കേരളത്തിന്റെ വാദം പൊളിയുന്നു: ട്രെയിൻ യാത്രക്കാരുടെ വിവരങ്ങൾ കൈമാറി; രേഖ പുറത്ത്
by മനോരമ ലേഖകൻമുംബൈ∙ മുംബൈയിൽനിന്നു പ്രത്യേക ട്രെയിനോടിക്കുന്ന കാര്യം തങ്ങളെ അറിയിച്ചില്ലെന്ന കേരളത്തിന്റെ വാദം പൊളിയുന്നു. ട്രെയിനോടിക്കുന്ന വിവരം അറിഞ്ഞതു കൊണ്ടല്ലേ കേരളത്തിന്റെ ചീഫ് സെക്രട്ടറി ട്രെയിന്‍ ഓടിക്കരുതെന്ന് ആവശ്യപ്പെട്ടു മഹാരാഷ്ട്ര സർക്കാരിനെ ബന്ധപ്പെട്ടതെന്ന് ട്രെയിനിനായി ശ്രമിച്ച മലയാളി സംഘടനാ നേതാക്കൾ ചോദിക്കുന്നു.
അതിനിടെ, മുംബൈയിലെ നോഡൽ ഒാഫിസർ കേരളത്തിന്റെ കോവിഡ് വാർ റൂമിലേക്കും കൺട്രോൾ റൂമിലേക്കും 22ന് കുർളയിൽനിന്നു തിരുവനന്തപുരത്തേക്കു പുറപ്പെട്ട ട്രെയിനിലെ യാത്രക്കാരുടെ വിവരങ്ങൾ കൈമാറിയതിന്റെ രേഖയും പുറത്തുവന്നു. മുംബൈയിൽനിന്ന് പുറപ്പെടുന്ന 1,271 യാത്രക്കാരുടെ വിശദാംശങ്ങൾ ഫോർമാറ്റിൽ അയക്കുന്നു എന്നാണ് നോഡൽ ഒാഫിസറും മഹാരാഷ്ട്ര ക്രൈംബ്രാഞ്ച് അഡീഷനൽ കമ്മിഷണറുമായ സന്ദീപ് കാർണിക് ഇമെയിലിൽ പറയുന്നത്.
ഒഫീഷ്യൽ ഐഡി തകരാർ ആയതിനാൽ മറ്റൊരു ഐഡിയിൽനിന്നാണ് അയക്കുന്നത് എന്നും ഒൗദ്യോഗികമായി സ്വീകരിക്കണമെന്നും അതിൽ പറയുന്നു. മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി മുൻകൈ എടുത്ത് യാത്രക്കാരുടെ വിവരങ്ങൾ മഹാരാഷ്ട്ര സർക്കാരിനു കൈമാറിയതിനെത്തുടർന്ന് ഒാടിച്ച പ്രത്യേക ട്രെയിനുമായി ബന്ധപ്പെട്ടായിരുന്നു ഇത്.
ഇന്നലെ മുംബൈയിൽനിന്നുള്ള രണ്ടാമത്തെ ട്രെയിൻ താനെയിൽനിന്ന് എറണാകുളത്തേക്ക് അനുവദിച്ച്, യാത്രക്കാർ സ്റ്റേഷനിലെത്തിയശേഷം കേരളം അനുമതി നിഷേധിച്ചതിനെ തുടർന്ന് റദ്ദാക്കിയിരുന്നു. യാത്രക്കാരുടെ വിവരങ്ങൾ നേരത്തെ ലഭ്യമാക്കാത്തതിനാലാണ് അനുമതി നിഷേധിക്കുന്നതെന്നായിരുന്നു കേരള സർക്കാർ അറിയിച്ചത്. എന്നാൽ, യാത്രക്കാരുടെ വിവരങ്ങൾ ജില്ല തിരിച്ച്, ആധാർ നമ്പർ, 2 ഫോൺ നമ്പർ, മുംബൈയിലെയും കേരളത്തിലെയും വിലാസം, മുംബൈയിലെ പൊലീസ് സോൺ എന്നിവ സഹിതം താനെ ജില്ലാ കലക്ടർക്കു കൈമാറിയിരുന്നെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ട്രെയിൻ അനുവദിക്കപ്പെട്ടതെന്നും മലയാളി സംഘടനാ നേതാക്കൾ പറഞ്ഞു. 19ന് ഇമെയിലിലൂടെയും 20ന് നേരിട്ടും താനെ കലക്ടർക്ക് വിവരങ്ങൾ കൈമാറി. അവർ തുടർനടപടികളും സ്വീകരിച്ചു. ഇത്രയേറെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം വിവരം അറിയിച്ചില്ലെന്നു പറഞ്ഞ് കേരളം ട്രെയിൻ റദ്ദാക്കുന്നത് തെറ്റാണെന്ന് ഒാൾ താനെ മലയാളി അസോസിയേഷൻ ഭാരവാഹി ശശികുമാർ നായർ പറഞ്ഞു.
