https://img.manoramanews.com/content/dam/mm/mnews/news/spotlight/images/2020/5/25/snake-old-murder-case.jpg

വൃദ്ധദമ്പതികളെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നു; പ്രതികളെ വെറുതേ വിട്ടു; കാരണം

by

ഉത്ര വധക്കേസിൽ കേരളത്തെ നടുക്കുന്ന മൊഴികളാണ് പുറത്തുവരുന്നത്. വിഷപാമ്പുകളെ ഉപയോഗിച്ച് ഭാര്യയെ കൊന്ന സൂരജിന്റെ ക്രൂരത സജീവമായി ചർച്ചചെയ്യുകയാണ് പൊതുഇടങ്ങൾ. എന്നാൽ പത്തുവർഷം മുൻപ് നാഗ്പുരിൽ റിപ്പോർട്ട് ചെയ്ത ഇരട്ടക്കൊലപാതക കേസും ഇപ്പോഴത്തെ ഉത്ര വധക്കേസുമായി സാമ്യമുണ്ട്. അന്ന് പ്രതികളെ കോടതി വെറുതേ വിട്ടിരുന്നു.

ഗണപത്‌റാവു (84), രണ്ടാം ഭാര്യ സരിതാബായ് (78) എന്നിവരെ മകന്‍ നിര്‍ഭയ് ഒരു പാമ്പ് പിടിത്തക്കാരന്റെ സഹായത്തോടെ പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊന്നു എന്നതായിരുന്നു അന്നത്തെ കേസ്. ഗണപത്‌റാവുവിന്റെ ലക്ഷങ്ങളുടെ സ്വത്ത് സ്വന്തമാക്കാന്‍ നിര്‍ഭയ് ആണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നു പൊലീസ് കണ്ടെത്തി. ഇയാള്‍ക്കു വേണ്ടി പാമ്പിനെ എത്തിച്ച പാമ്പ് പിടിത്തക്കാരനായ സന്ദീപ് ബെല്‍ഖെഡെയും അന്ന് പിടികൂടിയിരുന്നു. 

എന്നാല്‍ ഒരു വര്‍ഷത്തിനു ശേഷം ശാസ്ത്രീയമായ തെളിവുകളുടെ അഭാവത്തില്‍ കോടതി പ്രതികളെ വെറുതേവിട്ടു. പാമ്പ് കടിയേറ്റാണ് ദമ്പതികള്‍ മരിച്ചതെന്നു ശാസ്ത്രീയമായി തെളിയിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കഴിഞ്ഞില്ലെന്നു കോടതി വിലയിരുത്തുകയായിരുന്നു.

ഗണപത് റാവുവിന്റെ ഏറ്റവും ഇളയമകനായ നിര്‍ഭയ അഞ്ചുലക്ഷം രൂപ സന്ദീപിനും കൂട്ടുപ്രതികളായ പ്രകാശ് ഇന്‍ഗോള്‍, കമല്‍ ബദേല്‍ എന്നിവര്‍ക്കും നല്‍കിയെന്നു പൊലീസ് കണ്ടെത്തി. പ്രകാശ് ആണ് സന്ദീപുമായി ബന്ധപ്പെട്ട് പാമ്പിനെ എത്തിച്ചത്. അന്വേഷണത്തിനൊടുവില്‍ നിര്‍ഭയ്, പ്രകാശ്, കമല്‍ ഇവര്‍ വാടകയ്‌ക്കെടുത്ത വാഹനത്തിന്റെ ഡ്രൈവറായ ആനന്ദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

എന്നാല്‍ ഒരു വര്‍ഷത്തിനു ശേഷം കേസ് കോടതിയിലെത്തിയതോടെ കാര്യങ്ങള്‍ മലക്കം മറിഞ്ഞു. മകന്‍ ഉള്‍പ്പെടെ എല്ലാ പ്രതികളെയും കോടതി വെറുതേവിട്ടു. പാമ്പ് കടിയേറ്റാണു ദമ്പതികള്‍ മരിച്ചതെന്ന പൊലീസിന്റെ വാദം രാസപരിശോധനയില്‍ തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നു കോടതി വിലയിരുത്തി. സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം നല്‍കിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ദമ്പതികളുടെ കൈത്തണ്ടയില്‍ കടിയേറ്റ പാടുള്ളതായി വ്യക്തമാക്കിയിരുന്നു.

പാമ്പ് കടിച്ചുവെന്ന് ഫോറന്‍സിക് വിദഗ്ധര്‍ കണ്ടെത്തിയെങ്കിലും അതു മനഃപൂര്‍വം ആരെങ്കിലും ചെയ്യിച്ചതാണെന്ന് പൂര്‍ണമായി തെളിയിക്കാന്‍ കഴിഞ്ഞില്ല. ഫോറന്‍സിക് വിദഗ്ധര്‍ ഉറപ്പിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ തയാറാകാതിരുന്നതോടെ കോടതിയില്‍ പ്രോസിക്യൂഷന്‍ വാദത്തിനു ബലം കുറഞ്ഞു. സാഹചര്യ തെളിവുകള്‍ക്കൊപ്പം ശാസ്ത്രീയമായ തെളിവുകള്‍ ഹാജരാക്കാന്‍ പൊലീസിനു കഴിയാതെ വന്നതോടെ പ്രതികളെ കോടതി വെറുതേവിടുകയായിരുന്നു.