ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാർ; പിണറായി സർക്കാരിന്‍റെ നാല് വർഷം ദുരിതപൂർണം: മുല്ലപ്പള്ളി രാമചന്ദ്രന്‍ | Video
by Jaihind News Bureauപിണറായി സർക്കാരിന്‍റെ നാല് വർഷം ദുരിതപൂർണമെന്ന് കെ.പി.സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സർക്കാരിന്‍റെ ബാക്കിപത്രം ശൂന്യമാണ്. കൊവിഡ് കാലമായിരുന്നതിനാലാണ് സർക്കാരിന് ആഘോഷിക്കാന്‍ കഴിയാത്തത്. അല്ലെങ്കിൽ കോടികൾ മുടക്കി ആഘോഷ മാമാങ്കം നടത്തുമായിരുന്നു. ഖജനാവ് കാലിയാക്കുന്നതിലാണ് സർക്കാരിന്‍റെ ശ്രദ്ധ. വർധിപ്പിച്ച വൈദ്യുതി നിരക്ക് ജനങ്ങളെ കൊള്ളയടിക്കുന്നതിന് തുല്യമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
കഷ്ടപ്പാട് അനുഭവിക്കുന്ന ജനങ്ങളെ കൊള്ളയടിക്കുന്ന ഭരണകൂടമാണ് കേരളം ഭരിക്കുന്നത്. പിണറായി സർക്കാരിന് ഒന്നും അവകാശപ്പെടാനില്ല. ബസ് ചാർജ്, കറണ്ട് ചാർജ് ഉൾപ്പെടെ വർധിപ്പിച്ച സർക്കാർ നടപടി അംഗീകരിക്കാനാവുന്നതല്ല. യാതൊരു മാനദണ്ഡങ്ങളുമില്ലാതെ വർധിപ്പിച്ച കറണ്ട് ബില്ല് ബി.പി.എൽ വിഭാഗത്തിനെങ്കിലും മൂന്ന് മാസത്തേക്ക് എഴുതിത്തള്ളാൻ സർക്കാർ തയാറാകണം. മൂന്ന് മാസത്തേക്ക് ബി.പി.എൽ വിഭാഗത്തിന് ബില്ലിൽ 30 ശതമാനം ഇളവ് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദുരന്തം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കണമെന്ന മൗലികമായ ധർമം പോലും നിർവഹിക്കാതെ ധൂർത്തും കെടുകാര്യസ്ഥതയുമായാണ് പിണറായി സർക്കാർ മുന്നോട്ടുപോകുന്നത്. ദുരന്തകാലത്ത് സാധാരണക്കാർക്ക് നേരിട്ട് പണം എത്തിക്കണമെന്ന നിർദേശം പോലും സർക്കാർ അവഗണിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുതുലയ്ക്കുന്ന നടപടിയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്നത്. ജനങ്ങളെ കൊള്ളയടിക്കുന്ന നടപടികളുമായി മുന്നോട്ടുപോകുന്ന മോദിയും പിണറായിയും ഒരേ തൂവൽപ്പക്ഷികളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പിണറായി സർക്കാരിന്‍റെ നാലാം വാർഷികത്തില്‍ ‘ദുരിതങ്ങളുടെ നാല് വർഷം’ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.പി.സി.സി അധ്യക്ഷന്‍.