വെട്ടുകിളി ആക്രമണത്തില്‍ യു.പിയും; ആക്രമണം നേരിടുന്ന മൂന്നാമത്തെ സംസ്ഥാനം

https://www.mathrubhumi.com/polopoly_fs/1.4494910.1580611676!/image/image.jpg_gen/derivatives/landscape_894_577/image.jpg
Representative Image. Getty Images

ന്യൂഡല്‍ഹി: രാജസ്ഥാനും മധ്യപ്രദേശിനും പിന്നാലെ വെട്ടുകിളി ആക്രമണത്തില്‍ ഭയന്ന് ഉത്തര്‍പ്രദേശും. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വെട്ടുകിളി ആക്രമണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യു.പി. സര്‍ക്കാര്‍ സംസ്ഥാന വ്യാപകമായി അലേര്‍ട്ട് പ്രഖ്യാപിച്ചു. 

സംസ്ഥാനത്തെ ആഗ്ര, അലിഗഢ്, ബുലന്ദ്ശഹര്‍, കാണ്‍പുര്‍, മഥുര എന്നി 17 ജില്ലകളില്‍ വെട്ടുകിളി ആക്രമണം ഉണ്ടായതായി അധികൃതര്‍ വ്യക്തമാക്കുന്നു. 2.5 മുതല്‍ 3 കിലോമീറ്റര്‍ വരെ ദൂരത്തില്‍ കൂട്ടമായി കറങ്ങുന്ന വെട്ടുകിളികള്‍ രാജ്യത്ത് പ്രവേശിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഇവ വലിപ്പത്തില്‍ ചെറുതാണ്.

 
വെട്ടുകിളികളെ തുരത്തുന്നതിനായി രാജസ്ഥാനിലെ കോട്ടയില്‍നിന്ന് ഒരു സംഘം എത്തിയിട്ടുണ്ട്.- അഗ്രികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കമല്‍ കത്യാര്‍ പറഞ്ഞു.

ഏപ്രില്‍ രണ്ടാം വാരത്തോടെയാണ് പാകിസ്താനില്‍നിന്നു വെട്ടുകിളി കൂട്ടം രാജസ്ഥാനിലേക്ക് എത്തിയത്. ഇവ രാജസ്ഥാനിലെ 18 ജില്ലകളിലെയും മധ്യപ്രദേശിലെ 12 ജില്ലകളിലേയും വിളകളെ നശിപ്പിക്കുകയുമായിരുന്നു. കഴിഞ്ഞ വര്‍ഷം ഗുജറാത്തിലെ ബനസ്‌കന്ത, പാടന്‍, കച്ച് എന്നീ മൂന്ന് അതിര്‍ത്തി ജില്ലകളിലെ കൃഷിയിടങ്ങളിലെ വിളകള്‍ മുഴുവന്‍ വെട്ടുകിളി ആക്രമണത്തില്‍ നശിച്ചിരുന്നു. 

അതേസമയം ആഗ്രയില്‍ വെട്ടുകിളി ആക്രമണത്തില്‍നിന്ന് വിളകളെ സംരക്ഷിക്കുന്നതിനായി കെമിക്കല്‍ സ്‌പ്രേകള്‍ ഘടിപ്പിച്ച 204 ട്രാക്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഝാന്‍സിയില്‍ വെട്ടുകിളികളുടെ അക്രമം തടയുന്നതിനായി രാസവസ്തുക്കളുമായി കരുതിയിരിക്കാന്‍ അഗ്നിശമനയോട് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.

വെട്ടുകിളികള്‍ പച്ച പുല്ലും പച്ചപ്പും ഉള്ള സ്ഥലങ്ങളിലേക്കാണ് സഞ്ചരിക്കുന്നത്.  അതിനാല്‍, അത്തരം സ്ഥലങ്ങളിലേക്കുള്ള സഞ്ചാരത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.- ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. 

രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയെ തന്നെ ബാധിക്കുന്ന തരത്തില്‍ സമീപകാലത്തെ ഏറ്റവും വലിയ വെട്ടുകിളി ആക്രമണമാണ് കഴിഞ്ഞ 27 വര്‍ഷത്തിനിടെ മധ്യപ്രദേശില്‍ ഉണ്ടായത്. ഉച്ചത്തില്‍ ശബ്ദമുണ്ടാക്കിയും പാത്രങ്ങള്‍, പെരുമ്പറ എന്നിവ മുഴക്കിയും ഇവയെ കൃഷിയിടങ്ങളില്‍നിന്ന് തുരത്താനാകുമെന്നും സംസ്ഥാനത്തെ കാര്‍ഷിക വകുപ്പ് പറയുന്നു.

രാത്രി ഏഴു മുതല്‍ ഒമ്പതു വരെയാണ് ഇവ വിശ്രമിക്കുക. ഈ സമയം ഉപയോഗിച്ച് ഇവയുടെ സഞ്ചാരഗതി അറിഞ്ഞിരിക്കണമെന്ന് കര്‍ഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

Content Highlights: Locust attacks threaten in UP crop damage in 17 UP districts