രാജ്യത്തെ ഗ്രീന്‍, ഓറഞ്ച് സോണുകളിലെ സ്‌കൂളുകള്‍ തുറക്കാന്‍ ആലോചന; വിദ്യാര്‍ത്ഥികള്‍ 30%
ന്യൂഡല്‍ഹി: ജൂലൈയോടെ രാജ്യത്തെ ഗ്രീന്‍, ഓറഞ്ച് സോണുകളിലെ സ്‌കൂളുകള്‍ തുറക്കാന്‍ ആലോചനയുമായി കേന്ദ്ര സര്‍ക്കാര്‍. മുപ്പത് ശതമാനം ഹാജരോടെ ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്.
അതേസമയം, സ്‌കൂള്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുന്നതുവരെ എട്ടാം ക്ലാസുവരെയുള്ള വിദ്യാര്‍ഥികള്‍ വീടുകളില്‍ തുടരണമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
മുതിര്‍ന്ന ക്ലാസുകളിലെ കുട്ടികള്‍ക്കായിരിക്കും ആദ്യം ക്ലാസുകള്‍ ആരംഭിക്കുക. മറ്റ് ചെറിയ ക്ലാസിലെ കുട്ടികളെ വീട്ടില്‍ തന്നെ തുടരേണ്ടി വരും. വളരെ ചെറിയ കുട്ടികള്‍ക്ക് അവരുടെ തന്നെ സുരക്ഷായുള്ള പ്രവര്‍ത്തനങ്ങള്‍ പാലിക്കാന്‍ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് പ്രൈമറി ക്ലാസുകളിലെ വിദ്യാര്‍ഥികളെ വീട്ടില്‍ തന്നെ തുടരാന്‍ അനുവദിക്കുന്നത്.
കോവിഡുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പിന്തുടരാനും മറ്റുള്ളവരെ സഹായിക്കാനും അധ്യാപകരെ പരിശീലിപ്പിക്കേണ്ടതുണ്ട്, കൂടാതെ സ്‌കൂള്‍ അസംബ്ലിയടക്കമുള്ള കാര്യങ്ങള്‍ അനുവദിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്‌കൂളുകളില്‍ 30 ശതമാനം കുട്ടികളോടെ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് മന്ത്രി രമേശ് പോഖ്രിയാല്‍ പറഞ്ഞിരുന്നു. മെയ് 14-ന് ലോക്ക്ഡൗണ്‍ കാലത്തെ വിദ്യാഭ്യാസത്തെക്കുറിച്ച് അധ്യാപകരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.
ക്ലാസ്മുറികളില്‍ സാമൂഹിക അകലം പാലിക്കേണ്ടതുണ്ട്. അങ്ങനെയെങ്കില്‍ 30 ശതമാനം കുട്ടികളെ മാത്രമേ അനുവദിക്കാന്‍ കഴിയൂ. സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ശരിയായ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് പഠിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: schools will reopen in zone wise from july