കേന്ദ്രത്തില്‍ നിന്ന് അര്‍ഹമായ സഹായം ലഭിച്ചിട്ടില്ല; പല ദുരന്തങ്ങളുണ്ടായിട്ടും വികസനരംഗം തളര്‍ന്നില്ല: മുഖ്യമന്ത്രി

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/398312/cm.jpg

തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ സഹായം കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിപ, ഓഖി, പ്രളയം പോലെ പല ദുരന്തങ്ങളെ അഭിമുഖീകരിച്ചിട്ടും സംസ്ഥാനത്തിന്റെ വികസന രംഗം തളര്‍ന്നില്ല. വികസനലക്ഷ്യത്തിനൊപ്പം ദുരന്ത നിവാരണവും കൊണ്ടുപോയി. ഒരുഘട്ടത്തിലും സര്‍ക്കാര്‍ പകച്ചുനിന്നില്ല. ലക്ഷ്യങ്ങളില്‍ നിന്ന് പിന്നോട്ടുപോയില്ലെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു വര്‍ഷത്തെ നേട്ടങ്ങള്‍ നാലു വര്‍ഷങ്ങള്‍ കൊണ്ട് നേടാനായി. എല്‍.ഡി.എഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന വേളയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാലാം വര്‍ഷത്തെ േപ്രാഗ്രസ് റിപ്പോര്‍ട്ട് ഉടന്‍ പുറത്തിറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ആര്‍ദ്രം മിഷന്‍ വിജയകരമായി നടപ്പാക്കാന്‍ കഴിഞ്ഞു.കൊവിഡ് പ്രതിരോധത്തിന് കരുത്തായത് ആര്‍ദ്രം മിഷനാണ്. നശിച്ചുപൊയ്‌ക്കോണ്ടിരുന്ന പുഴയെ 390 കിലോമീറ്റര്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞു. 546 പച്ചത്തുരുത്തുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞു. ജലസ്രോതസ്സുകളെ വീണ്ടെടുക്കുകയാണ് ലക്ഷ്യം. ആരോഗ്യമേഖല ലോകം ഉറ്റുനോക്കുന്ന സാഹചര്യത്തിലേക്ക് എത്തി. അഡ്വാന്‍സ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനായി. പ്രാഥമിക ആരോഗ്യകേന്ദ്രം മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെ നിലവാരം മെച്ചപ്പെടുത്തി. കിഫ്ബി പുനര്‍ജ്ജീവനത്തിനുള്ള വഴിയാണ്. 50,000 കോടി പശ്ചാത്തല സൗകര്യ വികസനത്തിന് ഉപയോഗിക്കുകയാണ് ലക്ഷ്യം. മസാല ബോണ്ട് വഴി 2150 കോടി രുപ സമാഹരിച്ചു. പോലീസില്‍ വനിതാ പ്രാതിനിധ്യം 25% ആയി ഉയര്‍ന്നു. മറ്റ് സേനാവിഭാഗങ്ങളിലും വനിതാ പ്രാതിനിധ്യം വര്‍ധിച്ചു.

അഞ്ചു വര്‍ഷം കൊണ്ട് രണ്ടു ലക്ഷം പട്ടയങ്ങള്‍ നല്‍കുകയാണ് ലക്ഷ്യം. 35,000 പട്ടയം കൂടി ഈ വര്‍ഷം നല്‍കും. ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ഫണ്ട് വികതരണത്തില്‍ കാതലായ മാറ്റം വരുത്തി. ഗ്രാമീണ റോഡുകളുടെ വികസനവും മത്സ്യത്തൊളിലാളി കുടുംബങ്ങള്‍ക്ക് പാര്‍പ്പിടം ഒരുക്കാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം നല്‍കുന്നു. ഇത് തിരിച്ചറിഞ്ഞാണ് കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ നിധിയിലേക്ക് സംഭാവന നല്‍കാന്‍ എത്തുന്നത്. ലൈഫ് മിഷന്‍ വഴി ഒട്ടേറെ കുടുംബങ്ങള്‍ക്ക് വീട് നല്‍കി. 2,19,514 വീടുകള്‍ പൂര്‍ത്തീകരിച്ചു. വീടും സ്ഥലവുമില്ലാത്തവര്‍ക്കുള്ള പാര്‍പ്പിട സമുച്ചയം ഈ വര്‍ഷം പൂര്‍ത്തിയാക്കും.

