തകര്‍ന്നു വീണ പാക് വിമാനത്തിന്റെ പൈലറ്റ് മൂന്നു തവണ മുന്നറിയിപ്പ് അവഗണിച്ചതായി കണ്ടെത്തി
ഇസ്‌ലാമാബാദ്: കറാച്ചിയില്‍ വെള്ളിയാഴ്ച തകര്‍ന്നു വീണ പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പിഐഎ) വിമാനത്തിന്റെ പൈലറ്റ് എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാര്‍ നല്‍കിയ മുന്നറിയിപ്പുകള്‍ മൂന്നു തവണ അവഗണിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.
വിമാനം പറക്കുന്ന ഉയരവും വേഗവും ക്രമീകരിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പൈലറ്റ് ചെവിക്കൊണ്ടില്ല എന്നാണ് കണ്ടെത്തിയിട്ടുള്ളത്. 97 പേര്‍ മരിക്കാനിടയായ വിമാന ദുരന്തത്തിന് പിന്നില്‍ സാങ്കേതിക തകരാറാണോ പൈലറ്റിന്റെ പിഴവാണോ എന്ന സംശയം കഴിഞ്ഞ ദിവസംതന്നെ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് പൈലറ്റ് നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചിരുന്നുവെന്ന കണ്ടെത്തല്‍.
ലാഹോറിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് 15 നോട്ടിക്കല്‍ മൈല്‍ അടുത്തെത്തിയ വിമാനം 10,000 അടി ഉയരത്തിലാണ് പറന്നിരുന്നത്. കുറച്ചുകൂടി താഴ്ന്നു പറക്കണമെന്നും 7000 അടി ഉയരത്തില്‍ എത്തണമെന്നും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) മുന്നറിയിപ്പ് നല്‍കി. എന്നാല്‍, അത് സാരമില്ലെന്ന മറുപടിയാണ് പൈലറ്റ് നല്‍കിയതെന്ന് ജിയോ ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു.
വിമാനത്താവളത്തിന് പത്ത് നോട്ടിക്കല്‍ മൈല്‍ അടുത്തെത്തിയിട്ടും വിമാനം 7000 അടി ഉയരത്തിലാണ് പറന്നത്. 3000 അടി ഉയരത്തിലാണ് ഈ സമയത്ത് പറക്കേണ്ടത്. ഇതോടെ എടിസി രണ്ടാമത്തെ മുന്നറിയിപ്പ് നല്‍കുകയും താഴ്ന്നു പറക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍ വിമാനം ലാന്‍ഡ് ചെയ്യാന്‍ പോകുകയാണെന്നും എല്ലാം താന്‍ നോക്കിക്കോളാം എന്നുമുള്ള മറുപടിയാണ് പൈലറ്റില്‍നിന്ന് ലഭിച്ചതെന്നും ജിയോ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിനിടെ രണ്ട് മണിക്കൂര്‍ 34 മിനിട്ടുകള്‍കൂടി പറക്കാനുള്ള ഇന്ധനം വിമാനത്തില്‍ ഉണ്ടായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു മണിക്കൂര്‍ 33 മിനിട്ട് മാത്രമാണ് വിമാനം തകര്‍ന്നു വീഴുന്നതിന് മുമ്പ് തുടര്‍ച്ചയായി പറന്നത്. വിമാനം ലാന്‍ഡുചെയ്യാന്‍ പൈലറ്റ് ആദ്യം നടത്തിയ ശ്രമത്തിനിടെ എന്‍ജിന്‍ മൂന്നു തവണ റണ്‍വേയില്‍ ഉരഞ്ഞുവെന്നും കണ്ടെത്തിയിട്ടുണ്ടെന്ന് പാകിസ്താനിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉരസലിനിടെ എന്‍ജിനുള്ളിലെ ഓയില്‍ ടാങ്കിനും ഫ്യുവല്‍ പമ്പിനും തകരാറുണ്ടായി. ഇതേത്തുടര്‍ന്നാണ് വീണ്ടും പറന്നുയര്‍ന്ന വിമാനത്തിന് നിശ്ചിത ഉയരത്തില്‍ എത്താനും വേഗം കൈവരിക്കാനും കഴിയാതെവന്നത്.
ആദ്യ ശ്രമത്തില്‍ ലാന്‍ഡുചെയ്യാന്‍ കഴിയാതെ വന്നതിനെത്തുടര്‍ന്ന് വീണ്ടും പറന്നുയരാന്‍ പൈലറ്റ് സ്വയം തീരുമാനമെടുത്തു. പറന്നുയര്‍ന്ന ശേഷമാണ് ലാന്‍ഡിങ് ഗിയര്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന വിവരം എടിസിയെ അറിയിച്ചത്. ഇതോടെ 3000 അടി ഉയരത്തിലേക്ക് പറന്നുയരാന്‍ എടിസി പൈലറ്റിന് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ 1800 അടി ഉയരത്തില്‍ എത്താന്‍ മാത്രമെ വിമാനത്തിന് കഴിഞ്ഞുള്ളൂ. ഇതോടെ 3000 അടി ഉയരത്തിലെത്താന്‍ വീണ്ടും എടിസി നിര്‍ദ്ദേശം നല്‍കി. അതിന് ശ്രമിക്കുകയാണെന്ന മറുപടിയാണ് ഫസ്റ്റ് ഓഫീസര്‍ നല്‍കിയത്. എടിസി നിര്‍ദ്ദേശിച്ച ഉയരത്തില്‍ പറക്കാന്‍ സാധിക്കാതിരുന്നത് ആ സമയത്ത് എന്‍ജിന്‍ തകരാറിലായിരുന്നു എന്നതിന്റെ സൂചനയാണെന്ന് വിദഗ്ധര്‍ പറയുന്നു.
കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പാണ് വിമാനം തകര്‍ന്നു വീണത്. സംഭവത്തെപ്പറ്റി പാകിസ്താനിലെ എയര്‍ക്രാഫ്റ്റ് അക്‌സിഡന്റ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബോര്‍ഡ് മൂന്ന് മാസത്തിനകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
മാര്‍ച്ച് 21നാണ് വിമാനം അവസാനമായി പരിശോധനയ്ക്ക് വിധേയമാക്കിയതെന്ന് പിഐഎ എന്‍ജിനിയറിങ് വിഭാഗം പറയുന്നു. തകര്‍ന്നു വീഴുന്നതിന്റെ തലേദിവസം വിമാനം മസ്‌ക്കറ്റില്‍നിന്ന് ലാഹോറിലേക്ക് പറന്നിരുന്നു. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ അഞ്ച് പ്രധാന വിമാനത്താവളങ്ങളില്‍ നിന്നുള്ള പരിമിതമായ വിമാന സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിരുന്നത്. ദുരന്തത്തിനുശേഷം പിഐഎ ആഭ്യന്തര സര്‍വീസുകള്‍ നിര്‍ത്തിവച്ചു.
Content Highlights: PIA plane crash: Pilot ignored warning trice - Report