തൊഴില്‍ നിയമങ്ങളില്‍ വ്യക്തത വരുത്തണമെന്ന് പ്രധാനമന്ത്രിയോട് അന്താരാഷ്ട്ര തൊഴിലാളി സംഘടന

https://www.mathrubhumi.com/polopoly_fs/1.840004.1454434425!/image/image.jpg_gen/derivatives/landscape_894_577/image.jpg

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന തൊഴില്‍ നിയമങ്ങളില്‍ വരുത്തിയ ഇളവില്‍ ആശങ്ക പ്രകടിപ്പിച്ച് അന്താരാഷ്ട്ര തൊഴിലാളി സംഘടന. രാജ്യത്തിന്റെ അന്തര്‍ദ്ദേശീയ പ്രതിബദ്ധതകളെ ഉയര്‍ത്തിപ്പിടിക്കുന്നതിനും തൊഴില്‍ നിയമങ്ങള്‍ സുഗമമാക്കുന്നതിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വ്യക്തമായ സന്ദേശം അയക്കണമെന്ന് അന്താരാഷട്ര തൊഴിലാളി സംഘടന പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.

ഐ.എന്‍.ടി.യു.സി., എ.ഐ.ടി.യു.സി., എച്ച്.എം.എസ്, സി.ഐ.ടി.യു., ടി.യു.സി.സി., എസ്.ഇ.ഡ്ബ്ല്യൂ.എ., എ .ഐ.സി.സി.ടി.യു., എല്‍.പി.എഫ്, യു.ടി.യു .സി എന്നീ പത്ത് തൊഴിലാളി സംഘടനകള്‍ മെയ് 14-ന് അന്താരാഷ്ട്ര തൊഴിലാളി സംഘടനയെ സമീപിക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ അന്താരാഷട്ര തൊഴിലാളി സംഘടന ഡയറക്ടര്‍ ജനറല്‍ കടുത്ത ആശങ്ക രേഖപ്പെടുത്തുകയും തൊഴിലാളി നിയമങ്ങളെ സംബന്ധിച്ച് വ്യക്തമായ ധാരണ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. 

കോവിഡിന് പിന്നാലെ ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ജോലി സമയം എട്ട് മണിക്കൂറില്‍ നിന്നും 12 മണിക്കൂറായി വര്‍ധിപ്പിച്ചിരുന്നു. കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തെ എല്ലാ ജനങ്ങളും ഐക്യത്തോടെ പെരുമാറേണ്ട നിര്‍ണായക സമയത്ത് തൊഴിലാളികള്‍ക്കെതിരായി നടക്കുന്ന നഗ്നമായ ക്രൂരത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എട്ട് പ്രതിപക്ഷ നേതാക്കള്‍ ഇത് സംബന്ധിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തെഴുതി. 

മൂന്ന് വര്‍ഷക്കാലത്തേക്ക് തൊഴില്‍ നിയമങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ നടത്തിയ ഇളവുകളെ കേന്ദ്രം പിന്തുണക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. തൊഴിലാളികളെ അവരുടെ സൗകര്യാര്‍ഥം ജോലി ചെയ്യുന്നതിനും ശാക്തീകരിക്കുന്നതിനും വേണ്ടിയാണ് ഇളവുകളെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ ഇത് തൊഴിലാളികളുടെ അവകാശങ്ങളെ ചോദ്യം ചെയ്യുന്നതിനും തൊഴില്‍ സുരക്ഷിതത്വവും ആരോഗ്യവും ഇല്ലാതാക്കുന്നതാണെന്നും തൊഴിലാളി സംഘടനകള്‍ ആരോപിക്കുന്നു. 

ചില സംസ്ഥാനങ്ങളില്‍ തൊഴില്‍ സമയം വര്‍ധിപ്പിച്ചത് കടുത്ത മനുഷ്യാവകാശ ലംഘനവും തൊഴിലാളികളുടെ അവകാശ ലംഘനവുമാണ്. എട്ട് മണിക്കൂര്‍ ജോലി എന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ ലംഘനവുമാണ് സംസ്ഥാനങ്ങള്‍ നടത്തിയിരിക്കുന്നത്. അത്യന്തം അപകടകരവും അനിശ്ചിതത്വത്തിലുമായിരിക്കുന്ന ഇന്ത്യയിലെ തൊഴിലാളി വര്‍ഗത്തിന്റെ വിഷയത്തില്‍ അടിയന്തിരമായി ആവശ്യപ്പെടണമെന്നുമാണ് തൊഴിലാളി സംഘടനകളുടെ ആവശ്യം. 
Content Highlights: send clear message on labour laws says ILO to PM