പിണറായി വിജയന്‍ തീര്‍ച്ചയായും കരുണാകരനെ ഓര്‍മ്മിപ്പിക്കുന്നുണ്ട് | വഴിപോക്കന്‍

അധികാരമാണ് കരുണാകരനെ നിര്‍വ്വചിച്ചതും നിര്‍ണ്ണയിച്ചതും. അധികാരം തന്നെയാണ് പിണറായിയെയും അടയാളപ്പെടുത്തുന്നത്.

by
https://www.mathrubhumi.com/polopoly_fs/1.4782273.1590399069!/image/image.jpg_gen/derivatives/landscape_894_577/image.jpg
പിണറായി വിജയന്‍, കെ. കരുണാകരന്‍

പിണറായി വിജയിനിലേക്കുള്ള ഒരു വാതില്‍ കെ. കരുണാകരനാണെന്നത് യാദൃശ്ചികമല്ല. വി.എസ്. അച്ച്യുതാനന്ദനും പിണറായിക്കുമിടയിലുള്ള രേഖകള്‍ മിക്കവാറും സമാന്തരമായി സഞ്ചരിക്കുന്നവയാണ്. പക്ഷേ, കരുണാകരനും പിണറായിക്കുമിടയില്‍ പല രേഖകളും എവിടെയൊക്കെയോ വെച്ച് കൂട്ടിമുട്ടുന്നുണ്ട്. 

അടിയന്തരാവസ്ഥയില്‍ കൊടിയ മര്‍ദ്ദനം നേരിട്ട സി.പി.എം. നേതാവാണ് പിണറായി. കരുണാകരനായിരുന്നു അന്ന് കേരളത്തിന്റെ ആഭ്യന്തരമന്ത്രി. കരുണാകരനെപ്പേലൊരാള്‍ ആഭ്യന്തരമന്ത്രിയാവുമ്പോള്‍ പോലീസിന്റെ തലവന്‍ എല്ലാ അര്‍ത്ഥത്തിലും ആഭ്യന്തര മന്ത്രിയായിരിക്കും. അതുകൊണ്ടുതന്നെ പിണറായിയെ തല്ലിച്ചതച്ചത് കരുണാകരന്റെ പോലീസാണെന്ന ആക്ഷേപം തള്ളിക്കളയേണ്ട കാര്യമില്ല. ഈ കരുണാകരന്റെ വിശ്വസ്ഥനായിരുന്ന രമണ്‍ ശ്രീവാസ്തവ എന്ന മുന്‍ ഡി.ജി.പിയാണ് ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പോലീസ് ഉപദേഷ്ടാവ്.

ഇടതുപക്ഷത്തിന് കേരളത്തില്‍ ഏറ്റവും അധികം തലവേദനയുണ്ടാക്കിയിട്ടുള്ള കോണ്‍ഗ്രസ് നേതാക്കളുടെ മുന്‍ നിരയിലാണ് കരുണാകരന്റെ സ്ഥാനം. പക്ഷേ, അറിഞ്ഞോ അറിയാതെയോ  പിണറായി വിജയനെ സ്വാധീനിച്ചിട്ടുള്ള ഒരു കോണ്‍ഗ്രസ് നേതാവുണ്ടെങ്കില്‍ അത് കരുണാകരനായിരിക്കും. വി.എസ്. മുഖ്യമന്ത്രിയായപ്പോള്‍ രമണ്‍ ശ്രിവാസ്തവ ഡി.ജി.പി. സ്ഥാനത്തുനിന്ന് തെറിക്കുമെന്ന് കരുതിയവരുണ്ടായിരുന്നു. പക്ഷേ, അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനും രമണ്‍ ശ്രിവാസ്തവ തുടരട്ടെ എന്ന അഭിപ്രായക്കാരായിരുന്നു. പിണറായിയുടെ ഒരു നിഴല്‍ എപ്പോഴും കോടിയേരിയുടെ മേലുണ്ട്. രമണ്‍ശ്രീവാസ്തവ പിണറായി വിജയന്റെ ഉപദേഷ്ടാവായി വരുന്നത് ശൂന്യതയില്‍നിന്നല്ല എന്നു വ്യക്തമാക്കാനാണ് ഈ പഴമ്പുരാണം ഇവിടെ വിളമ്പിയത്.