കുടുംബശ്രീയില്‍ റെക്കോഡ് വളര്‍ച്ചയുണ്ടായി. അതിഥി തൊഴിലാളികളോട് സ്വീകരിച്ച സമീപനം ലോകശ്രദ്ധയാകര്‍ഷിച്ചു. പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെട്ടു. നാലു വര്‍ഷം കൊണ്ട് അഞ്ചു ലക്ഷം പുതിയ വിദ്യാര്‍ത്ഥികളെത്തി. 40,000 ക്ലാസ്മുറികള്‍ ഹൈടെക് ആക്കി. 1400 സ്‌കൂളുകളില്‍ ഇന്റര്‍നെറ്റ് എത്തിച്ചു. 4752 സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യ വികസനം. പ്രീപ്രൈമറി സ്‌കൂള്‍ അധ്യാപകര്‍, ആശാവര്‍ക്കര്‍, പാചക തൊഴിലാളികള്‍ എന്നിവരുടെ വേതനം വര്‍ധിപ്പിച്ചു.

എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യമായി അരിയും ഭക്ഷ്യധാന്യങ്ങളും നല്‍കി. എല്ലാ മേഖലയിലും വേതന സുരക്ഷ ഉറപ്പാക്കി. 23,409 കോടി രൂപ ക്ഷേമപെന്‍ഷനുകള്‍ക്ക് നല്‍കി. തോട്ടം മേഖലയ്ക്ക് പ്രത്യേക പദ്ധതികള്‍ നടപ്പാക്കി.

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന്റെ മുതല്‍ക്കൂട്ടാണ് കേരള ബാങ്ക്. അതിജീവനത്തിന്റെ വിജയമാണ്. കേരള ബാങ്ക് കാര്‍ഷിക മേഖലയില്‍ ശക്തിപകരും. കുറഞ്ഞ പലിശ നിരക്കില്‍ കൂടുതല്‍ വായ്പ നല്‍കാനാവും. സൗജന്യ വൈഫൈ നടപ്പാക്കണമെന്നാണ് ലക്ഷ്യം. സൗജന്യ ഇന്റര്‍നെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ്. രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാര്‍ട്ട്അപ്പ് എക്കോ സിസ്റ്റമാണ് കേരളത്തില്‍. രാജ്യാന്തര ഐ.ടി കമ്പനികളും സ്ഥാപനങ്ങളും കേരളത്തിലേക്ക് വന്നുതുടങ്ങി.

പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്ടത്തില്‍ നിന്ന് ലാഭത്തിലാക്കി. വ്യവസായ വാനിജ്യ മേഖലയില്‍ മുന്നേറ്റമുണ്ടാക്കി. മെച്ചപ്പെട്ട നിക്ഷേപസൗഹൃദ സംസ്ഥാനം എന്ന പദവിയിലേക്ക കേരളം മാറുകയാണ്. പുതിയ കാലത്തിന് അനുസരിച്ചുള്ള വ്യവസായ സംരംഭങ്ങള്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ വ്യാപകമായി തുടങ്ങുകയാണ്.