ഗുജറാത്തിൽനിന്നു കേരളത്തിലേക്കു പ്രത്യേക ട്രെയിനോടിക്കുന്നതും ഇതേ രീതിയിൽ കേരളം തടസപ്പെടുത്തിയെന്ന് ആക്ഷേപമുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളെ മടക്കി അയക്കാൻ 41 ട്രെയിനുകൾ കേരളത്തിൽ നിന്നു പുറപ്പെട്ടപ്പോൾ 4 ശ്രമിക് സ്പെഷലുകൾ മാത്രമാണു മലയാളികളുമായി കേരളത്തിൽ ഇതു വരെ എത്തിയത്.
നിലപാടിൽ പൊരുത്തക്കേടുകൾ:
ഈ വിഷയത്തിൽ കേരളത്തിന്റെ നിലപാടുകളിലെ പൊരുത്തക്കേടുകളാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നത്. മുംബൈയിൽ നിന്നുളള യാത്രക്കാർ കോവിഡ് ജാഗ്രത സൈറ്റിൽ റജിസ്റ്റർ ചെയ്യാത്തതു മൂലമാണു ട്രെയിനിന് അനുമതി നൽകാതിരുന്നതെന്നാണു സംസ്ഥാനന്തര യാത്രയുടെ ചുമതലയുളള പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ ഇന്നലെ വിശദീകരിച്ചത്. എന്നാൽ വെബ്സൈറ്റിൽ ശ്രമിക് ട്രെയിനിലെ യാത്രക്കാർക്കു പാസ് എടുക്കാൻ കഴിയില്ലെന്നതാണു വാസ്തവം.
കോവിഡ് ജാഗ്രത വെബ്സൈറ്റിൽനിന്നു പാസ് ലഭിക്കണമെങ്കിൽ ട്രെയിൻ യാത്രക്കാർ പിഎൻആർ നമ്പരും സീറ്റ് നമ്പരും രേഖപ്പെടുത്തണം. ശ്രമിക് സ്പെഷൽ ട്രെയിനുകളിലെ യാത്രക്കാർക്ക് പിഎൻആർ നമ്പരും സീറ്റ് നമ്പരും ഉണ്ടാകാറില്ല. കഴിഞ്ഞ ദിവസം ബെംഗളൂരുവിൽനിന്നു തിരുവനന്തപുരത്തേക്കു പുറപ്പെട്ട ട്രെയിനിലെ യാത്രക്കാർക്ക് അവസാന നിമിഷമാണ് പാസിന് അപേക്ഷിക്കാൻ കഴിഞ്ഞത്. നോർക്ക അധികൃതർ നിർദേശിച്ചതനുസരിച്ചു ഡമ്മി പിഎൻആർ നമ്പരും സീറ്റ് നമ്പരും ഉപയോഗിച്ചാണു ബെംഗളൂരുവിൽനിന്നുളളവർക്കു പാസ് ലഭിച്ചത്. ശ്രമിക് ട്രെയിനുകൾക്ക് പിഎൻആർ നമ്പർ, സീറ്റ് നമ്പർ എന്നിവ ചോദിക്കണ്ടെന്നു വച്ചാൽ തീരാവുന്ന പ്രശ്നം മാത്രമാണിത്.
