എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ മാറ്റണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി
എല്ലാ മുന്‍കരുതലും പാലിക്കുമെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിച്ചുകൊണ്ടാണ് ഹര്‍ജി കോടതി തള്ളിയത്.
കൊച്ചി: എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷ മാറ്റിവെക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് പരീക്ഷ നടത്തണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. എല്ലാ മുന്‍കരുതലും പാലിക്കുമെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിച്ചു കൊണ്ടാണ് ഹര്‍ജി കോടതി തള്ളിയത്.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവശ്യമായ കാര്യങ്ങള്‍ നടപ്പാക്കാതെ പൂര്‍ണമായ അടച്ചിടലല്ല വേണ്ടതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പൊതുപരീക്ഷ എഴുതുന്ന 13 ലക്ഷത്തോളം വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും പരീക്ഷ മാറ്റിവെയ്ക്കണമെന്നും ആവശ്യപ്പെട്ട് തൊടുപുഴ സ്വദേശി പി.എസ്. അനിലാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
പരീക്ഷ നടത്തിയാല്‍ ലോക്ക്ഡൗണ്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ സാധിക്കില്ലെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന വാദം. പരീക്ഷ നടത്താന്‍ ഇളവനുവദിച്ച കേന്ദ്ര നടപടി നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. നാളെ മുതലാണ് എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷ പുനരാരംഭിക്കുന്നത്.
content highlights; sslc exam, plus two exam, highcourt, highcourt rejected the petition to extent exam