https://img-mm.manoramaonline.com/content/dam/mm/mo/sports/cricket/images/2019/8/1/kohli-akhtar.jpg
വിരാട് കോലി, ശുഐബ് അക്തർ

‘കോലിയെ ഏറെ ബഹുമാനിക്കുന്നു; കളിക്കളത്തിൽ ഞങ്ങൾ നല്ല ശത്രുക്കൾ ആകുമായിരുന്നു’

by

ന്യൂഡൽഹി∙ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണ് ഇന്ത്യൽ ക്യാപ്റ്റ്ൻ വിരാട് കോലി. മൂന്നു ഫോർമാറ്റിലും ബാറ്റു വീശാൻ കഴിവുള്ള മികച്ച വലംകയ്യൻ ബാറ്റ്സ്മാനും മത്സരങ്ങൾ വിജയിപ്പിക്കാൻ കഴിവുള്ള ക്യാപ്റ്റൻ എന്നതിലേക്കു ഉയർന്നു വരുന്ന താരവുമാണ് അദ്ദേഹം. ആധുനിക യുഗത്തിലെ ക്രിക്കറ്റിനെ കുറിച്ചുള്ള ചർച്ചകൾ കോലിയെ പരാമർശിക്കാതെ അവസാനിക്കുന്നില്ല എന്നു തന്നെ പറയാം. ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറുടെ ഒരുക്കലും തകർക്കപ്പെടാത്ത റെക്കോർഡുകൾ തകർക്കുക കോലിയായിരിക്കും എന്ന തരത്തിലുള്ള ചർച്ചകളും സജീവമാണ്. 

ഇപ്പോൾ ഇന്ത്യയുടെ ക്യാപ്റ്റനുമായുള്ള ബന്ധത്തെക്കുറിച്ച് ഒരു പ്രവചനവുമായി രംഗത്തുവന്നിരിക്കുകയാണ് പാക്കിസ്ഥാൻ മുൻ പേസ് ബൗളർ ശുഐബ് അക്തർ. കോലിയും അക്തറും ഇതുവരെ കളിക്കളത്തിൽ നേരിട്ടു ഏറ്റുമുട്ടിയിട്ടില്ല. ഇപ്പോൾ താൻ ക്രിക്കറ്റിൽ സജീവമായിരുന്നെങ്കിൽ കോലിയും താനും ഏറ്റവും നല്ല സുഹൃത്തുക്കൾ ആയിരുന്നേനെയെന്നാണ് അക്തറിന്റെ പരാമർശം.  ഇഎസ്പിഎന്നിന്റെ ക്രിക് ഇൻഫോയിൽ സഞ്ജയ് മഞ്ചരേക്കറോട് സംസാരിക്കുകയായിരുന്നു അക്തർ.

‘വിരാട് കോലിയും ഞാനും ഏറ്റവും നല്ല സുഹൃത്തുക്കളാകുമായിരുന്നു. ഞങ്ങൾ രണ്ടു പേരും പഞ്ചാബികളാണ്. ഞങ്ങൾ രണ്ടു പേരും ഒരേ പ്രകൃതക്കാരാണ്. നല്ലൊരു ഹൃദയത്തിന് ഉടമയാണ് അദ്ദേഹം. എന്നേക്കാൾ ഒരുപാട് ജൂനിയർ ആണെങ്കിലും ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു.’ അക്തർ പറഞ്ഞു. കളിക്കളത്തിനു പുറത്ത് നല്ല സുഹൃത്തുക്കൾ ആകുമെങ്കിലും കളിക്കളത്തിൽ ഏറ്റവും നല്ല ശത്രുക്കളും തങ്ങളായിരിക്കുമെന്നും അക്തർ സൂചിപ്പിച്ചു. 

ടെസ്റ്റ് ക്രിക്കറ്റിൽ 86 മത്സരങ്ങളിൽ നിന്ന് 27 സെഞ്ച്വറികളുമായി 7,240 റൺസ് കോലി നേടിയിട്ടുണ്ട്. ഏകദിനത്തിൽ 248 മത്സരങ്ങളിലായി 11,867 റൺസ് കോലി സ്വന്തമാക്കിയിട്ടുണ്ട്. ട്വന്റി ട്വന്റി ക്രിക്കറ്റിലെ മികച്ച റൺ വേട്ടക്കാരനായ കോലിയുടെ പേരിൽ 82 മത്സരങ്ങളിൽ നിന്ന് 2794 റൺസുണ്ട്. 46 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 178 വിക്കറ്റുകൾ നേടിയ പാക്കിസ്ഥാന്റെ വലം കയ്യൻ ഫാസ്റ്റ് ബൗളറായ ഷോയ്ബ് അക്തർ 2011 ലാണ് രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ചത്. 163 ഏകദിനങ്ങളിൽ നിന്ന് 247 വിക്കറ്റുകളും അക്തർ നേടിയിട്ടുണ്ട്. 

English Summary : ‘I really respect him’: Shoaib Akhtar says he and Virat Kohli would have been ‘best of friends’