അധികാരമാണ് കരുണാകരനെ നിര്‍വ്വചിച്ചതും  നിര്‍ണ്ണയിച്ചതും. അധികാരം തന്നെയാണ് പിണറായിയെയും അടയാളപ്പെടുത്തുന്നത്. കോണ്‍ഗ്രസ് പോലൊരു പാര്‍ട്ടിയില്‍ ഒരു സംസ്ഥാന നേതാവിന് കൃത്യമായ പരിധികളും പരിമിതികളുമുണ്ട്. ഈ പരിധി ലംഘിച്ചവരെ ഒതുക്കിയും പുറത്താക്കിയുമാണ് ഇന്ദിര ഗാന്ധി കോണ്‍ഗ്രസിനെ കൈപ്പിടിയിലൊതുക്കിയത്. ഇന്ദിരയുടെ കാലശേഷം കോണ്‍ഗ്രസില്‍ നെഹ്രുകുടുംബത്തിന്റെ പിടി ഒന്നയഞ്ഞപ്പോഴാണ് വൈ.എസ്. രാജശേഖര റെഡ്ഡിയെപ്പോലൊരു പ്രാദേശിക നേതാവ് ഉടലെടുത്തത്. 

നെഹ്രുകുടുംബം മാറിനിന്ന ഒരു ഘട്ടത്തില്‍ കരുണാകരന്‍ കേരളത്തില്‍ മുഖ്യമന്ത്രിയായിരുന്നു(1991-95). പക്ഷേ, ചാണക്യ ബുദ്ധിയുള്ള നരസിംഹ റാവുവിന് മുന്നില്‍ കരുണാകരന് അടിക്കാന്‍ കഴിയുന്ന ഗോളുകള്‍ക്ക് ഒരു പരിധിയുണ്ടായിരുന്നു. പറഞ്ഞുവന്നത് ഇന്നിപ്പോള്‍ പാര്‍ട്ടിയിലും ഭരണകൂടത്തിലും ഒരു പോലെ പിണറായി വിജയന്‍ കൈവരിച്ചിട്ടുള്ള അധീശത്വം കരുണാകരന് ഒരുകാലത്തും അനുഭവിക്കാന്‍ കഴിഞ്ഞിരുന്നില്ല. എ.കെ. ആന്റണിയും ഉമ്മന്‍ ചാണ്ടിയും വയലാര്‍ രവിയുമടങ്ങുന്ന സുശക്തമായ ഒരു എതിര്‍ ടീം പാര്‍ട്ടിക്കുള്ളില്‍ കരുണാകരനെ നേരിടാനുണ്ടായിരുന്നു.

കരുണാകരനില്‍നിന്നു പിണറായി വ്യത്യസ്തനാകുന്നത് ഇവിടെയാണ്. സി.പി.എം. കേന്ദ്ര നേതൃത്വം ഇപ്പോള്‍ അതീവ ദുര്‍ബ്ബലമാണ്. പാര്‍ട്ടിക്കുള്ളില്‍ ഒരു കാലത്ത് ശക്തമായിരുന്ന ബംഗാള്‍ ലോബി ഇപ്പോള്‍ ഏറെക്കുറെ അതിജീവനത്തിനായുള്ള പെടാപ്പാടിലാണ്. ആകപ്പാടെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ സി.പി.എമ്മിന്റെ കൈയ്യില്‍ ഇപ്പോള്‍ കേരളം മാത്രമേയുള്ളു. അവിടെ പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിക്ക് ഒരു തരത്തിലുള്ള വെല്ലുവിളിയും ഉയര്‍ത്താന്‍ കഴിയുന്ന ഒരാളും ഇപ്പോള്‍ സി.പി.എമ്മിലില്ല. 

കഴിഞ്ഞ തൃശ്ശൂര്‍ സംസ്ഥാന സമ്മേളനത്തോടെയാണ് സി.പി.എം. പിണറായിയുടെ കയ്യിലൊതുങ്ങിയത്. അതിനു മുമ്പ് ആലപ്പുഴയില്‍ നടന്ന സമ്മേളനത്തില്‍ നിന്ന് വി.എസ്. ഇറങ്ങിപ്പോയത് പിണറായിക്ക് വലിയ തിരിച്ചടിയായിരുന്നു. പക്ഷേ, അതിനു ശേഷമിങ്ങോട്ട് പാര്‍ട്ടിയില്‍ വിഭാഗീയത എന്ന വൈറസിനെതിരെ കടുത്ത പോരാട്ടമാണ് പിണറായി നടത്തിയത്. തൃശ്ശൂരിലെ സമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി രണ്ടാം വട്ടം തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കോടിയേരി പറഞ്ഞത് പാര്‍ട്ടിക്ക് ഒരു സ്വരമേയുള്ളുവെന്നാണ്. ആ സ്വരം പിണറായി വിജയന്റേതായിരുന്നു. എല്ലാ അര്‍ത്ഥത്തിലും സി.പി.എം. കേരള ഘടകത്തിന്റെ  മുഖവും ശബ്ദവും പിണറായി വിജയനാവുകയായിരുന്നു.

ആശ്രിതവാത്സല്യമാണ് കരുണാകരനെയും പിണറായിയെയും ഒന്നിപ്പിക്കുന്ന ഘടകങ്ങളിലൊന്ന്. ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ട് കോടിയേരിക്ക് ദീര്‍ഘമായി അവധിയെടുക്കേണ്ടി വന്നപ്പോള്‍ പോലും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതല താല്‍ക്കാലികമായി മറ്റൊരാള്‍ക്ക് കൈമാറേണ്ടതില്ലെന്ന സി.പി.എം. സമീപനം ഈ പരിസരത്തിലാണ് വായിക്കേണ്ടത്. കേരള ഡി.ജി.പി. ലോക്നാഥ് ബെഹ്റ കേരളം കണ്ട കഴിവുറ്റ പോലീസ് മേധാവികളിലൊരാളാണെന്ന് കോടിയേരിക്ക് പോലും അഭിപ്രായമുണ്ടാവില്ല. 

പക്ഷേ, വിശ്വസ്തരെ ഒഴിവാക്കാന്‍ പിണറായി വിജയനാവില്ല. കണ്ണൂരില്‍ എസ്.പിയായ യതീഷ് ചന്ദ്ര ലോക്ക്ഡൗണിന്റെ പേരില്‍ ജനത്തിന്റെ മെക്കിട്ടു കയറുകയും ആളുകളെ ഏത്തമിടുവിക്കുയും ചെയ്തപ്പോള്‍ സാധാരണഗതിയില്‍ ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് അത് വെച്ചുപൊറുപ്പിക്കാന്‍ ആവുമായിരുന്നില്ല. പക്ഷേ, ശബരിമലയിലെ പ്രതിസന്ധിയില്‍ തന്നെ ഏറെ പിന്തുണച്ച ഓഫീസറായാണ് പിണറായി ചന്ദ്രയെ കാണുന്നത്. അതുകൊണ്ടുതന്നെ കണ്ണൂര്‍ ജില്ലാ കലക്ടറുമായി ഉടക്കിയിട്ടും യതീഷ് ചന്ദ്ര കണ്ണൂരില്‍ തുടരുകയാണ്.

വി.എസിനെ പിണറായിയില്‍നിന്നും കരുണാകരനില്‍നിന്നും വ്യത്യസ്തനാക്കുന്ന ഘടകങ്ങളിലൊന്നും ഇതാണ്. കൂടെ നില്‍ക്കുന്നവരെ സഹായിക്കാന്‍ വഴിവിട്ടുള്ള ഒരു കളിക്കും വി.എസ്. തയ്യാറല്ല. എ.കെ. ആന്റണിയോടാണ് ഇക്കാര്യത്തില്‍ വി.എസ്. അടുത്തുനില്‍ക്കുന്നത്. ക്ഷമയാണ് പിണറായിയുടെ വലിയൊരായുധം. 1996-നും 98-നുമിടയിലാണ് ഇതിനു മുമ്പ് പിണറായി അധികാരത്തിലുണ്ടായിരുന്നത്. അന്ന് വൈദ്യുതി  സഹകരണ വകുപ്പുകള്‍ കൈകാര്യം ചെയ്ത ശേഷം പിന്നെ പിണറായി ഭരണകൂടത്തിലേക്ക് തിരിച്ചുവരുന്നത് 2016-ല്‍ മുഖ്യമന്ത്രിയായാണ്. ക്ഷമ ആട്ടിന്‍ സൂപ്പിന്റെ ഫലം ചെയ്യുമെന്ന് ലാവ്ലിന്‍ കേസിന്റെ പശ്ചാത്തലത്തില്‍ പിണറായിക്ക് ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല.

