വീശിയടിച്ച ഉംപുന്‍, കര കവിഞ്ഞ പുഴ; ആ വയോധികയെ രക്ഷിച്ചത് പേരമരക്കൊമ്പ്
കൊല്‍ക്കത്ത: മരണവും ജീവിതവും തമ്മിലുള്ള എട്ടു മണിക്കൂര്‍ നീണ്ട പോരാട്ടമായിരുന്നു അത്. മനഃസാന്നിധ്യം കൈവിടാതെ ഇരുട്ടിനോടും വെള്ളത്തോടും ഉംപുന്‍ ചുഴലിക്കാറ്റിനോടും പോരാടി ഈ ബംഗാളി വയോധിക ഒടുവില്‍ ജീവിതത്തിലേക്ക് തിരിച്ചുനടക്കുക തന്നെ ചെയ്തു.
നോര്‍ത്ത് 24 പരഗാനയിലെ ബെയ്‌നാര ഗ്രാമത്തിലാണ് അഞ്ജലി ബെയ്ദ്യയുടെ വീട്. ദാസ നദിക്ക് സമീപം. ഓരോ മണിക്കൂറും ശക്തിയാര്‍ജിക്കുന്ന ഉംപുന്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കുമ്പോള്‍ മണ്ണു കൊണ്ടു തീര്‍ത്ത വീട്ടില്‍ കഴിയുന്നത് സുരക്ഷിതമല്ലെന്ന് അഞ്ജലിക്ക് തോന്നി. ബുധനാഴ്ച രാത്രി ഒമ്പതു മണിയോടെ വീടു വിട്ടിറങ്ങാന്‍ അഞ്ജലിയും ഭര്‍ത്താവും തീരുമാനിച്ചു.
വീടു വിട്ടിറങ്ങും മുമ്പ് സ്വയരക്ഷ തേടി പോകുന്നതിനായി കന്നുകാലികളെ അഴിച്ചു വിടാനും അവര്‍ തീരുമാനിച്ചു. കന്നുകാലികളെ അഴിച്ചു വിട്ട് പുറത്ത് നില്‍ക്കുന്നതിനിടയിലാണ് പുഴ കര കവിയുന്നത്. ഒഴുക്കിന്റെ ശക്തിയില്‍ ഇരുവരും ഒഴുകിപ്പോയി.
അതിനിടയില്‍ അഞ്ജലി ബെയ്ദ്യയുടെ വസ്ത്രം ഒരു പേരമരത്തിന്റെ കൊമ്പില്‍ കുരുങ്ങി. രക്ഷപ്പെടാനുള്ള അവസാനശ്രമമെന്നോണം അവര്‍ സകലശക്തിയും ഉപയോഗിച്ച് മരത്തില്‍ ചുറ്റിപ്പിടിച്ചു. വെള്ളത്തിന്റെ ഒഴുക്ക് ശക്തമായിരുന്നു. പക്ഷേ പിടിവിടാന്‍ അവര്‍ കൂട്ടാക്കിയില്ല.തന്റെ ഭര്‍ത്താവ് എവിടെയാണെന്നോ, ജീവനോടെയുണ്ടെന്നോ അറിയില്ല. കൈയില്‍ ആകെ ഉണ്ടായിരുന്നത് ഒരു ചെറിയ ടോര്‍ച്ച് മാത്രം.
രക്ഷാപ്രവര്‍ത്തകരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ടോര്‍ച്ച് തെളിച്ച് അവര്‍ വീശിക്കൊണ്ടിരുന്നു.ബുധനാഴ്ച രാത്രി ഒമ്പതര മുതല്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിവരെ മരത്തില്‍ തൂങ്ങി അവര്‍ നിന്നു. പുലര്‍ച്ചെ കാറ്റിന് ശമനം വന്നതോടെ പുറത്തിറങ്ങിയ അയല്‍ക്കാരാണ് മരത്തില്‍ തൂങ്ങിക്കിടക്കുന്ന വയോധികയെ കണ്ടെത്തി രക്ഷപ്പെടുത്തിയത്.
'ഭാഗ്യവശാല്‍ എന്റെ ഭര്‍ത്താവും സുരക്ഷിതനായി ഇരിക്കുന്നു. നദി കര കവിഞ്ഞപ്പോള്‍ ഒഴുകിപ്പോയ അദ്ദേഹം ഒരു മുളങ്കൂട്ടത്തില്‍ കുടുങ്ങി രക്ഷപ്പെടുകയായിരുന്നു. പുഴ എന്നെ ഒരു യാചക ആക്കിയിരിക്കുകയാണ്. എന്താണ് ചെയ്യേണ്ടത് എന്ന് യാതൊരു രൂപവുമില്ല.' അവര്‍ പറയുന്നു.
ചുഴലിക്കാറ്റില്‍നിന്ന് ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും മുന്നോട്ടുള്ള ജീവിതത്തെ കുറിച്ചുള്ള ആശങ്കയിലാണ് ഈ ദമ്പതികള്‍
Content Highlights: an elderly woman fought with amphan