ലോക്ക്ഡൗണിനിടെ പ്രണയം, വിവാഹം; ഭിക്ഷക്കാരിയായ നീലത്തിന്റെ ജീവിതത്തില്‍ നടന്നത് സിന്‍ഡ്രല്ല കഥ

പിന്നീടുള്ള കണ്ടുമുട്ടലുകള്‍ സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വളര്‍ന്നു. ഒരു ദിവസം ഭിക്ഷ യാചിക്കുന്നത് നിര്‍ത്തി കൂട്ടിക്കൊണ്ടുപോകുമെന്ന് പറഞ്ഞ വാക്ക് അനില്‍ പാലിച്ചു. നഗരത്തിലെ ബുദ്ധാശ്രമത്തില്‍ വെച്ച് സുരക്ഷിതമായ സാമൂഹികാകലം പാലിച്ച് അനില്‍ നീലത്തെ വിവാഹം ചെയ്തു

https://www.mathrubhumi.com/polopoly_fs/1.4539004.1582003886!/image/image.jpg_gen/derivatives/landscape_894_577/image.jpg
Photo: Pixabay

ലോക്ക്ഡൗണിനിടെ നടന്ന വ്യത്യസ്തമായ ഒരു വിവാഹമാണ് കാണ്‍പുര്‍ നഗരത്തിലെ സംസാരവിഷയം. ആഡംബര വിവാഹമോ സെലിബ്രിറ്റി വിവാഹമോ അല്ലാതിരുന്നിട്ടും അനിലിന്റെയും നീലത്തിന്റെയും വിവാഹം സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ ഏറ്റെടുത്തിരിക്കുകയാണ്. കാരണം കണ്ടു മറന്ന സിനിമയ്‌ക്കോ കേട്ടു മറന്ന കഥയ്‌ക്കോ ഇവരുടെ ജീവിതവുമായി സാമ്യത തോന്നുന്നത് സ്വാഭാവികം മാത്രം. 

ലോക്ക്ഡൗണിന്റെ അറുപത് ദിവസങ്ങളിലാണ് അനിലിന്റെയും നീലത്തിന്റെയും പ്രണയം പൂത്തുലഞ്ഞത്. ഡ്രൈവറായി ജോലി നോക്കുന്ന അനില്‍ യാദൃശ്ചികമായാണ് നീലത്തിനെ കണ്ടുമുട്ടുന്നത്. ഫുട്പാത്തില്‍ ഭിക്ഷ യാചിക്കുന്ന നീലത്തിനെ! പിന്നീടുണ്ടായതൊന്നും കഥയല്ല. യാഥാര്‍ഥ്യമാണ്. 

തൊഴിലുടമയുടെ നിര്‍ദേശപ്രകാരം ദരിദ്രര്‍ക്കും ഭിക്ഷക്കാര്‍ക്കുമായി ഭക്ഷണം വിതരണം ചെയ്യാന്‍ സ്ഥിരമായി അനില്‍ പോകുമായിരുന്നു. അതിനിടെയാണ് ഒരു ദിവസം നീര്‍ ക്ഷീര്‍ ക്രോസിങ്ങിന് സമീപം നടപ്പാതയിലിരുന്ന് ഭിക്ഷ യാചിച്ചിരുന്ന നീലം അനിലിന്റെ ശ്രദ്ധയില്‍ പെടുന്നത്. 

നീലത്തിന്റെ അച്ഛന്‍ വളരെ മുമ്പേ മരിച്ചു. അമ്മ പക്ഷാഘാതം വന്ന് കിടപ്പിലായി. സഹോദരനും ഭാര്യയും ദേഹോപദ്രവമുള്‍പ്പെടെയുള്ള ഏല്‍പ്പിക്കുമായിരുന്നു. ഒരു ദിവസം നീലത്തിനേയും അമ്മയേയും അവര്‍ വീട്ടില്‍നിന്ന് അടിച്ചിറക്കി. വേറെ ഗതിയില്ലാതെ നീലം ഭിക്ഷ യാചിക്കാനാരംഭിച്ചു. ലോക്ക് ഡൗണ്‍ തുടങ്ങിയതോടെ അതും മുടങ്ങിയ നിലയിലായി. 

അപ്പോഴാണ് അനില്‍ നീലത്തിന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്. എല്ലാ ദിവസവും തൊഴിലുടമയ്‌ക്കൊപ്പം ഭക്ഷണവുമായെത്തിയിരുന്ന അനില്‍ നീലത്തിന്റെ കഥകള്‍ ചോദിച്ചറിഞ്ഞു. പിന്നീടുള്ള കണ്ടുമുട്ടലുകള്‍ സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വളര്‍ന്നു. ഒരു ദിവസം ഭിക്ഷ യാചിക്കുന്നത് നിര്‍ത്തി കൂട്ടിക്കൊണ്ടുപോകുമെന്ന് പറഞ്ഞ വാക്ക് അനില്‍ പാലിച്ചു. നഗരത്തിലെ ബുദ്ധാശ്രമത്തില്‍ വെച്ച് സുരക്ഷിതമായ സാമൂഹികാകലം പാലിച്ച് അനില്‍ നീലത്തെ വിവാഹം ചെയ്തു. 

നീലവുമായി പ്രണയത്തിലായ കാര്യം തന്നോട് സൂചിപ്പിച്ചിരുന്നതായി തൊഴിലുടമ ലളിത പ്രസാദ് പറഞ്ഞു. നീലത്തിനേയും അമ്മയേയും ശ്രദ്ധിക്കണമെന്നും അവര്‍ക്ക് എല്ലാ ദിവസവും ഭക്ഷണം നല്‍കണമെന്നും താന്‍ പറഞ്ഞതിനെ തുടര്‍ന്ന് അനില്‍ സ്വയം പാകം ചെയ്ത ഭക്ഷണം അവര്‍ക്കെത്തിച്ചിരുന്നതായി ലളിതപ്രസാദ് പറഞ്ഞു. 

അനിലിന്റെ അച്ഛനെ വിവാഹത്തിന് സമ്മതിപ്പിച്ചതും ലളിത പ്രസാദാണ്. ലളിതമായ വിവാഹച്ചടങ്ങുകളില്‍ ഏതാനും സാമൂഹ്യപ്രവര്‍ത്തകര്‍ പങ്കെടുത്തു. അനിലിന്റെ നല്ല മനസിനെ പ്രശംസിച്ചതോടൊപ്പം ദമ്പതിമാര്‍ക്ക് എല്ലാവിധ ആശംസകളും ലളിത പ്രസാദും മറ്റുള്ളവരും നേര്‍ന്നു. 

Content Highlights: Kanpur driver finds life partner in beggars’ file