ഭരണത്തില്‍ പിണറായി ആശ്രയിക്കുന്നത് പാര്‍ട്ടിയെയല്ല ഉദ്യോഗസ്ഥരെയാണ്. കരുണാകരനും പിണറായിയും തമ്മിലുള്ള മറ്റൊരു സമാനത ഇവിടെയാണ്. അടിയന്തരവാസ്ഥക്കാലത്തായാലും പിന്നീടായാലും പോലീസ് ഉദ്യോഗസ്ഥര്‍ കരുണാകരന്റെ ദൗര്‍ബ്ബല്യമായിരുന്നു. അലന്‍ -താഹ വിഷയത്തിലായാലും സ്പ്രിങ്ക്ളര്‍ ഇടപാടിലായിലും പാര്‍ട്ടിയുടെ നിലപാടല്ല ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങളാണ് പിണറായിയെ നയിക്കുന്നത്. പിണറായി കൈകാര്യം ചെയ്യുന്ന ആഭ്യന്തര -ഐ.ടി. വകുപ്പുകളില്‍ ഉദ്യോഗസ്ഥര്‍ക്ക് വലിയ സ്വാതന്ത്ര്യമുണ്ടെന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്.  

അധികാരത്തിന്റെ ഏറ്റവും ദൃശ്യമായ രൂപം പോലീസാണ്. പോലീസിന്റെ അകൈതവമായ കൂറാണ് കരുണാകരന്‍ ആവശ്യപ്പെട്ടിരുന്നത്. ശബരിമല വിഷയത്തില്‍ ഒരു സമയത്ത് പിണറായി ചൂടായത് ഈ കൂറ് പോലീസുകാരില്‍ നിന്നുണ്ടാവുന്നില്ല എന്ന് തോന്നിയപ്പോഴാണ്. ആര്‍.എസ്.എസ്. നേതാവ് വത്സന്‍ തില്ലങ്കരിയോട്  ശബരിമല സന്നിധാനത്തില്‍ പോലീസ് അയവു കാണിച്ചുവെന്ന ആക്ഷേപം പിണറായിയെ അസ്വസ്ഥനാക്കി. ഇക്കാര്യം പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പിണറായി തുറന്നടിക്കുകയും ചെയ്തു.

തുറന്നുപറച്ചിലാണ് പിണറായിയുടെ മറ്റൊരു ട്രെയ്ഡ് മാര്‍ക്ക്. മാദ്ധ്യമ പ്രവര്‍ത്തകരോട് കടക്കൂ പുറത്ത് എന്നു പറയുമ്പോഴും ടി.പി. ചന്ദ്രശേഖരനെ കുലം കുത്തി എന്നു വിളിക്കുമ്പോഴും മെത്രാനെ നികൃഷ്ടജീവി എന്ന് വിമര്‍ശിക്കുമ്പോഴും വിശുദ്ധരുടെ മുടിയായാലും മുടി ബോഡി വെയ്സ്റ്റാണെന്നും കത്തിച്ചാല്‍ കത്തുമെന്ന് പറയുമ്പോഴും  പിണറായി വ്യാപരിക്കുന്നത് ഈ തുറന്നുപറച്ചിലിലാണ്. 

എം.എ. ബേബിയുടെയും പിണറായിയുടെയും ഭാഷ കടലും കടലാടിയും പോലെയാവുന്നത് ഇവിടെയാണ്. കൊറോണയ്ക്കെതിരെയുള്ള പോരാട്ടം തീവ്ര മുതലാളിത്തത്തിനെതിരെയുള്ള പോരാട്ടമാണെന്ന് ബേബി പറയുമ്പോള്‍ അത് വ്യാപകമായി പരിഹസിക്കപ്പെടുന്നത് ബേബിയുടെ ഭാഷയില്‍ ഒരു കാപട്യമൊളിഞ്ഞിരിക്കുന്നുെണ്ടന്നതുകൊണ്ടാണ്. നവ മുതലാളിത്തവുമായി  പ്രാദേശിക തലത്തില്‍ പലപ്പോഴും സന്ധിചെയ്യുന്ന ഒരു രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമായിരിക്കെ ബേബി ഉയര്‍ത്തുന്ന നിലാപടിന് ആത്മാവില്ലാതെ പോവുന്നുവെന്നതു കൊണ്ടാണ് ട്രോളുകള്‍ നിര്‍ദ്ദയമാവുന്നത്. രാഷ്ട്രീയം ജീര്‍ണ്ണിക്കുമ്പോള്‍ ഭാഷയും കപടമാവുമെന്ന് ചൂണ്ടിക്കാട്ടിയത് ജോര്‍ജ് ഓര്‍വെല്‍ ആണ്.

