'സാമാന്യ ബോധമില്ലേ?, വിമാനത്തിലാണെന്നും ആരെയും ബാധിക്കരുതെന്നും വൈറസിന് അറിയുമോ?'; നടുവിലെ സീറ്റ് ഒഴിച്ചിടാത്തതില്‍ എയര്‍ ഇന്ത്യക്കെതിരെ സുപ്രീംകോടതി
by ന്യൂസ് ഡെസ്ക്ന്യൂദല്ഹി: വിദേശത്തുള്ളവരെ ഇന്ത്യയിലേക്ക് എത്തിക്കുന്ന വിമാനങ്ങളില്‍ കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി നടുവിലെ സീറ്റുകള്‍ നിര്‍ബന്ധമായും ഒഴിച്ചിടണമെന്ന് സുപ്രീംകോടതി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സാമൂഹ്യ അകലം പാലിക്കേണ്ടതുണ്ട്. അതുകൊണ്ട് വിമാനത്തിലെ നടുവിലെ സീറ്റുകള്‍ ഒഴിച്ചിടണം എന്നത് സാമാന്യ ബോധമാണെന്നും കോടതി പറഞ്ഞു.
എയര്‍ ഇന്ത്യ വിമാനങ്ങളില്‍ മിഡില്‍ സീറ്റ് ബുക്കിംഗ് ജൂണ്‍ ആറുവരെ മാത്രമേ അനുവദിക്കൂ. വാണിജ്യ വിമാന കമ്പനികളുടെ നഷ്ടത്തേക്കാള്‍ പൗരന്മാരുടെ ആരോഗ്യത്തെക്കുറിച്ചാണ് സര്‍ക്കാര്‍ കൂടുതല്‍ ആശങ്കപ്പെടേണ്ടതെന്നും കോടതി വിലയിരുത്തി. ആഭ്യന്തര വിമാനയാത്രകളുടെ സജ്ജീകരണങ്ങളിലേക്കടക്കം ചോദ്യമുന്നയിച്ചാണ് കോടതിയുടെ പരാമര്‍ശം.
‘സാമൂഹിക അകലം പാലിക്കണം എന്നത് സാമാന്യബോധമാണ്. പുറത്ത് ആറ് അടി അകലമെങ്കിലും പാലിക്കണം. വിമാനത്തിനുള്ളില്‍ എങ്ങനെയാണ്?’, വന്ദേഭാരത് ദൗത്യത്തിലുള്ള എയര്‍ ഇന്ത്യയുടെ വക്താക്കളോട് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ ചോദിച്ചു. മെയ് ഏഴ് മുതലാണ് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയവരെ എയര്‍ ഇന്ത്യയുടെ വിമാനങ്ങളില്‍ ഇന്ത്യയിലേക്കെത്തിച്ചത്.
സീറ്റില്‍ ആളെ നിറച്ചുകൊണ്ടുപോവുന്നത് വൈറസ് ബാധയ്ക്ക് ഇടയാക്കില്ലെന്ന് നിങ്ങള്‍ക്ക് എങ്ങനെ പറയാന്‍ സാധിക്കും? വിമാനത്തിനുള്ളിലാണെന്നും ആരെയും ബാധിക്കരുതെന്നും വൈറസിന് അറിയുമോ? അടുത്തടുത്തിരുന്നാല്‍ വൈറസ് വ്യാപനത്തിനുള്ള സാധ്യത കൂടുതലാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
നടുവിലെ സീറ്റുകള്‍ ഒഴിച്ചിടണമെന്ന മാര്‍ഗനിര്‍ദ്ദേശം എയര്‍ ഇന്ത്യ പാലിക്കുന്നില്ലെന്ന് വ്യക്തമാക്കി എയര്‍ ഇന്ത്യ പൈലറ്റ് ദേവന്‍ യോഗേഷ് കാനാനി ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ മാര്‍ഗനിര്‍ദേശം അസാധുവാണെന്ന് എയര്‍ ഇന്ത്യ കോടതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഈ സീറ്റുകള്‍ നല്‍കുന്നത് നിര്‍ത്തലാക്കണമെന്ന് ബോബെ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഇതേ തുടര്‍ന്നാണ് എയര്‍ ഇന്ത്യയും കേന്ദ്രസര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചത്.
സീറ്റ് വ്യത്യാസമില്ലാതെ എല്ലാവരേയും ടെസ്റ്റ് ചെയ്യുകയും പരിശോധിക്കുകയും ചെയ്യണമെന്നാണ് എയര്‍ ഇന്ത്യയ്ക്കും കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത സുപ്രീംകോടതിയില്‍ പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
WATCH THIS VIDEO: