https://img-mm.manoramaonline.com/content/dam/mm/mo/district-news/kollam/images/2020/5/9/kollam-snake-bite.jpg
പ്രതീകാത്മക ചിത്രം

വൃദ്ധദമ്പതികളെ കൊന്നത് പാമ്പിനെ കൊണ്ട് കടിപ്പിച്ച്?; തെളിവില്ല, പ്രതികള്‍ രക്ഷപ്പെട്ടു

by

നാഗ്പുര്‍ ∙ കൊല്ലത്ത് സൂരജ് എന്ന യുവാവ് സ്വന്തം ഭാര്യയെ കൊലപ്പെടുത്താന്‍ വിഷപ്പാമ്പിനെ ഉപയോഗിച്ചുവെന്ന വാര്‍ത്തയുടെ ഞെട്ടലിലാണു നാട്. ഏതാണ്ട് പത്തു വര്‍ഷം മുമ്പ് മാര്‍ച്ചില്‍ നാഗ്പുരിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. ഗണപത്‌റാവു (84), രണ്ടാം ഭാര്യ സരിതാബായ് (78) എന്നിവരെ മകന്‍ നിര്‍ഭയ് ഒരു പാമ്പ് പിടിത്തക്കാരന്റെ സഹായത്തോടെ പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊന്നു എന്നതായിരുന്നു കേസ്.

ഗണപത്‌റാവുവിന്റെ ലക്ഷങ്ങളുടെ സ്വത്ത് സ്വന്തമാക്കാന്‍ നിര്‍ഭയ് ആണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നു പൊലീസ് കണ്ടെത്തി. ഇയാള്‍ക്കു വേണ്ടി പാമ്പിനെ എത്തിച്ചയാളെയും പിടികൂടിയിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനു ശേഷം ശാസ്ത്രീയമായ തെളിവുകളുടെ അഭാവത്തില്‍ കോടതി പ്രതികളെ വെറുതേവിട്ടു. പാമ്പ് കടിയേറ്റാണ് ദമ്പതികള്‍ മരിച്ചതെന്നു ശാസ്ത്രീയമായി തെളിയിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കഴിഞ്ഞില്ലെന്നു കോടതി വിലയിരുത്തുകയായിരുന്നു.

വലിയ ഭൂസ്വത്തിന് ഉടമയായിരുന്ന ഗണപത്‌റാവുവും ഭാര്യയും പാമ്പുകടിയേറ്റു മരിച്ച സംഭവം സാധാരണ മരണമായാണ് പൊലീസ് ആദ്യം പരിഗണിച്ചത്. എന്നാല്‍ പിന്നീട് ബോധപൂര്‍വം ആരോ പാമ്പിനെക്കൊണ്ട് ഇവരെ കടിപ്പിച്ചതായിരിക്കാം എന്ന നിഗമനത്തിലേക്കെത്തി. തുടര്‍ന്ന് കൊലപാതകക്കുറ്റം ഉള്‍പ്പെടുത്തി കേസെടുത്തു. ഗണപത് റാവുവിന്റെ മകന്‍ നിര്‍ഭയിനെയായിരുന്നു പൊലീസിനു സംശയം. സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് ഇവരെ അപായപ്പെടുത്താന്‍ നിര്‍ഭയ് തീരുമാനിച്ചുവെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍.

വിശദമായ അന്വേഷണം പാമ്പ് പിടിത്തക്കാരനായ സന്ദീപ് ബെല്‍ഖെഡെയിലേക്കു പൊലീസിനെ എത്തിച്ചു. 2010 ഏപ്രില്‍ ആദ്യം സന്ദീപ് നാഗ്പുര്‍ റെയില്‍വേ പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. 41കാരനായ സന്ദീപ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ടുവന്ന് വൃദ്ധദമ്പതികളെ കടിപ്പിച്ചുവെന്നായിരുന്നു പൊലീസിന്റെ നിഗമനം. ഓട്ടോറിക്ഷ ഓടിച്ചിരുന്ന ഇയാള്‍ പണത്തിനു വേണ്ടിയാണ് പാമ്പിനെ എത്തിച്ചതെന്നും പൊലീസ് പറഞ്ഞു. ചെറുപ്രായം മുതല്‍ പാമ്പുകളെ പിടിച്ചിരുന്ന സന്ദീപ് 30,000ത്തോളം പാമ്പുകളെ കുടുക്കിയിട്ടുണ്ടെന്നാണു പൊലീസ് പറഞ്ഞത്. വൃദ്ധ ദമ്പതികളെ കടിപ്പിച്ച പാമ്പിനെ സന്ദീപ് കാട്ടിലേക്കു തുറന്നുവിട്ടുവെന്നും പൊലീസ് അറിയിച്ചു. കൊലപാതകമാണെന്നു പൊലീസിനു സംശയം തോന്നിയെന്ന് അറിഞ്ഞ് ഇയാള്‍ നാട്ടിലേക്കു മുങ്ങുകയായിരുന്നു.

