നായയ്ക്ക് നേരേ വെടി, ഒരു വെടിയുണ്ട പെണ്‍കുട്ടിയുടെ കൈയില്‍; 55-കാരനെ ജനം തല്ലിക്കൊന്നു

https://www.mathrubhumi.com/polopoly_fs/1.546020.1506915208!/image/image.jpg_gen/derivatives/landscape_894_577/image.jpg

പാട്‌ന: വളര്‍ത്തുനായയ്ക്ക് നേരേയും നായയുടെ ഉടമസ്ഥന്റെ മകള്‍ക്ക് നേരെയും വെടിയുതിര്‍ത്ത 55 കാരനെ നാട്ടുകാര്‍ തല്ലിക്കൊന്നു. ബിഹാറിലെ ബെലാദി ഗ്രാമത്തിലെ ഗോപാല്‍ റാം എന്നയാളാണ് നാട്ടുകാരുടെ മര്‍ദനമേറ്റ് മരിച്ചത്. 

അയല്‍ക്കാരനായ വിനോദ് റാമിന്റെ വളര്‍ത്തുനായയ്ക്ക് നേരെയാണ് ഗോപാല്‍ റാം വെടിയുതിര്‍ത്തത്. നായയുടെ നിര്‍ത്താതെയുള്ള കുര ശല്യമായതോടെയായിരുന്നു വെടിയുതിര്‍ക്കാനുള്ള നീക്കം. ആദ്യ രണ്ട് വെടിയുണ്ടകള്‍ നായയുടെ ശരീരത്തില്‍ പതിച്ചെങ്കിലും കാര്യമായ പരിക്കേറ്റില്ല. ഇതിനുപിന്നാലെ ഗോപാല്‍ റാം മൂന്നാമതും വെടിയുതിര്‍ത്തു. പക്ഷേ, ഇത്തവണ ഉന്നംതെറ്റി വിനോദ് റാമിന്റെ മകളായ പത്തു വയസ്സുകാരി ഭൂമിക കുമാരിയുടെ കൈയിലാണ് വെടിയുണ്ട പതിച്ചത്. പെണ്‍കുട്ടിക്ക് സാരമായി പരിക്കേറ്റതോടെ വിനോദ് റാമും നാട്ടുകാരും ഗോപാല്‍ റാമിനെതിരെ തിരിഞ്ഞു. നാട്ടുകാര്‍ കൂട്ടമായെത്തി ഇയാളെ മര്‍ദിച്ചു. മര്‍ദനത്തിനൊടുവില്‍ 55-കാരനായ ഗോപാല്‍ റാം മരണപ്പെട്ടു. 

സംഭവത്തില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു. വളര്‍ത്തുനായയെയും മകളെയും വെടിവെച്ച് സംഭവത്തില്‍ വിനോദ് റാം നല്‍കിയ പരാതിയിലാണ് ആദ്യ കേസ്. ഗോപാല്‍ റാമിനെ മര്‍ദിച്ച് കൊലപ്പെടുത്തിയതിനും പോലീസ് കേസെടുത്തിട്ടുണ്ട്‌. അതേസമയം, കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയല്ല നാട്ടുകാര്‍ ഗോപാലിനെ മര്‍ദിച്ചതെന്ന് വിനോദ് റാം പറഞ്ഞു. 55 കാരനെ മര്‍ദിച്ചവരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു. 

Content Highlights: a man opens fire at barking dog beaten to death by villagers