നമ്മുടെ പല പുതിയ സിനിമകളും കഥകളും കവിതകളും ചിത്രങ്ങളും കപടമാവുന്നത് അവ ഉള്‍ക്കൊള്ളുന്നത് അല്ലെങ്കില്‍ മുന്നോട്ടുവെയ്ക്കുന്നത് വ്യാജലോകങ്ങളാണെന്നതുകൊണ്ടാണ്. കുമ്പളങ്ങി നൈറ്റ്സ്, ജെല്ലിക്കെട്ട് എന്നീ സിനിമകള്‍ നോക്കുക. കേരളത്തിലൊരിടത്തും കുമ്പളങ്ങി നൈറ്റ്സിലേതുപോലൊരു വീടുണ്ടാവില്ല. വാതിലുകളില്ലാത്ത, ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കയറിവരാവുന്ന, ഒരു സ്ത്രീയില്‍ പല പുരുഷന്മാര്‍ക്ക് പിറന്ന മക്കള്‍ ഒന്നിച്ചു താമസിക്കുന്ന വീട്. അങ്ങിനെയൊരു വീട് വ്യാജമാണ്. 

കശാപ്പുകാരന്‍ കൊണ്ടുവരുന്ന പോത്ത് രക്ഷപ്പെടുമ്പോള്‍ അതിനു പിന്നാലെ പായുന്ന ഒരു ഗ്രാമവും കേരളത്തിലില്ല. ഇത്തരം വ്യാജബിംബങ്ങള്‍ കലയിലുണ്ടാവുന്നത് സമൂഹവും രാഷ്ട്രീയവും ജീര്‍ണ്ണിക്കുമ്പോഴാണ്. 15 ലക്ഷം രൂപ അക്കൗണ്ടിലിട്ടു തരുമെന്ന് പറഞ്ഞിട്ട് അതൊരു തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നു വരുമ്പോള്‍, പൗരത്വ നിയമ ഭേദഗതി പൗര സമൂഹത്തെ ഒന്നിപ്പിക്കാനെന്നു പറയുമ്പോള്‍, 20 ലക്ഷം കോടി രൂപയുടെ ബ്രഹ്‌മാണ്ഡ പാക്കേജില്‍ സാധാരാണക്കാരില്‍ സാധാരണക്കാരായവര്‍ക്ക് യഥാര്‍ത്ഥത്തില്‍ കാര്യമായൊന്നുമില്ലെന്നു വരുമ്പോള്‍ ഒരു തരം വ്യാജ ലോക നിര്‍മ്മിതിയിലാണ് നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ ഏര്‍പ്പെടുന്നത്.

ഈ വ്യാജലോകത്തിന്റെ ഭാഷയല്ല പിണറായി ഉപയോഗിക്കുന്നത്. തീവ്ര മുതലാളിത്തത്തിനെതിരെയുള്ള പോരാട്ടമാണ് തന്റെ സര്‍ക്കാര്‍ നടത്തുന്നതെന്ന് പിണറായി പറയില്ല. ഐ.എം.എഫിന്റെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞയും നവ ഉദാരവത്കരണ സാമ്പത്തിക നയങ്ങള്‍ പിന്തുടരുകയും ചെയ്യുന്ന ഗീത ഗോപിനാഥിനെ പോലൊരാളെ തന്റെ സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവാക്കിയ പിണറായി വിജയന് ബേബിയുടെ ഭാഷ ഉപയോഗിക്കാനാവില്ല. 

സ്വയം സത്യസന്ധത പുലര്‍ത്തുന്നതുകൊണ്ടാണ് ബേബിയുടെ അവകാശവാദങ്ങള്‍ പിണറായി ഏറ്റെടുക്കാത്തത്. താന്‍  ഈ കയിലുകുത്താന്‍ തുടങ്ങിയിട്ട് കാലം കുറച്ചായെന്നാണ് ഇക്കഴിഞ്ഞ ദിവസം പിണറായി മാദ്ധ്യമപ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചത്. ആടയാഭരണങ്ങളില്ലാത്ത ഈ ഭാഷയാണ് പിണറായിയെ പിണറായിയാക്കുന്ന മറ്റൊരു ഘടകം.