ലോകത്തെ ഏറ്റവും സുരക്ഷിതമായ ഇടം എന്ന ഖ്യാതിയാണ് കേരളത്തിനിന്ന് രാജ്യത്തും ലോകത്തുമുള്ളത്. പുതിയ വ്യവസായ സംരംഭങ്ങളെ ആകര്‍ഷിക്കാനുള്ള സാഹചര്യമായി കാണുകയാണ്. പല രാജ്യങ്ങളില്‍ നിന്നും സുരക്ഷിത ഇടങ്ങളിലേക്ക് വ്യവസായങ്ങള്‍ മാറ്റി സ്ഥാപിക്കാന്‍ ഇടയുണ്ട്. അത്തരം വ്യവസായങ്ങളെ സ്വീകരിക്കാന്‍ നടപടികള്‍ സ്വീകരിച്ചു. വ്യവസായ അനുമതി വേഗത്തിലാക്കുന്നതിനുള്ള കര്‍മ്മ പദ്ധതി നടപ്പാക്കി. അപേക്ഷിച്ചാല്‍ ഏഴു ദിവസത്തിനകം ആവശ്യമായ ലൈസന്‍സും അനുമതിയും. കാര്‍ഷിക ഉത്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതികളുമുണ്ട്. നാലിടങ്ങളില്‍ ലോജിസ്റ്റിക് പാര്‍ക്കുകള്‍ സ്ഥാപിക്കും. വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ വിവിധ രാജ്യങ്ങളിലെ എംബസികളെ ബന്ധപ്പെടുന്നു. നാട്ടിലെ വ്യവസായങ്ങളെ ആകര്‍ഷിക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിക്കും. വിവിധ വകുപ്പുകളുടെ സെക്രട്ടറിയും വിദേശ കമ്പനികളുടെ പ്രതിനിധികളും സമിതിയിലുണ്ടാകും.

ഊര്‍ജ മേഖലയിലെ ഏറ്റവൂം പ്രധാന പദ്ധതിയായിരുന്നു ഗെയിന്‍ പൈപ്പ് ലൈന്‍. നടപ്പാക്കാന്‍ കഴിയില്ലെന്ന് കരുതിയിരുന്ന ആ പദ്ധതി 39 കിലോമീറ്റര്‍ പദ്ധതി ഉപേക്ഷിച്ച് പോകാനിരുന്നതാണ്. 444 കിലോമീറ്റര്‍ ദൂരത്തില്‍ കൊച്ചി-മംഗലാപുരം പൂര്‍ത്തിയാക്കി. ചന്ദ്രഗിരി പുഴയ്ക്കു കുറുകെയുള്ള പൈപ്പിടല്‍ ജൂണില്‍ കമ്മീഷന്‍ ചെയ്യും. സിറ്റി ഗ്യാസ് പ്രൊജക്ട് പുരോഗമിക്കുകയാണ്. കൊച്ചിയില്‍ ഏഴ് സി.എന്‍.ജി സ്‌റ്റേഷനുകള്‍ കമ്മീഷന്‍ ചെയ്തു കഴിഞ്ഞു. എന്‍.എന്‍.ജി ടെര്‍മിനലില്‍ നിന്ന് ഗാര്‍ഹിക ആവശ്യത്തിന് ഗ്യാസ് വിതരണം ചെയ്യും. വൈദ്യുതി മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നു. സമ്പൂര്‍ണ്ണ വൈദ്യുതീകരണം ഏറ്റവും വലിയ ഉദാഹരണം. കൊച്ചി- ഇടമണ്‍ വൈദ്യുതി പ്രസരണ ലൈന്‍.

വാട്ടര്‍ മെട്രോ പദ്ധതികളില്‍ എട്ടെണ്ണം പൂര്‍ത്തിയായി. കൊച്ചി മെട്രോയുടെ പണിയും പുരോഗമിക്കുകയാണ്. ലോക്ഡൗണ്‍ സമാപിക്കുമ്പോള്‍ തൈക്കൂടം -പേട്ട റീച്ചും കമ്മീഷന്‍ ചെയ്യും. സെമി ഹൈസ്പീഡ് ഇടനാഴിയും സ്ഥാപിക്കും. വിഴിഞ്ഞം പദ്ധതി പുരോഗമിക്കുന്നു.

