4 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി; 2 റിമാന്‍ഡ്‌ തടവുകാര്‍ക്കും കോവിഡ്

സംസ്ഥാനത്തെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 59 ആയി വര്‍ധിച്ചു.

https://www.mathrubhumi.com/polopoly_fs/1.4715900.1587963104!/image/image.jpeg_gen/derivatives/landscape_894_577/image.jpeg
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കണ്ണൂര്‍, പാലക്കാട് ജില്ലകളിലെ നാല് പ്രദേശങ്ങളെ കൂടി കോവിഡ് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയിലെ പിണറായി, പാലക്കാട് ജില്ലയിലെ പുതുശ്ശേരി, മലമ്പുഴ, ചാലിശ്ശേരി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 59 ആയി വര്‍ധിച്ചു. 

തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ കണ്ണൂര്‍ ജില്ലയിലെ റിമാന്‍ഡ്‌ തടവുകാരാണ്. സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗം പിടിപെട്ടത്. ഇവരടക്കം ആറ് പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തെ ഒരു ആരോഗ്യ പ്രവര്‍ത്തകനും പുതുതായി രോഗം പിടിപെട്ടു. 

ഇന്ന് രോഗം സ്ഥിരീകരിച്ച 49 പേരില്‍ 18 പേര്‍ വിദേശത്തുനിന്നും 25 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. വിദേശത്തുനിന്നും മറ്റുസംസ്ഥാനങ്ങളില്‍നിന്നും 97,247 പേരാണ് ഇതുവരെ കേരളത്തില്‍ തിരിച്ചെത്തിയത്. ഇതില്‍ വിമാനത്തിലൂടെ 8390 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 82,678 പേരും തീവണ്ടിയിലൂടെ 4558 പേരുമാണ് സംസ്ഥാനത്തേക്കെത്തിയത്.

content highlights: covid 19, corona virus, covid hotspot