ഒരു കാര്യം മനസ്സില്‍വെച്ച് മറ്റൊന്നു പുറത്തു പറയുന്ന രീതി പിണറായിക്കില്ല. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദിയെ ഇന്റര്‍വ്യു ചെയ്ത കരണ്‍ താപ്പര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ള ഒരു കാര്യമുണ്ട്. അഭിമുഖം തുടങ്ങി മൂന്നാം മിനിറ്റില്‍ മോദി സംഗതി അവസാനിപ്പിച്ചു. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ചോദ്യമാണ് ഇതിനു കാരണമായത്. പക്ഷേ, മോദി ഒരിക്കലും തന്നോട് കുപിതനാവുകയോ ദേഷ്യപ്പെടുകയോ ഉണ്ടായില്ലെന്ന് താപ്പര്‍ പറയുന്നു. 

അഭിമുഖം വേണ്ടെന്നുവെച്ചെങ്കിലും പിന്നീട് ഒരു മണിക്കൂറോളം മോദി സംഭാഷണം തുടര്‍ന്നെന്നും ചായയും പലഹാരങ്ങളും നല്‍കിയെന്നും ഒടുവില്‍ താനിനി ഡല്‍ഹിയില്‍ വരുമ്പോള്‍ കാണാമെന്നും ഒന്നിച്ച് ഭക്ഷണം കഴിക്കാമെന്നും പറഞ്ഞാണ് മോദി സംഭാഷണം അവസാനിപ്പിച്ചതെന്നും താപ്പര്‍ പറയുന്നു.  പക്ഷേ, പിന്നീടിന്നുവരെ മോദി താപ്പറെ കണ്ടിട്ടില്ല. മോദി മാത്രമല്ല, ഇപ്പോള്‍ മോദി മന്ത്രിസഭയിലെ ആരും തന്നെ താപ്പര്‍ വിളിച്ചാല്‍ അഭിമുഖത്തിന് വരാറുമില്ല.

പിണറായിക്ക് ഇതിനു കഴിയില്ല. കടക്കൂ പുറത്ത് എന്ന് പിണറായി പറയുന്നത് ഉള്ളിലുള്ള ക്ഷോഭം മറച്ചുവെയ്ക്കാന്‍ പറ്റാത്തതുകൊണ്ടാണ്. ഒരു മുഖ്യമന്ത്രി ഇങ്ങനെയാണോ പ്രതികരിക്കേണ്ടതെന്നത് മറ്റൊരു ചോദ്യമാണ്. പക്ഷേ, കാപട്യക്കാരന്‍ എന്നൊരാരോപണം കടുത്ത എതിരാളികള്‍ പോലും പിണറായിക്കെതിരെ ഉന്നയിക്കാനിടയില്ല.

പിണറായിക്ക് 75 വയസ്സായി. അദ്ദേഹത്തിന്റെ സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നു. എന്താണ് പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രി ബാക്കിവെയ്ക്കുന്നത്? കൊവിഡ് 19-നെതിരെയുള്ള പോരാട്ടമാണ് ഇന്നിപ്പോള്‍ പിണറായി സര്‍ക്കാരിന്റെ ബാക്കിപത്രം. വിമര്‍ശിക്കുമ്പോള്‍ ചില ആനുകൂല്യങ്ങള്‍ തീര്‍ച്ചയായും പിണറായി അര്‍ഹിക്കുന്നുണ്ട്. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളം നേരിട്ട മുഖ്യ പ്രതിസന്ധികളൊന്നും തന്നെ ഈ സര്‍ക്കാരിന്റെ സൃഷ്ടിയായിരുന്നില്ല. പ്രളയവും ശബരിമല വിഷയവും  ഇതാ ഇപ്പോള്‍ കൊറോണയും പിണറായി സര്‍ക്കാര്‍ കണ്ടുപിടിച്ചതോ കൊണ്ടുവന്നതോ അല്ല. 

കഴിഞ്ഞ രണ്ടു കൊല്ലങ്ങളില്‍ ഈ സര്‍ക്കാരിന്റെ കൂടുതല്‍ സമയവും അപഹരിച്ചത് ഈ പ്രതിസന്ധികളായിരുന്നു. പ്രളയവും ശബരിമല വിഷയവും പിണറായി സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയില്‍ പലര്‍ക്കും ശക്തമായ വിയോജിപ്പുകളുണ്ട്. കേരള ജനതയുടെ ഈ വിയോജിപ്പുകള്‍ ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയും ചെയ്തു. പക്ഷേ, കൊറോണയെ നേരിടുന്നതില്‍ പിണറായി സര്‍ക്കാര്‍ കാഴ്ചവെച്ച മികവില്‍ ആര്‍ക്കെങ്കിലും വിരുദ്ധാഭിപ്രായമുണ്ടാവുമെന്ന് തോന്നുന്നില്ല. വ

