https://assets.doolnews.com/2020/05/dk-1-399x227.jpg

താഴെത്തട്ടില്‍നിന്ന് തുടങ്ങണം; കര്‍ണാടക തിരിച്ചുപിടിക്കാന്‍ ഡി.കെ ശിവകുമാര്‍, പദ്ധതി ഇങ്ങനെ

by

ബെംഗളൂരു: ചുമതല ഏറ്റെടുത്തതിന് പിന്നാലെ പാര്‍ട്ടിയെ താഴെത്തട്ടില്‍നിന്നടക്കം ശക്തിപ്പെടുത്താന്‍ ശ്രമമാരംഭിച്ച് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. കേഡര്‍ അധിഷ്ഠിത പാര്‍ട്ടിയെ കെട്ടിപ്പെടുക്കാനാണ് ഡി.കെയുടെ നീക്കം. ഇതിനായി എം.എല്‍.എമാര്‍ക്ക് അധിക മണ്ഡലത്തിന്റെയും എം.എല്‍.സിമാര്‍ക്ക് കോണ്‍ഗ്രസിന്റേതല്ലാത്ത മണ്ഡലങ്ങളുടെയും ചുമതല നല്‍കി.

ബൂത്ത് തലം മുതലുള്ള പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ ഉദ്ദേശിച്ചാണ് പുതിയ ചുമതലകള്‍ നല്‍കിയിരിക്കുന്നത്. 66 എം.എല്‍.എമാരുള്‍പ്പെടെ നൂറോളം നിയമസഭാംഗങ്ങളെയാണ് ഇതിനായി ഡി.കെ സജ്ജമാക്കുന്നത്.

‘എം.എല്‍.എമാര്‍ക്ക് അവരുടെ മണ്ഡലങ്ങള്‍ക്കൊപ്പം അയല്‍ മണ്ഡലങ്ങളുടെയും എം.എല്‍.സിമാര്‍ക്ക് രണ്ട് മണ്ഡലങ്ങളുടെ വീതവും ചുമതലയാണ് നല്‍കുന്നത്. അവരവരുടെ നിയോജക മണ്ഡലങ്ങളിലേക്ക് കൂടുതല്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തേണ്ടത് ഈ നിയമസഭാംഗങ്ങളുടെ ഉത്തരവാദിത്വമാണ്. അവരാണ് പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടത്’, ഡി.കെയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.

എന്നാല്‍ ചുരുക്കം ചില നേതാക്കള്‍ക്ക് ഡി.കെ ശിവകുമാറിന്റെ പുതിയ നീക്കങ്ങളോട് വിയോജിപ്പുണ്ടെന്നാണ് വിവരം. ‘എം.എല്‍.എമാര്‍ക്കോ എം.എല്‍.സിമാര്‍ക്കോ ഒന്നിലധികം മണ്ഡലങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്’, പേര് വെളിപ്പെടുത്താത്ത ഒരു മുതിര്‍ന്ന നിയമസഭാംഗം പറഞ്ഞു.

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ശിവകുമാറിന്റെ പേര് പ്രഖ്യാപിച്ചതുമുതല്‍, കേഡര്‍ അടിസ്ഥാനമാക്കി പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് അദ്ദേഹം ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. നേതാക്കള്‍ ബൂത്ത് തലത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കണം എന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

അധ്യക്ഷനായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പുതന്നെ, മുന്‍ എം.എല്‍.എമാരും എം.എല്‍.സിമാരും ഉള്‍പ്പെടെയുള്ള വിവിധ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെയും വിവിധ ബോര്‍ഡുകളിലെയും കോര്‍പ്പറേഷനുകളിലെയും മുന്‍ ചെയര്‍പേഴ്സണ്‍മാരെയും ശിവകുമാര്‍ സന്ദര്‍ശിച്ചിരുന്നു.

പാര്‍ട്ടിയെ പുനര്‍നിര്‍മ്മിക്കാനുള്ള അഭിപ്രായങ്ങളാണ് അദ്ദേഹം സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയിലെയും സര്‍ക്കാരിലെയും വിവിധ തസ്തികകളില്‍ സേവനമനുഷ്ഠിച്ച നൂറുകണക്കിന് എം.എല്‍.എമാര്‍, എം.എല്‍.സിമാര്‍, കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന നേതാക്കള്‍ എന്നിവരെയടക്കം ബൂത്തുകളില്‍ ഇറക്കാനാണ് ഡി.കെ ലക്ഷ്യമിടുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

മെയ് 31 ന് സത്യപ്രതിജ്ഞ ചെയ്ത ശേഷം 224 നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തുകയും പാര്‍ട്ടി പ്രവര്‍ത്തകരുമായി സംവദിക്കുകയും ചെയ്യുമെന്ന് ഡി.കെ ശിവകുമാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ കീഴില്‍ 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ് കോണ്‍ഗ്രസ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക