കുഞ്ഞ് ഇനി ഉത്രയുടെ മാതാപിതാക്കള്‍ക്കൊപ്പം; സൂരജിന്റെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്യും
കൊല്ലം: അഞ്ചലില്‍ കൊല്ലപ്പെട്ട ഉത്രയുടെ കുഞ്ഞിനെ ഉത്രയുടെ കുടുംബത്തിന് കൈമാറും. വനിത കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ കുഞ്ഞിനെ തിങ്കളാഴ്ച തന്നെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറും.
ഉത്ര-സൂരജ് ദമ്പതിമാരുടെ 13 മാസം പ്രായമുള്ള കുഞ്ഞ് നിലവില്‍ സൂരജിന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിയുന്നത്. നേരത്തെ സൂരജും കുടുംബവും ആവശ്യപ്പെട്ടതനുസരിച്ചാണ് കുഞ്ഞിനെ അച്ഛന്റെ കുടുംബത്തിന് നല്‍കിയത്.
അതിനിടെ, അറസ്റ്റിലായ സൂരജിനെയും പാമ്പ് പിടിത്തക്കാരന്‍ സുരേഷിനെയും തിങ്കളാഴ്ച വൈകീട്ടോടെ കോടതിയില്‍ ഹാജരാക്കും. രാവിലെ സൂരജിനെ ഉത്രയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാര്‍ ഉത്രയുടെ കുടുംബവീടിന് സമീപത്ത് നിന്ന് പോലീസ് കണ്ടെടുക്കുകയും ചെയ്തു.
കേസില്‍ സൂരജിന്റെ മാതാപിതാക്കളെയും സഹോദരിയെയും അന്വേഷണ സംഘം ചോദ്യംചെയ്‌തേക്കുമെന്നും സൂചനയുണ്ട്. നേരത്തെ സൂരജിന്റെ കുടുംബത്തിനെതിരേയും ഉത്രയുടെ മാതാപിതാക്കള്‍ പരാതി ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സൂരജിന്റെ കുടുംബാംഗങ്ങളെയും പോലീസ് ചോദ്യംചെയ്യുന്നത്.
Content Highlights: uthra snake bite murder case; cwc will hand over the child to uthra's parents