വികസന അന്തരീക്ഷം ഒരുക്കുന്നതില്‍ സമാധാനപരമായ അന്തരീക്ഷം ഏറെ നിര്‍ണായകമാണ്. കൊവിഡ് പ്രതിരോധത്തിലും ക്രമസമാധാന പാലനത്തിലും കേരള പോലീസ് നിര്‍ണായകമായ ഇടപെടലാണ് നടത്തുന്നത്. കുറ്റകൃത്യങ്ങളുടെ എണ്ണം 30% വരെ കഴിഞ്ഞു. ജിഷ വധക്കേസ് മുതല്‍ കൂടത്തായി കേസ് വരെ തെളിയിക്കാന്‍ കഴിഞ്ഞു. ജനമൈത്രി പോലീസ് രാജ്യത്തിനു തന്നെ മാതൃകയായി.

കൊവിഡ് പ്രതിരോധത്തിലും പ്രളയ ദുരിതാശ്വാസത്തിലും അഗ്നിശമന സേനയുടെ പ്രവര്‍ത്തനം സുത്യര്‍ഹമാണ്. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നടപ്പാക്കുന്നു. എല്ലാ മേഖലയിലും പുരസ്‌കാരം നേടുന്ന പ്രവര്‍ത്തനമാണ് സംസ്ഥാനം കാഴ്ചവയ്ക്കുന്നത്.

രാജ്യം അത്യന്തം ഗുരുതരമായ സ്ഥിതിയിലുടെയാണ് കടന്നുപോകുന്നത്. ലോക്ഡൗണ്‍ അനന്തമായി നീട്ടാന്‍ കഴിയില്ല എന്നാണ് പൊതുവേയുള്ള കണക്കുകൂട്ടല്‍. രോഗബാധിതരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. നാലു ദിവസത്തിനുള്ളില്‍ 181 രോഗികളുണ്ടായി. കൂടുതല്‍ യാത്രാമാര്‍ഗങ്ങള്‍ തുറക്കുമ്പോള്‍ ഇനിയും വര്‍ധിച്ചേക്കാം. മുന്‍കരുതല്‍ എടുക്കണം. 21,566 ക്യാംപുകള്‍ കൊവിഡ് കാലത്ത് സ്ഥാപിച്ചു. ഈ രീതി തുടര്‍ന്നാല്‍ ഇതേവരെയുള്ള അന്തരീക്ഷമായിരിക്കില്ല. ജൂണില്‍ മഴ തുടങ്ങുന്നതിനാല്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തേണ്ടിവരും. വരുന്നവരെ കുറിച്ചുള്ള പൂര്‍ണ്ണവിവരം മുന്‍കൂട്ടി ഉണ്ടാകണം. അതില്‍ എല്ലാവരും സര്‍ക്കാരുമായി സഹകരിക്കണം. നമ്മുടെ നാടിന്റെ പ്രശ്‌നമാണ് എന്ന തോന്നലുണ്ടാകണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല കൂടുതല്‍ മെച്ചപ്പെടുത്തും. വിദേശത്തുപോയി പഠിക്കുന്ന കുട്ടികള്‍ക്ക് കേരളത്തില്‍ തന്നെ പഠിക്കാനും രാജ്യത്തിന്റെയും ലോകത്തിന്റെ മറ്റു ഭാഗത്തുമുള്ള കുട്ടികള്‍ക്ക് ഇവിടെ വന്നു പഠിക്കാനുള്ള സൗകര്യമുണ്ടാക്കും. ജൂണ്‍ അഞ്ചിന് സംസ്ഥാന വ്യാപകമായി ഫലവൃക്ഷ തൈകള്‍ വച്ചുപിടിപ്പിക്കും. യൂത്ത് ലീഡര്‍ അക്കാഡമി സ്ഥാപിക്കും. മത്സ്യ ലഭ്യതയിലും സ്വയം പര്യാപ്തത കൈവരിക്കാം. ദുരന്തത്തിനു മുന്നില്‍ കരഞ്ഞുകൊണ്ടുനില്‍ക്കാനാവില്ല. ഒരുമിച്ച് നേരിടാമെന്നും മുഖ്യമന്ത്രി പറഞ്ഞു.