9 പേരെയും കൊന്നത് ശീതളപാനിയത്തില്‍ വിഷം കലര്‍ത്തി, ആത്മഹത്യയാക്കാന്‍ കിണറ്റിലിട്ടു

https://www.mathrubhumi.com/polopoly_fs/1.4779557.1590225573!/image/image.jpg_gen/derivatives/landscape_894_577/image.jpg
Image for Representation 

ഹൈദരാബാദ്: വാറങ്കലില്‍ ഒമ്പത് പേരുടെ മൃതദേഹങ്ങള്‍ കിണറ്റില്‍നിന്ന് കണ്ടെത്തിയ സംഭവം കൂട്ടക്കൊലയെന്ന് പോലീസ്. സംഭവത്തില്‍ മുഖ്യപ്രതിയായ ബിഹാര്‍ സ്വദേശി സഞ്ജയ് കുമാറിനെയും സഹായികളായ മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തു.

പ്രതികളായ നാല് പേരും കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ചണമില്ലില്‍ നടന്ന ജന്മദിനാഘോഷത്തിനിടെ ശീതളപാനീയത്തില്‍ വിഷം കലര്‍ത്തി നല്‍കിയാണ് കൂട്ടക്കൊല നടത്തിയത്. ശേഷം നാലുപേരും ചേര്‍ന്ന് മൃതദേഹങ്ങള്‍ കിണറ്റില്‍ തള്ളുകയായിരുന്നു.  

ബംഗാള്‍ സ്വദേശികളായ മഖ്‌സൂദ് ആലം, ഭാര്യ നിഷ, മക്കളായ ഷഹബാസ്, സൊഹൈല്‍, ബുഷ്‌റ, ബുഷ്‌റയുടെ മൂന്നു വയസ്സുള്ള മകന്‍, കുടിയേറ്റ തൊഴിലാളികളായ ശ്രീറാം, ശ്യാം, ഷക്കീല്‍ എന്നിവരെയാണ് ദിവസങ്ങള്‍ക്ക് മുമ്പ് കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചണമില്ലിലെ തൊഴിലാളികളായ ഇവരില്‍ നാല് പേരുടെ മൃതദേഹങ്ങള്‍ വ്യാഴാഴ്ചയും ബാക്കി അഞ്ച് പേരുടേത് വെള്ളിയാഴ്ച രാവിലെയുമാണ് കിണറ്റില്‍നിന്ന് കണ്ടെടുത്തത്.

മുഖ്യപ്രതിയായ സഞ്ജയ് കുമാറും കൊല്ലപ്പെട്ടവര്‍ ജോലിചെയ്തിരുന്ന ചണമില്ലിലെ തൊഴിലാളിയാണ്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്ന ബുഷ്റയും സഞ്ജയ് കുമാറും അടുപ്പമുണ്ടായിരുന്നു. എന്നാല്‍ അടുത്തിടെ ഈ ബന്ധത്തില്‍നിന്ന് ബുഷ്റ പിന്മാറി. ഇതോടെ മഖ്സൂദിന്റെ കുടുംബത്തോടും അവരുമായി അടുപ്പം പുലര്‍ത്തിയിരുന്ന മൂന്ന് പേരോടും ഇയാള്‍ക്ക് പകയായി.

കൂട്ടക്കൊലയില്‍ സഞ്ജയ് കുമാറിനെ സഹായിച്ച രണ്ട് ബിഹാര്‍ സ്വദേശികള്‍ക്കും പ്രദേശവാസിയായ യുവാവിനും മഖ്സൂദിന്റെ കുടുംബത്തോടും മറ്റു മൂന്ന് പേരോടും നേരത്തെ വിരോധമുണ്ടായിരുന്നു. ഇത് മുതലെടുത്താണ് ഇവരുടെ സഹായത്തോടെ സഞ്ജയ് കുമാര്‍ കൂട്ടക്കൊല ആസൂത്രണം ചെയ്തത്. ബുഷ്റയുടെ മകന്റെ ജന്മദിനാഘോഷത്തിനിടെ ശീതളപാനീയത്തില്‍ വിഷം കലര്‍ത്തിയാണ് ഒമ്പത് പേരെയും ഇവര്‍ കൊലപ്പെടുത്തിയത്.

20 വര്‍ഷം മുമ്പാണ് മഖ്‌സൂദും കുടുംബവും വാറങ്കലില്‍ എത്തിയത്. ഗൊറേക്കുണ്ടയിലെ ഒരു ചണമില്‍ ഫാക്ടറിയിലാണ് കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇവര്‍ ജോലിചെയ്തിരുന്നത്. മരിച്ച ബാക്കിയുള്ളവരും ഇതേ ഫാക്ടറിയിലെ ജോലിക്കാരാണ്. കരീംബാദില്‍ വാടകയ്ക്ക് താമസിച്ചിരുന്ന മഖ്‌സൂദും കുടുംബവും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഫാക്ടറിയില്‍ കുടുങ്ങിപ്പോവുകയായിരുന്നു.

തുടര്‍ന്ന് ഉടമയുടെ അനുവാദത്തോടെ ഫാക്ടറിയില്‍ തന്നെ താമസം തുടര്‍ന്നു. തൊഴിലാളികളായ ബാക്കി മൂന്ന് പേരും ഇതേ ഫാക്ടറിയിലുണ്ടായിരുന്നു. അതേസമയം, കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ ഇതുവരെ ആരും വരാത്തതിനാല്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്തില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനാണ് തീരുമാനം.

Content Highlights: nine found dead in a well in warangal; police says it is a massacre and arrested accused