ര്‍ഷങ്ങളായി കേരളം കെട്ടിപ്പൊക്കിയ ആരോഗ്യപരിപാലന മേഖലയുടെ സുശക്തമായ അടിത്തറ ഈ പോരാട്ടത്തില്‍ നിര്‍ണ്ണായകമാണെങ്കിലും ഈ ഘട്ടത്തില്‍ പിണറായിയും ആരോഗ്യ മന്ത്രി കെ.കെ. ശൈലജയും നല്‍കുന്ന നേതൃത്വം സുപ്രധാനം തന്നെയാണ്. തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെ രമേശ് ചെന്നിത്തലയുടെ ഉറക്കം കെടുത്തുന്നത് പിണറായി സര്‍ക്കാരിന് മേല്‍ ഇപ്പോഴുള്ള ഈ തിളങ്ങുന്ന പ്രതിച്ഛായയാണ്.

പക്ഷേ, അതിനപ്പുറത്ത് ഈ സര്‍ക്കാരിന് കേരളത്തിനു മുന്നില്‍ എടുത്തുകാണിക്കാന്‍ വേറെ എന്താണുള്ളത് എന്നത് ഒരു ചോദ്യം തന്നെയാണ്. ഗെയ്ല്‍ പൈപ്പ് ലൈനിനായി ഭൂമി ഏറ്റെടുത്തതും ദേശീയപാത വികസനത്തിനായുള്ള പ്രവര്‍ത്തനവും ഒഴിച്ചു നിര്‍ത്തിയാല്‍ കേരളത്തിന്റെ ഭാവന പിടിച്ചെടുക്കാന്‍ കഴിയുന്ന പദ്ധതികളൊന്നും തന്നെ പിണറായി സര്‍ക്കാരിന് മുന്നോട്ടുവെയ്ക്കാനുണ്ടെന്നു തോന്നുന്നില്ല.  

ഭാവനാസമ്പന്നമായ ഒരു ടീമിന്റെ അഭാവം തീര്‍ച്ചയായും പിണറായി സര്‍ക്കാര്‍ നേരിടുന്നുണ്ട്. കൊവിഡ് 19-നെതിരെയുള്ള പോരാട്ടം തന്നെ കാലാവസ്ഥാ വ്യതിയാനം പോലുള്ള വലിയ പ്രതിസന്ധികളുടെ പരിസരത്തിലാണ്  മുന്നോട്ടു കൊണ്ടുപോവേണ്ടതെന്ന നിരീക്ഷണം പ്രസക്തമാണ്. ദീര്‍ഘവീക്ഷണവും ഭാവനയും ആവശ്യപ്പെടുന്ന അത്തരം നടപടികളൊന്നും തന്നെ ഈ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. കേരളത്തിന്റെ പരിസ്ഥിതിക്ക് വലിയ ഉപദ്രവം ചെയ്യുന്ന ക്വാറി ലോബിയെ നിയന്ത്രിക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ വിജയിച്ചെന്ന് പിണറായിയുടെ കടുത്ത ആരാധകര്‍ക്കും പറയാനാവില്ല.

പിണറായി നേരിടുന്ന മറ്റൊരു പ്രതിസന്ധി പാര്‍ട്ടിക്കുള്ളിലെ വിമര്‍ശത്തിന്റെ അഭാവമാണ്. പാര്‍ട്ടിക്കുള്ളില്‍ പിണറായിയുടെ നിയന്ത്രണം സമ്പൂര്‍ണ്ണമാണ്. ഒരു കോണില്‍നിന്നും ഒരെതിര്‍പ്പും പാര്‍ട്ടിയില്‍ പിണറായി നേരിടുന്നില്ല. ഇതു പക്ഷേ, ഒരേ സമയം കെണിയും ചതുപ്പുമാണ്. തെറ്റുകള്‍ തിരുത്തുന്നതിനുള്ള പരിസരം ഇല്ലാതാവുന്നു എന്നതാണ് ഇതിന്റെ അനന്തരഫലങ്ങളില്‍ മുഖ്യം. 

അലന്‍ - താഹ വിഷയത്തിലായാലും സ്പ്രിങ്ക്ളറിലായാലും കസ്റ്റഡി മരണങ്ങളിലായാലും വാളയാറിലെ കുരുന്നു പെണ്‍കുരുന്നുകളുടെ മരണത്തിലായാലും ഭരണകൂടത്തിന് സംഭവിച്ച വീഴ്ചകള്‍ ചൂണ്ടിക്കാട്ടുന്നതിനും തിരുത്തുന്നതിനുമുള്ള ആഭ്യന്തര സംവിധാനം ഇല്ലാതെ പോവുന്നുവെന്നത് പിണറായി തിരിച്ചറിയാതെ പോവരുത്. 

