സിനിമാസെറ്റ് പൊളിച്ച സംഭവം; പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചുവെന്ന് ആലുവ പോലീസ്
നിര്‍മ്മാതാക്കളുടെ അസോസിയേഷനും ഫെഫ്കയും ഇതു സംബന്ധിച്ച പരാതി ആലുവ റൂറല്‍ എസ് പിയ്ക്ക് കൈമാറുകയായിരുന്നു.
കൊച്ചി: സിനിമാസെറ്റ് പൊളിച്ചതുമായി ബന്ധപ്പെട്ട് പ്രത്യേക സംഘം അന്വേഷണം നടത്തും. സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ അടക്കമുളളവ പരിശോധിച്ചു വരികയാണെന്ന് ആലുവ റൂറല്‍ എസ് പി പി കെ കാര്‍ത്തിക് മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. പ്രത്യേക സംഘം പ്രതികളെ പിടികൂടാനുള്ള നടപടികള്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐ പി സി സെക്ഷന്‍ 379, 454, 427 എന്നീ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നതെന്നും അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് മറ്റ് നടപടികള്‍ കൈക്കൊള്ളുമെന്നും റൂറല്‍ എസ് പി പറഞ്ഞു.
നിര്‍മ്മാതാക്കളുടെ അസോസിയേഷനും ഫെഫ്കയും ഇതു സംബന്ധിച്ച പരാതി ആലുവ റൂറല്‍ എസ് പിയ്ക്ക് കൈമാറുകയായിരുന്നു. മിന്നല്‍മുരളി എന്ന സിനിമയുടെ സെറ്റ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഫെയ്‌സ്ബുക്ക് പോസ്റ്റുകളും ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തുമെന്നും ആലുവ പോലീസ് അറിയിച്ചു. രാഷട്രീയ ബജ്‌രംഗ് ദളിന്റെ ജില്ലാ പ്രസിഡന്റും കുപ്രസിദ്ധ കുറ്റവാളിയുമായ കാരി രതീഷ് എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് സെറ്റ് പൊളിച്ചതെന്നാണ് അറിയുന്നത്. കാലവര്‍ഷത്തിനു മുമ്പ് ഷൂട്ട് തീര്‍ത്ത് പുഴയോരത്ത് നിര്‍മ്മിച്ച പളളിയുടെ മാതൃകയിലുള്ള സെറ്റ് പൊളിച്ചു നീക്കണമെന്ന തീരുമാനത്തിലായിരുന്നു നിര്‍മ്മാതാക്കള്‍. അതിനിടയിലാണ് അക്രമം നടന്നിട്ടുള്ളത്. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
Content Highlights : aluva rural sp started special investigation on minnal murali set demolition rashtriya bajrang dal