വിഷവാതക ചോര്‍ച്ച: എല്‍ജി പോളിമേഴ്സിന്റെ വസ്തുവകകള്‍ പിടിച്ചെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്
by kvartha deskഹൈദരാബാദ്: (www.kvartha.com 25.05.2020) വിശാഖപട്ടണത്ത് 12 പേരുടെ മരണത്തിന് കാരണമായ വാതകചോര്ച്ചയ്ക്കിടയാക്കിയ എല്‍ജി പോളിമേഴ്സ് കമ്പനിയുടെ വസ്തുവകകള്‍ പിടിച്ചെടുക്കാന്‍ ഉത്തരവ്. ആന്ധ്രാപ്രദേശ് ഹൈക്കോടതിയാണ് സര്‍ക്കാരിന് ഇതു സംബന്ധിച്ചു നിര്‍ദേശം നല്‍കിയത്. ദുരിതബാധിതര്‍ക്ക് നീതി ലഭ്യമാക്കുക, നിലവിലുള്ള സ്ഥലത്തുനിന്നു ഫാക്ടറി മാറ്റുക, കുറ്റവാളികള്‍ക്കെതിരേ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള പൊതുതാല്പര്യ ഹർജിള് പരിഗണിക്കവെയാണു ചീഫ് ജസ്റ്റിസ് ജെ കെ മഹേശ്വരി, ജസ്റ്റീസ് ലളിത കന്നേഗന്തി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം. കോടതിയുടെ ഉത്തരവില്ലാതെ കമ്പനി ഡയറക്ടര്‍മാരെ രാജ്യംവിടാന്‍ അനുവദിക്കരുതെന്നും നിര്‍ദേശിച്ചു.
വിഷയത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സമിതിയില്‍ അംഗങ്ങളല്ലാതെയുള്ളവര്‍ക്ക് പ്ലാന്റിലേക്കു പ്രവേശനം നിഷേധിച്ചിട്ടുമുണ്ട്. കേസില്‍ അന്വേഷണം നടക്കുന്നതിനിടെ കമ്പനിയിൽനിന്ന് സ്റ്റെറീന്‍ ഗ്യാസ് ദക്ഷിണ കൊറിയയിലേയ്ക്ക് കടത്തിയതിനെതിരേയും കോടതി വിമർശിച്ചു. കോടതിയുടെ അനുവാദമില്ലാതെ ഗ്യാസ് കൊണ്ടുപോകാന്‍ അനുവദിച്ചതിന് ആരാണ് ഉത്തരവാദിയെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. ഈ മാസം ഏഴിന് പുലര്‍ച്ചെയാണു വിശാഖപട്ടണത്ത് എല്‍ജി പോളിമര്‍ പ്ലാന്റില്‍ സ്റ്റെറീന്‍ എന്ന രാസവാതകം ചോര്‍ന്നത്. അപകടത്തില്‍ 12 പേർ മരിച്ചു.
Summary: Seize LG Polymers premises, orders Andhra High Court over gas leak