https://img-mm.manoramaonline.com/content/dam/mm/mo/global-malayali/gulf/images/2020/5/25/uae-exchange.jpg

യുഎഇ എക്സ്ചേഞ്ചിൽ പണം തിരിച്ചു നൽകിത്തുടങ്ങി; മലയാളികളടക്കം ആയിരക്കണക്കിന് പേർ കാത്തിരിക്കുന്നു

by

ദുബായ്∙സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് പ്രവർത്തനം നിലച്ച പണമിടപാടു സ്ഥാപനമായ യുഎഇ എക്സ്ചേഞ്ച് ഇടപാടുകാരുടെ പണം തിരിച്ചു കൊടുത്തു തുടങ്ങി. നേരത്തെ  പണം അയക്കുകയും എന്നാൽ നടപടികൾ പൂർത്തിയാക്കാൻ സാധിക്കാതെ വരികയും ചെയ്തവരുടെ പണമാണ് തിരിച്ചു കൊടുക്കുന്നത്. ഉപയോക്താക്കളുടെ താൽപര്യമനുസരിച്ച് നാട്ടിലെ അക്കൗണ്ടിലേയ്ക്ക് അയക്കുകയോ ഇവിടെ കൈമാറുകയോ ആണ് ചെയ്യുന്നത്. പലരും തങ്ങളുടെ പണം തിരിച്ചു കിട്ടുന്നതിനായി രണ്ടു മാസത്തോളമായി കാത്തിരിക്കുകയായിരുന്നു. ഫെബ്രുവരിയിലും മാർച്ച് ആദ്യവും സ്വീകരിച്ച 20,000 ദിർഹത്തിൽ കുറഞ്ഞ തുകകളാണ് ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്നത്.

ഇന്ത്യൻ വ്യവസായി ബി.ആർ.ഷെട്ടിയുടെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന യുഎഇ എക്സ്ചേഞ്ചിന്റെ മാതൃ കമ്പനിയായ ഫിൻബ്ലർ നിയമപ്രശ്നങ്ങളെ തുടർന്ന് മാർച്ച് 18ന് സെൻട്രൽ ബാങ്കിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രശ്നപരിഹാരത്തിനായി സെൻട്രൽ ബാങ്കിന്റെ നേതൃത്വത്തിൽ ശ്രമം നടക്കുന്നുണ്ട് എന്നാണ് വിവരം. എന്നാൽ, എക്സ്ചേഞ്ച് അധികൃതർ ഇതുവരെ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. ബി.ആർ.ഷെട്ടി ഇപ്പോള്‍ കർണാടക മംഗ്ലുരുവിലാണ് ഉള്ളത്.

മലയാളികളടക്കമുള്ള ജീവനക്കാർ കാത്തിരിക്കുന്നു

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള യുഎഇ എക്സ്ചേഞ്ച് കമ്പനിയിൽ മലയാളികളടക്കം 15,000ത്തോളം പേരാണ് ജോലി ചെയ്തിരുന്നത്. വനിതകളടക്കം ഏഴായിരത്തോളം മലയാളികളിൽ മിക്കവരും വിവിധ ശാഖകളിലായിരുന്നു. മാനേജർ തലത്തിലും ഒട്ടേറെ മലയാളികളുണ്ട്. അബുദാബി ജനറൽ ഹെ‍ഡ് ക്വാർട്ടേഴ്സിലെ 300 ജീവനക്കാരിൽ 200 പേരും മലയാളികളാണ്. ഇന്ത്യക്കാരെ കൂടാതെ, ഫിലിപ്പിൻസ്, ശ്രീലങ്ക തുടങ്ങി യുഎഇ സ്വദേശികൾ വരെ ജീവനക്കാരായുണ്ട്. ഇവരെല്ലാം മാർച്ച് പകുതി മുതൽ ജോലിയില്ലാതെ പ്രശ്നപരിഹാരം കാത്ത് വീട്ടിലിരിക്കുകയാണ്. 

എല്ലാവർക്കും പകുതി ശമ്പളമാണ് ഇപ്പോൾ ലഭിച്ചിരികൊണ്ടിരിക്കുന്നത്. ഏപ്രിൽ വരെയുള്ള ശമ്പളം ലഭിച്ചു. മേയിലെ ശമ്പളത്തെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ജീവനക്കാരിലൊരാൾ പറഞ്ഞു. കമ്പനി തുടരുകയാണെങ്കിൽ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചേക്കുമെന്ന ആശങ്കയും പലർക്കുമുണ്ട്. ഏതായാലും വൈകാതെ കാര്യങ്ങളിൽ തീരുമാനമുണ്ടാകുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