100 വാട്ട് ബള്‍ബിനെ ചൊല്ലി തര്‍ക്കം; വീട്ടുടമയുടെ മര്‍ദനമേറ്റ വാടകക്കാരന്‍ മരിച്ചു
ന്യൂഡല്‍ഹി: വീട്ടുടമയുടെ മര്‍ദനമേറ്റ വാടകക്കാരന്‍ മരിച്ചു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഹര്‍ഷ് വിഹാറിലെ ഇ-റിക്ഷാ ഡ്രൈവറായ ജഗദീഷാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തില്‍ ഇയാളുടെ വീട്ടുടമസ്ഥനായ അമിതിനെ(38) പോലീസ് അറസ്റ്റ് ചെയ്തു.
100 വാട്ടിന്റെ ബള്‍ബ് ഉപയോഗിക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് മര്‍ദനത്തിലും കൊലപാതകത്തിലും കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. അമിതിന്റെ വീടിന്റെ മുകള്‍നിലയിലാണ് ജഗദീഷും കുടുംബവും താമസിക്കുന്നത്. ജഗദീഷ് വീട്ടില്‍ 100 വാട്ടിന്റെ ബള്‍ബ് ഉപയോഗിക്കുന്നത് കഴിഞ്ഞദിവസം അമിതിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഈ ബള്‍ബ് മാറ്റണമെന്നും ഇതുകാരണം കൂടുതല്‍ വൈദ്യുതി ചെലവാകുമെന്നും അമിത് പറഞ്ഞു. ഇതിനുപിന്നാലെ ഇരുവരും തര്‍ക്കമുണ്ടാവുകയും അമിത് ജഗദീഷിനെ മര്‍ദിക്കുകയുമായിരുന്നു. മര്‍ദനമേറ്റ് ജഗദീഷ് നിലത്തുവീണെങ്കിലും ഇയാള്‍ ഗൗനിച്ചില്ല. തുടര്‍ന്ന് 100 വാട്ടിന്റെ ബള്‍ബിന് പകരം എല്‍ഇഡി ബള്‍ബ് സ്ഥാപിച്ച് ഇയാള്‍ മടങ്ങുകയും ചെയ്തു.
മര്‍ദനമേറ്റ് ബോധരഹിതനായ ജഗദീഷിനെ മറ്റൊരു ബന്ധുവിനെ വിളിച്ചുവരുത്തിയാണ് ഭാര്യ ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കെ മരണപ്പെട്ടു. തലയിലെ ആന്തരികമായ പരിക്കാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതിനുപിന്നാലെയാണ് ഭാര്യ പോലീസില്‍ പരാതി നല്‍കിയത്.
Content Highlights: tenant killed by landlord over using of 100 watt bulb in new delhi