വന്ദേഭാരത്: സ്വന്തമായി ടിക്കറ്റ് എടുക്കാന്‍ കഴിയാത്ത ഇന്ത്യക്കാര്‍ക്ക് കോണ്‍സുലേറ്റ് ക്ഷേമനിധിയില്‍ നിന്നും സാഹായം
by ന്യൂസ് ഡെസ്ക്കൊച്ചി: വന്ദേ ഭാരതിന്റെ ഭാഗമായി നാട്ടില്‍ വരുന്നതിന് സ്വന്തമായി വിമാനടിക്കറ്റ് എടുക്കാന്‍ സാമ്പത്തികമായി കഴിവില്ലാത്ത എല്ലാ ഇന്ത്യക്കാര്‍ക്കും എംബസ്സി/കോണ്‍സുലേറ്റ് ക്ഷേമനിധിയില്‍ നിന്നും (ICWF) ടിക്കറ്റിനുള്ള സഹായം മതിയായ രേഖകളോടെ സമീപിച്ചാല്‍, ലഭിക്കുമെന്ന് കേന്ദ്രസര്‍ക്കാരിനുവേണ്ടി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ തിങ്കളാഴ്ച കേരള ഹൈക്കോടതിയില്‍ ജസ്റ്റിസ് അനു ശിവരാമന് ഉറപ്പ് നല്‍കി.
ടിക്കറ്റിനുള്ള അപേക്ഷയോടൊപ്പം പാസ്പോര്‍ട്ടും വിസയും സമര്‍പ്പിക്കണം. എന്തുകൊണ്ട് ടിക്കറ്റെടുക്കാനുള്ള സാമ്പത്തികശേഷി ഇല്ല എന്നതിനെക്കുറിച്ചുള്ള സ്വയം സാക്ഷ്യപ്പെടുത്തണം. അതാത് എംബസ്സി/കോണ്‍സുലേറ്റുകളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
പാവപ്പെട്ട ഇന്ത്യന്‍ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് ഗള്‍ഫ് രാജ്യങ്ങളിലെ എംബസ്സി ക്ഷേമനിധി (ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട്) ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാരിനും എംബസ്സികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും നിര്‍ദ്ദേശം നല്‍കണം എന്നാവശ്യപ്പെട്ടുകൊണ്ട് കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
വടകര പാലോളിത്താഴയില്‍ ജിഷ, തിരുവനന്തപുരം മടവൂര്‍ പുലിയൂര്‍ക്കോണത്ത് ഷീബ മന്‍സിലില്‍ ഷീബ, കോഴിക്കോട് ഒഞ്ചിയം പുലിക്കോട്ട് കുനിയില്‍ വീട്ടില്‍ മനീഷ, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോയ് കൈതാരത്ത് എന്നിവരായിരുന്നു ഹരജിക്കാര്‍.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം.
കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ദുരിതത്തിലാവുകയും നാട്ടില്‍ വരാന്‍ വിമാന ടിക്കറ്റ് എടുക്കാന്‍ കഴിവില്ലാത്തവരുമായ യു.എ.ഇയിലും സൗദി അറേബ്യയിലും ഖത്തറിലുമുള്ള തങ്ങളുടെ ഭര്‍ത്താക്കന്മാരെ നാട്ടിലെത്തിക്കുന്നതിന് എംബസ്സിയുടെ ക്ഷേമനിധിയില്‍ നിന്നും തുക അനുവദിക്കണമെന്നായിരുന്നു ആദ്യ മൂന്ന് ഹരജിക്കാരുടെ ആവശ്യം.
ഗള്‍ഫ് രാജ്യങ്ങളിലെ എംബസ്സികളിലുള്ള ക്ഷേമനിധികളിലെ നൂറു കോടിയില്‍പ്പരം രൂപ പ്രയോജനപ്പെടുത്തിക്കൊണ്ട് എല്ലാ പാവപ്പെട്ട ഇന്ത്യന്‍ തൊഴിലാളികളെയും നാട്ടിലെത്തിക്കണമെന്നായിരുന്നു നാലാം ഹരജിക്കാരനായ പൊതുപ്രവര്‍ത്തകന്‍ ജോയ് കൈതാരത്തിന്റെ ആവശ്യം.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അഡ്വ പി ചന്ദ്രശേഖരന്‍, അഡ്വ. ജോണ്‍ കെ ജോര്‍ജ്ജ്, അഡ്വ. ആര്‍ മുരളീധരന്‍ എന്നിവരാണ് ഹര്‍ജിക്കാര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായത്.
കേന്ദ്രസര്‍ക്കാരും, റിയാദിലെയും ദോഹയിലെയും ഇന്‍ഡ്യന്‍ എംബസ്സികളിലെ അംബാസ്സഡര്‍മാരും ദുബായിലെയും ജിദ്ദയിലെയും ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍മാരുമാണ് എതിര്‍ കക്ഷികള്‍.