പാസ് എടുക്കാൻ കഴിയുന്നില്ലെന്നു ചൂണ്ടിക്കാട്ടിയപ്പോൾ ശ്രമിക് ട്രെയിനിൽ യാത്ര ചെയ്യുന്നവർ ട്രെയിനിൽ കയറിയ ശേഷം സീറ്റ് നമ്പർ രേഖപ്പെടുത്തിയാൽ മതിയെന്നാണ് ഇപ്പോൾ അധികൃതർ പറയുന്നത്. പിഎൻആർ നൽകേണ്ടെന്നും പറയുന്നു. മുഴുവൻ യാത്രക്കാരും പാസ് എടുത്താൽ മാത്രമേ ട്രെയിൻ സർവീസിന് അനുമതി നൽകൂവെന്ന സാഹചര്യത്തിൽ ഇത് എങ്ങനെ പ്രായോഗികമാകുമെന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല. ട്രെയിനിന് അനുമതി നൽകാൻ യാത്രക്കാരുടെ വിവരങ്ങൾ മുൻകൂട്ടി ലഭിക്കേണ്ടത് അനിവാര്യമാണെന്നു പറഞ്ഞവർ തന്നെയാണ് ട്രെയിനിൽ കയറിയശേഷം സീറ്റ് നമ്പർ ഉപയോഗിച്ച് പാസ് എടുക്കാമെന്നു പറയുന്നത്.
ഇന്നലെ മുംബൈയിൽനിന്ന് ഏതാനും പേർക്ക് പാസ് ലഭിച്ചത് ഡമ്മി നമ്പർ ഇട്ടു നോക്കിയുളള പരീക്ഷണത്തിലാണ്. ബെംഗളൂരു ട്രെയിനിലെ യാത്രക്കാർ ചെയ്തതാണ് പലരും പ്രയോഗിച്ചത്. ഇതൊന്നുമറിയാത്ത നൂറുക്കണക്കിന് ആളുകളാണ് പാസ് കിട്ടാതെ എന്ത് ചെയ്യുമെന്നറിയാതെ നിൽക്കുന്നത്. ഒന്നുകിൽ കൃത്യമായ മാർഗനിർദേശം നൽകാൻ മുംബൈയിലെ കേരള ഹൗസിൽ സർക്കാർ എന്തെങ്കിലും സംവിധാനം ഒരുക്കണം. അല്ലെങ്കിൽ എന്താണു ചെയ്യേണ്ടതെന്നു നോർക്ക വഴി റജിസ്റ്റർ ചെയ്തിരിക്കുന്ന 25,000 പേർക്കും കൃത്യമായി എസ്എംഎസ് നൽകണമെന്നു സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
എല്ലാവരെയും സ്വീകരിക്കുമെന്നു കോടതിയിൽ സത്യവാങ്മൂലം നൽകിയ സർക്കാരാണ് മറ്റു സംസ്ഥാനങ്ങളിൽനിന്നു മടങ്ങി വരാൻ ആഗ്രഹിക്കുന്നവരെ തടയാൻ വഴികൾ തേടുന്നതെന്നാണ് ആക്ഷേപം. ജോലി അഭിമുഖങ്ങൾക്കു പോയവരും നഴ്സുമാരും വിദ്യാർഥികളും ബിസിനസ് ആവശ്യങ്ങൾക്കായി ചെന്ന് ലോക്ഡൗൺ മൂലം കുടുങ്ങിയവരും ജോലി നഷ്ടപ്പെട്ടവരുമാണു വിവിധ സംസ്ഥാനങ്ങളിൽനിന്ന് മടങ്ങാൻ ആഗ്രഹിക്കുന്നതിൽ ഏറെയും. പലരുടെ കൈയിലും പണമില്ല. മനുഷ്യത്വത്തിന്റെ പേരിലെങ്കിലും ഇവരെ നാട്ടിലെത്താൻ അനുവദിക്കണമെന്നാണ് ആവശ്യം. മുംബൈയിൽനിന്നു കേരളത്തിലേക്കുളള ട്രെയിനിലെ ടിക്കറ്റിന്റെ പണം മഹാരാഷ്ട്ര സർക്കാരാണ് വഹിക്കുന്നതെന്നും ട്രെയിനിനായി ശ്രമം നടത്തിയവർ പറയുന്നു.
English Summary: Malayali Organisations in Mumbai on Special Train issue