https://assets.doolnews.com/2020/05/india-and-china-399x227.jpg

ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ കൂടുന്നു; രാജ്യത്തുള്ള പൗരന്‍മാരെ തിരിച്ചു വിളിച്ച് ചൈന

by

ന്യൂദല്‍ഹി: ഇന്ത്യയിലുള്ള ചൈനീസ് പൗരന്‍മാരെ തിരിച്ചു വിളിച്ച് ചൈന. ഇന്ത്യയില്‍ കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് ചൈനയുടെ തീരുമാനം. തിരിച്ചു പോവാനായി പ്രത്യേക വിമാനം ഒരുക്കിയെന്ന് ന്യൂദല്‍ഹിയിലെ ചൈനീസ് എംബസി വെബ്‌സൈറ്റില്‍ വ്യക്തമാക്കി.

ഇന്ത്യയിലുള്ള ചൈനീസ് വിദ്യാര്‍ത്ഥികള്‍, ടൂറിസ്റ്റുകള്‍, ബിസിനസ്‌കാര്‍ തുടങ്ങിയവര്‍ക്കാണ് നാട്ടിലേക്ക് മടങ്ങാന്‍ അനുവാദം ലഭിച്ചിരിക്കുന്നത്.
മടങ്ങാനാഗ്രഹിക്കുന്നവര്‍ മെയ് 27 ന് രജിസ്റ്റര്‍ ചെയ്യാനാണ് എംബസി അറിയിച്ചിരിക്കുന്നത്.

കൊവിഡ് രോഗികളുമായി അടുത്തിടപഴകിയവര്‍ക്കും ശരീരതാപനില 37.3 ഡിഗ്രിയില്‍ കൂടുതലുള്ളവര്‍ക്കും ചൈനയിലേക്ക് മടങ്ങാന്‍ പറ്റില്ല.

മടങ്ങുന്നവര്‍ തങ്ങളുടെ മെഡിക്കല്‍ വിവരങ്ങള്‍ മറച്ചുവെക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. ടിക്കറ്റ് ചെലവ് യാത്രക്കാര്‍ തന്നെ വഹിക്കണം. ചൈനയിലെത്തിയാല്‍ 14 ദിവസം ക്വാറന്റീനിലും കഴിയണം.

ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് ചൈനയുടെ തീരുമാനം. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 6,977 കൊവിഡ് കേസുകളാണ്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 138,845 ആയി. 154 പേരാണ് ഞായറാഴ്ച മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,221 ആയി. 57,721 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക