്ടാക്കി തകരാറിലായ ഓൺലൈൻ സംവിധാനം രണ്ട് ദിവസത്തിനുള്ളിൽ പുനസ്ഥാപിക്കുകയായിരുന്നുവെന്ന് അധികൃതർ വിശദീകരിച്ചു.

എൻഐസി വികസിപ്പിച്ച മൊഡ്യൂൾ ആധുനിക സംവിധാനമല്ലെന്നും താരതമ്യം ചെയ്യുമ്പോൾ പിന്നോക്കം നിൽക്കുന്ന സംവിധാനമാണന്നും ഐടി സെൽ അധികൃതർ വ്യക്തമാക്കി. ഹൈക്കോടതിക്കു വേണ്ടി വിവര സാങ്കേതിക വകുപ്പ് സെക്രട്ടറിയുടെ അനുമതിയോടെ ഐടി സെൽ പുതിയ മൊഡ്യൂൾ വികസിപ്പിച്ചു കഴിഞ്ഞു. ഇത് കാലതാമസമില്ലാതെ പ്രയോഗത്തിൽ വരുത്തും. എൻഐസിയുടെ പിടിപ്പുകേടുകൊണ്ടാണ്ട് കേരള ഹൈക്കോടതി ഈ രംഗത്ത് മറ്റ് ഹൈക്കോടതികളെക്കാൾ പിന്നിലായതെന്നും എൻഐസിയുടെ സോഫ്റ്റ് വെയറും ആപ്പുകളൂം ആധുനികമല്ലെന്നും കേരള ഹൈക്കോടതി ഇക്കാര്യത്തിൽ പത്ത് വർഷമെങ്കിലും പിന്നിലാണെന്നും ഐടി സെൽ ചുമതലുള്ള ന്യായാധിപർ ദേശാഭിമാനിയോട് പ്രതികരിച്ചു. എന്നാൽ ഇമെയിൽ ഐഡികൾ തയ്യാറാക്കി നൽകിയതല്ലാതെ തങ്ങളുടെ സംവിധാനത്തിലല്ല കോടതി ഓൺലൈൻ ഫയലിങ്‌ വിഡിയോ കോൺഫറൻസ് വഴി ഹിയറിങും ഏർപ്പെടുത്തിയതെന്ന് എൻഐസിഅധികൃതരും അറിയിച്ചു.