എല്ലാത്തിനേയും മുറിയില്‍ പൂട്ടിയിട്ട് ബെല്‍റ്റിന് അടിക്കാന്‍ അറിയാം; ഛത്തീസ്ഗഡിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ഉേദ്യാഗസ്ഥരോട് തട്ടിക്കയറി കേന്ദ്രമന്ത്രി രേണുക സിംഗ്
റായ്പൂര്‍: ഛത്തീസ്ഗഡിലെ കൊവിഡ് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി രേണുകാ സിംഗ്. സര്‍ക്കാരിന്റെ കൊവിഡ് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ താമസിക്കുന്നവര്‍ക്ക് സൗകര്യങ്ങള്‍ ഇല്ലെന്ന പരാതിയെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിക്കാനെത്തിയതായിരുന്നു കേന്ദ്രമന്ത്രി. പറയുന്നത് ചെയ്യാനറിയില്ലെങ്കില്‍ എല്ലാത്തിനേയും മുറിയില്‍ പൂട്ടിയിട്ട് ബെല്‍റ്റിന് അടിക്കാന്‍ അറിയാമെന്നും മന്ത്രി പറഞ്ഞു.
ഞായറാഴ്ചയാണ് കേന്ദ്ര ആദിവാസി ക്ഷേമ സഹമന്ത്രി രേണുക സിംഗ് ഛത്തീസ്ഗഡിലെ ബല്‍റാംപുരില്‍ സന്ദര്‍ശനത്തിന് എത്തിയത്. ക്വാറന്റൈന്‍ സെന്ററില്‍ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയുള്ള വീഡിയോ ബല്‍റാം പൂര്‍ സ്വദേശിയായ ദിലീപ് ഗുപ്ത എന്നയാള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി സ്ഥലത്ത് സന്ദര്‍ശനത്തിന് എത്തിയത്.
'സര്‍ക്കാരിന് അധികാരമില്ലെന്ന് ആരും കരുതരുത്. കഴിഞ്ഞ 15 വര്‍ഷം ഞങ്ങള്‍ ഇവിടെ ഭരിച്ചു. കൊറോണ വൈറസിനെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യത്തിന് പണം നല്‍കുന്നുണ്ട്. ആവശ്യമുള്ളവര്‍ക്ക് അത് കിട്ടുന്നുണ്ടെന്ന് താന്‍ ഉറപ്പുവരുത്തും. ഇവിടെയുള്ള കാവിധരിച്ച ബി.ജെ.പി പ്രവര്‍ത്തകര്‍ ദുര്‍ബലരാണെന്ന് നിങ്ങള്‍ കരുതരുത്. എല്ലാറ്റിനേയും മുറിയില്‍ പൂട്ടിയിട്ട് പെബല്‍റ്റിന് അടിക്കാന്‍ അറിയാഞ്ഞിട്ടല്ല'-കേന്ദ്രമന്ത്രി ഉദ്യോഗസ്ഥരെ ശാസിച്ചു. ഈ വീഡിയോ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇവര്‍ ശാസിക്കുന്ന ഉദ്യോഗസ്ഥരെ വീഡിയോയില്‍ കാണുന്നുമില്ല.
അതേസമയം, ക്വാറന്റൈന്‍ കേന്ദ്രത്തിലെ ശോചനീയാവസ്ഥ ചിത്രീകരിച്ച വീഡിയോ നീക്കം ചെയ്യണമെന്ന് ജില്ലാ പഞ്ചായത്ത് അധികൃതരും തഹസീല്‍ദാറും ആവശ്യപ്പെട്ടതായി ദിലിപ് ഗുപ്ത ആരോപിച്ചു. തന്നെ മുടിയില്‍ പിടിച്ച് വലിക്കുകയും വീഡിയോ തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നും ദിലീപ് പറഞ്ഞു. ഡല്‍ഹിയില്‍ നിന്നും മടങ്ങിയെത്തിയ ശേഷം ക്വാറന്റൈനില്‍ കഴിയുകയാണ് ദിലിപ് ഗുപ്ത. സെന്ററില്‍ ലഭിക്കുന്ന ഭക്ഷണത്തിന്റെയും സൗകര്യത്തിന്റെയും ശോചനീയാവസ്ഥയാണ് ഇയാള്‍ തുറന്നുകാട്ടിയത്.