ഒന്‍പത് പേരെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പിന്നില്‍ അവിഹിതബന്ധം

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/398334/murder.jpg

ഹൈദരാബാദ്: വാറങ്കലില്‍ ഒന്‍പത് കുടിയേറ്റ തൊഴിലാളികളുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവം കൂട്ടക്കൊലയെന്ന് പോലീസ്. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യസൂത്രധാരന്‍, ബീഹാര്‍ സ്വദേശി സഞ്ജയ് കുമാര്‍ ഝായെ പോലീസ് അറസ്റ്റ് ചെയ്തു. അവിഹിത ബന്ധം തകര്‍ന്നതിലെ വൈരാഗ്യമാണ് കൂട്ടക്കൊലയ്ക്ക് കാരണമെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. സഞ്ജയ് കുമാറിന്‍െ്‌റ കൂട്ടാളികളായി പ്രവര്‍ത്തിച്ച മൂന്ന് പേര്‍ കൂടി പിടിയിലായിട്ടുണ്ട്.

ബംഗാള്‍, ബീഹാര്‍, ത്രിപുര എന്നിവടങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാകളെയാണ് തെലങ്കാനയിലെ വാറങ്കലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കിണറ്റിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒരു കുടുംബത്തിലെ ആറ് പേര്‍ ഉള്‍പ്പെടെ ഒന്‍പത് പേരുടെ മൃതദേഹങ്ങള്‍ കിണറ്റില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.

മുഹമ്മദ് മഖ്‌സൂദ് ആലം എന്നയാളുടെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങളാണ് ആദ്യം കണ്ടെത്തിയത്. പിറ്റേന്ന് ഇതേ കുടുംബത്തിലെ രണ്ട് പേരുടെ കൂടി മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതോടൊപ്പം ബീഹാര്‍, ത്രിപുര സ്വദേശികളുടെ മൃതദേഹവും ഇവിടെ നിന്ന് കണ്ടെത്തി. വാറങ്കലിലെ ചണ ഫാക്ടറിയിലെ തൊഴിലാളിയായിരുന്ന ബംഗാള്‍ സ്വദേശി മഖ്‌സൂദ്, ഭാര്യ നിഷ, മകള്‍ ബുഷ്‌റ, 20, 18 വയസുള്ള ആണ്‍മക്കളായ ഷാബാസ്, സൊഹാലി, ബുഷറയുടെ മൂന്ന് വയസുള്ള മകന്‍ എന്നിവരാണ് മഖ്‌സൂഖിനൊപ്പം കൊല്ലപ്പെട്ട കുടുംബാംഗങ്ങള്‍.

ഭര്‍ത്താവുമായി പിരിഞ്ഞ് മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞിരുന്ന ബുഷ്‌റ സഞ്ജീവ് കുമാറുമായി അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അടുത്തിടെ ബന്ധം തകര്‍ന്നു. ഇതിന് പ്രതികാരമായാണ് സഞ്ജീവ് കൊലപാതകം ആസൂത്രണം ചെയ്തത്. തുടര്‍ന്ന് മഖ്‌സൂദിന്‍െ്‌റ കുടുംബവുമായി അടുത്ത ബീഹാര്‍ സ്വദേശികളായ ശ്രീറാംകുമാര്‍ ഷാ, ശ്യാംകുമാര്‍ ഷാ എന്നിവരെയും ത്രിപുര സ്വദേശി ഷക്കീലിനിനെയും കൊല്ലപ്പെടേണ്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി.

ബീഹാര്‍ സ്വദേശിയായ രണ്ട് സുഹൃത്തുക്കളുടെയും ഒരു പ്രദേശവാസിയുടെയും സഹായത്തോടെയാണ് സഞ്ജീവ് കൊലപാതകം നടത്തിയത്. മകന്‍െ്‌റ ജന്മദിനത്തോട് അനുബന്ധിച്ച് മഖ്‌സൂദ് വീട്ടില്‍ വിരുന്ന് നടത്തിയ ദിവസമാണ് പ്രതികള്‍ കൊലപാതകത്തിനായി തിരഞ്ഞെടുത്തത്. ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ മയക്കിയ ശേഷം എല്ലാവരെയും കിണറ്റില്‍ തള്ളുകയായിരുന്നെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഒന്‍പത് പേരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വാറങ്കലിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.