ഗണപത് റാവുവിന്റെ ഏറ്റവും ഇളയമകനായ നിര്‍ഭയ അഞ്ചുലക്ഷം രൂപ സന്ദീപിനും കൂട്ടുപ്രതികളായ പ്രകാശ് ഇന്‍ഗോള്‍, കമല്‍ ബദേല്‍ എന്നിവര്‍ക്കും നല്‍കിയെന്നു പൊലീസ് കണ്ടെത്തി. പ്രകാശ് ആണ് സന്ദീപുമായി ബന്ധപ്പെട്ട് പാമ്പിനെ എത്തിച്ചത്. അന്വേഷണത്തിനൊടുവില്‍ നിര്‍ഭയ്, പ്രകാശ്, കമല്‍ ഇവര്‍ വാടകയ്‌ക്കെടുത്ത വാഹനത്തിന്റെ ഡ്രൈവറായ ആനന്ദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

എന്നാല്‍ ഒരു വര്‍ഷത്തിനു ശേഷം കേസ് കോടതിയിലെത്തിയതോടെ കാര്യങ്ങള്‍ മലക്കം മറിഞ്ഞു. മകന്‍ ഉള്‍പ്പെടെ എല്ലാ പ്രതികളെയും കോടതി വെറുതേവിട്ടു. പാമ്പ് കടിയേറ്റാണു ദമ്പതികള്‍ മരിച്ചതെന്ന പൊലീസിന്റെ വാദം രാസപരിശോധനയില്‍ തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നു കോടതി വിലയിരുത്തി. സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം നല്‍കിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ദമ്പതികളുടെ കൈത്തണ്ടയില്‍ കടിയേറ്റ പാടുള്ളതായി വ്യക്തമാക്കിയിരുന്നു.

തുടര്‍ന്നു രാസപരിശോധനാ വിദഗ്ധര്‍ക്കു കേസ് കൈമാറി. പാമ്പ് കടിച്ചുവെന്ന് ഫോറന്‍സിക് വിദഗ്ധര്‍ കണ്ടെത്തിയെങ്കിലും അതു മനഃപൂര്‍വം ആരെങ്കിലും ചെയ്യിച്ചതാണെന്ന് പൂര്‍ണമായി തെളിയിക്കാന്‍ കഴിഞ്ഞില്ല. ഫോറന്‍സിക് വിദഗ്ധര്‍ ഉറപ്പിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ തയാറാകാതിരുന്നതോടെ കോടതിയില്‍ പ്രോസിക്യൂഷന്‍ വാദത്തിനു ബലം കുറഞ്ഞു. സാഹചര്യ തെളിവുകള്‍ക്കൊപ്പം ശാസ്ത്രീയമായ തെളിവുകള്‍ ഹാജരാക്കാന്‍ പൊലീസിനു കഴിയാതെ വന്നതോടെ പ്രതികളെ കോടതി വെറുതേവിടുകയായിരുന്നു.

ഗണപത് റാവുവിന്റെ ഡ്രൈവര്‍ സുരേഷ് നായ്ക്കാണ് ആദ്യം മരണത്തെക്കുറിച്ചു പരാതി നല്‍കിയിരുന്നത്. എന്നാല്‍ വിചാരണയുടെ ഘട്ടത്തില്‍ ഇയാള്‍ കൂറുമാറി. വൃദ്ധദമ്പതികളെ കൊലപ്പെടുത്താന്‍ നിര്‍ഭയ് പദ്ധതിയിട്ടിരുന്നതായി അറിയാമായിരുന്നുവെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞിരുന്നത്. സുരേഷിനെ കൈകാര്യം ചെയ്തതില്‍ പൊലീസിനു വീഴ്ച പറ്റിയെന്നു ചില അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ഇയാളെ പ്രതിയാക്കിയിരുന്നെങ്കില്‍ മാപ്പുസാക്ഷിയാക്കാമായിരുന്നുവെന്നു പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.

പാമ്പ് കടിയെക്കുറിച്ചുള്ള വാദം തെളിയിക്കാന്‍ പൊലീസ്, വിദഗ്ധരുടെ അഭിപ്രായം തേടിയില്ലെന്നും പരാതി ഉയര്‍ന്നിരുന്നു. ഒരു പാമ്പ് പെട്ടെന്നു രണ്ടു പേരെ കടിക്കുമോ എന്നും, സംഭവത്തില്‍ രണ്ടു പാമ്പുകളെ ഉപയോഗിച്ചിരുന്നോ എന്നു പൊലീസ് കൃത്യമായി അന്വേഷിക്കേണ്ടിയിരുന്നുവെന്നും ഒരു പ്രോസിക്യൂട്ടര്‍ പറഞ്ഞു. ഏറെ നൂലാമാലകള്‍ നിറഞ്ഞ കേസായതുകൊണ്ടാണു പ്രതികള്‍ രക്ഷപ്പെട്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

2016-ല്‍ ആന്ധ്രയിലെ രാജമുന്ധ്രിയില്‍ ഭര്‍ത്താവ് ഭാര്യയെ പാമ്പിന്‍വിഷം കുത്തിവച്ചു കൊന്ന സംഭവവും അരങ്ങേറിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുഗള്‍ സാഹേബ് എന്നയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഹോമിയോ മരുന്നിനു വേണ്ടിയാണെന്നു പറഞ്ഞ് പാമ്പാട്ടിയില്‍നിന്നു പാമ്പിന്‍ വിഷം വാങ്ങി ഒരു നാട്ടുവൈദ്യനെക്കൊണ്ടു ഭാര്യക്കു കുത്തിവയ്ക്കുകയായിരുന്നു. വിഷം ഉള്ളില്‍ ചെന്നതോടെ ഭാര്യ അലറിക്കരഞ്ഞപ്പോഴാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അവിഹിതബന്ധത്തിനു ഭാര്യ തടസം നിന്നതോടെയാണു വിചിത്രമായ രീതിയില്‍ അവരെ ഒഴിവാക്കാന്‍ സാഹെബ് പാമ്പിന്‍വിഷം തിരഞ്ഞെടുത്തത്.

English Summary: Accused in Nagpur snake bite murder case acquitted