പുതുതായി 635 പേര്‍ക്ക് കോവിഡ്, ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം 14,053; ഗാസിയാബാദ് അതിര്‍ത്തി അടച്ചു

https://www.mathrubhumi.com/polopoly_fs/1.4782395.1590407890!/image/image.jpg_gen/derivatives/landscape_894_577/image.jpg
ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ.

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് 19 കേസുകളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തുന്ന സാഹചര്യത്തില്‍ ഉത്തര്‍ പ്രദേശ് അതിര്‍ത്തി അടച്ചു. ഡല്‍ഹിയുടെ സമീപ ജില്ലയായ ഗാസിയാബാദിലേയ്ക്കുള്ള അതിര്‍ത്തിയാണ് അടച്ചത്. ഡല്‍ഹിയില്‍ പുതിയതായി 635 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും രോഗബാധിതരുടെ എണ്ണം 14,053 ആയി ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.

മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ള അവശ്യ സര്‍വീസുകള്‍ക്കൊഴികെ ഡല്‍ഹിയിലേയ്ക്കും തിരിച്ചുമുള്ള ഗതാഗതം തടഞ്ഞിരിക്കുകയാണെന്ന് ഗാസിയാബാദ് ജില്ലാ ഭരണകൂടം അറിയിച്ചു. ഡല്‍ഹിയില്‍ ഇതുവരെ 276 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 

ഡല്‍ഹിയില്‍ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട സാഹചര്യം നിയന്ത്രണവിധേയമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. വരാനിരിക്കുന്ന ഏതു സാഹചര്യവും നേരിടാന്‍ തന്റെ സര്‍ക്കാര്‍ തയ്യാറെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാലാം ഘട്ട ലോക്ക്ഡൗണില്‍ ഡല്‍ഹി സര്‍ക്കാര്‍ അനുവദിച്ച ഇളവുകള്‍ മൂലം കോവിഡ് കേസുകളില്‍ അസാധാരണമായ വര്‍ധന ഉണ്ടായിട്ടില്ലെന്നും ഓണ്‍ലൈന്‍ വാര്‍ത്താ സമ്മേളനത്തില്‍ കെജ്‌രിവാള്‍ വ്യക്തമാക്കി.

നാലാം ഘട്ട ലോക്ക്ഡൗണ്‍ ആരംഭിച്ചതിനു ശേഷം 3,500-ഓളം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആകെയുണ്ടായ 13,418 രോഗബാധിതരില്‍ 6,540 പേര്‍ രോഗമുക്തി നേടി. രോഗബാധിതരില്‍ ഭൂരിപക്ഷവും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരോ നേരിയ രോഗലക്ഷണങ്ങള്‍ മാത്രം ഉള്ളവരോ ആണെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.

Content Highlights: Ghaziabad seals border with Delhi again amid rise in number of cases