കോവിഡ്- 19 വ്യാപനം ചൂണ്ടിക്കാട്ടി ഇന്ത്യയില്‍നിന്ന് സ്വന്തം പൗരന്മാരെ ഒഴിപ്പിക്കാനൊരുങ്ങി ചൈന
ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന ചൈനയില്‍ നിന്നുള്ള വിദ്യാര്‍ഥികളെയും വിനോദ സഞ്ചാരികളെയും വ്യവസായികളെയും പ്രത്യേക വിമാനത്തില്‍ ചൈനയില്‍ തിരിച്ചെത്തിക്കുമെന്ന് എംബസി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച നോട്ടീസില്‍ പറയുന്നു. ചൈനയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ മെയ് 27നകം രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ബെയ്ജിങ്: കൊറോണ വൈറസ് വ്യാപനത്തിനിടെ സ്വന്തം പൗരന്മാരെ ഇന്ത്യയില്‍നിന്ന് അടിയന്തരമായി ഒഴിപ്പിക്കാന്‍ ചൈനയുടെ നീക്കം.ന്യൂഡല്‍ഹിയിലെ ചൈനീസ് എംബസി ഇതുസംബന്ധിച്ച നോട്ടീസ് പുറത്തിറക്കി. ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന, ചൈനയില്‍നിന്നുള്ള വിദ്യാര്‍ഥികളെയും വിനോദ സഞ്ചാരികളെയും വ്യവസായികളെയും പ്രത്യേക വിമാനത്തില്‍ ചൈനയില്‍ തിരിച്ചെത്തിക്കുമെന്ന് എംബസി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച നോട്ടീസില്‍ പറയുന്നു. ചൈനയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ മെയ് 27നകം രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
യോഗ പരിശീലിക്കുന്നതിനായി ഇന്ത്യയിലെത്തിയവര്‍ക്കും തീര്‍ഥാടനത്തിന് എത്തിയ ബുദ്ധമത വിശ്വാസികള്‍ക്കും രാജ്യത്തേക്ക് തിരിച്ചെത്താം. എവിടെനിന്നാവും പ്രത്യേക വിമാനം പുറപ്പെടുകയെന്ന് എംബസിയുടെ നോട്ടീസില്‍ വ്യക്തമാക്കിയിട്ടില്ല. കോവിഡ് വ്യാപനത്തിന് പുറമെ ഇന്ത്യ - ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥയും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ചൈനയുടെ നീക്കം. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന ലഡാക്കിലെ ഇന്ത്യ - ചൈന അതിര്‍ത്തി കരസേനാ മേധാവി കഴിഞ്ഞ വെള്ളിയാഴ്ച സന്ദര്‍ശിച്ചിരുന്നു. മേയ് ആദ്യവാരം മുതല്‍ സിക്കിം അതിര്‍ത്തിക്ക് സമീപം ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
ചൈനയിലേക്ക് തിരിച്ചുപോകേണ്ടവരെല്ലാം വിമാനടിക്കറ്റിനുള്ള തുക സ്വന്തം നിലയില്‍ നല്‍കണമെന്ന് എംബസിയുടെ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചൈനയില്‍ എത്തിയശേഷം എല്ലാവരും 14 ദിവസം ക്വാറന്റീനില്‍ കഴിയണമെന്നും നിര്‍ദ്ദേശമുണ്ട്. കോവിഡ് 19 രോഗബാധ സംശയിക്കുന്നവരെയും കഴിഞ്ഞ 14 ദിവസത്തിനിടെ പനിയോ ചുമയോ അനുഭവപ്പെട്ടവരെയും പ്രത്യേക വിമാനത്തില്‍ കയറാന്‍ അനുവദിക്കില്ല.
കോവിഡ് 19 രോഗികളുമായി അടുത്ത് ഇടപഴകിയവരെയും ശരീരോഷ്മാവ് 37.3 ഡിഗ്രി സെന്റീഗ്രേഡിന് മുകളിലുള്ളവരെയും ചൈനയിലേക്ക് മടങ്ങാന്‍ അനുവദിക്കില്ല. രോഗവിവരങ്ങള്‍ യാതൊരു കാരണവശാലും മറച്ചുവെക്കരുത്. എന്തെങ്കിലും വിവരങ്ങള്‍ മറച്ചുവെക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും ചൈന സ്വന്തം രാജ്യത്തെ പൗരന്മാര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടുചെയ്തു.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ചൈനയിലെ ഹുബൈ പ്രവിശ്യയില്‍നിന്ന് ഇന്ത്യ 700 ലധികം പൗരന്മാരെ ഒഴിപ്പിച്ചിരുന്നു. ചൈനയില്‍ നിന്നുള്ള അനുമതി വൈകിയതിനാല്‍ അവിടെനിന്ന് ഇന്ത്യന്‍ പൗരന്മാരെ രണ്ടാംഘട്ടത്തില്‍ ഒഴിപ്പിക്കാനുള്ള നീക്കങ്ങള്‍ വൈകുകയും ചെയ്തിരുന്നു.
Content Highlights: China to evacuate citizens from india amid COVID 19 and border tensions