കാര്യങ്ങള്‍ അത്യധികം ക്ഷമയോടെ കേള്‍ക്കുന്ന നേതാവാണ് പിണറായി എന്നാണ് അദ്ദേഹവുമായി അടുത്ത് പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ പറയുന്നത്. ചെറിയ കാര്യങ്ങളില്‍ പിണറായിക്കുള്ള ശ്രദ്ധ ഈ കൊറോണക്കാലത്ത് കേരളം കാണുകയും ചെയ്തു. തെരുവ് പട്ടികളെപ്പോലും മറക്കാത്ത ശ്രദ്ധയാണത്. പക്ഷേ, വിമര്‍ശത്തോട് പിണറായിക്ക് ഇതേ സമീപനമല്ല എന്നും അടുപ്പക്കാര്‍ ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടി അനുഭാവിയായിരുന്നെങ്കിലും വിമര്‍ശകനായപ്പോള്‍ എം.എന്‍. വിജയന്‍ അനഭിമതനായി. അതേസമയം പാര്‍ട്ടിക്കാരനല്ലായിരുന്നിട്ടും പ്രശംസിക്കാന്‍ പിശുക്ക് കാണിക്കാതിരുന്ന സുകുമാര്‍ അഴീക്കോട് അഭിമതനാവുകയും ചെയ്തു എന്നത് മറക്കാനാവില്ല.

കൊവിഡ് 19-ന്റെ പ്രതിസന്ധി വാസ്തവത്തില്‍ മുറുകിക്കൊണ്ടിരിക്കുകയാണ്. രോഗവ്യാപനം കൂടുവാനുള്ള സാദ്ധ്യതകള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കെ പിണറായി സര്‍ക്കാരിനു മുന്നിലുള്ള വെല്ലുവിളികളും കൂടുകയാണ്. വിജയത്തിന്റെ തിളങ്ങുന്ന വലയം ഇപ്പോള്‍ പിണറായിക്ക് മേലുണ്ട്. പക്ഷേ, വരും നാളുകളില്‍ അത് നിലനിര്‍ത്തുക എളുപ്പമല്ല. എല്ലാ അര്‍ത്ഥത്തിലും പിണറായിക്ക് മുന്നിലുള്ളത് കടുപ്പമേറിയ ദിനങ്ങളാണ്. കാര്യങ്ങള്‍ കടുപ്പമാവുമ്പോള്‍ കടുപ്പമുള്ളവര്‍ മുന്നോട്ടുപോവുക തന്നെ ചെയ്യും എന്നൊരു ചൊല്ലുണ്ട്. 

ഒരു വര്‍ഷത്തിനപ്പുറത്ത് തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഇടതുപക്ഷത്തിന്റെ കപ്പല്‍ ഉലയാതെ മുന്നോട്ടു കൊണ്ടുപോവാന്‍ പിണറായിക്കാവുമെന്നതില്‍ തര്‍ക്കമില്ല. പക്ഷേ, വിജയത്തിന്റെ തീരത്തേക്കായിരിക്കുമോ ആ കപ്പല്‍ അടുക്കുക എന്നത് ഈ ഘട്ടത്തിലും പ്രവചനാതീതം തന്നെയാണ്. കേരളത്തിന്റെ മനസ്സില്‍ പിണറായിയുടെ ഇടമെന്താണെന്ന് ആത്യന്തികമായി തെളിയിക്കുക വരാനിരിക്കുന്ന തിരഞ്ഞെടുപ്പു തന്നെയായിരിക്കും.

വഴിയില്‍ കേട്ടത്: വികസനമില്ല, വികസന വാചകമടി മാത്രമേ കഴിഞ്ഞ നാലുവര്‍ഷം നടന്നിട്ടുള്ളുവെന്ന് രമേശ് ചെന്നിത്തല. ചെന്നിത്തല വാസ്തവത്തില്‍ പേടിക്കേണ്ടത് പിണറായിയെല്ല, സ്വന്തം പാര്‍ട്ടിയിലെ ദൃശ്യവും അദൃശ്യവുമായ പാരകളെയാണ്.

Content Highlights: Pinarayi Vijayan resemble K Karunakaran, It's Obvious | Vazhipokkan