ഉത്തരേന്ത്യയില്‍ വെട്ടുകിളി ആക്രമണം; കോടി കണക്കിന് രൂപയുടെ വിളനാശമുണ്ടാവുമെന്ന് മുന്നറിയിപ്പ്
ദില്ലി: കൊറോണയ്ക്ക് പുറമേ ഉംപൂണ്‍ ചുഴലിക്കാറ്റും ആഞ്ഞുവീശി രാജ്യം വന്‍ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ വെട്ടുക്കിളി ആക്രമണഭീതിയിലും. പാക്കിസ്ഥാനില്‍ നിന്നുള്ള വെട്ടുകിളികളുടെ കൂട്ടമാണ് ഉത്തരേന്ത്യയില്‍ എത്തിയത്. ഇവ വ്യാപക വിളനാശത്തിന് കാരണമാവുകയാണ്. ഈ വര്‍ഷം ഇന്ത്യയില്‍ വെട്ടുകിളി ആക്രമണമുണ്ടായേക്കുമെന്ന് എഫ്എഓ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ വ്യാപകമായി വിളകള്‍ നശിപ്പിക്കുകയാണ് ഇവ. മധ്യപ്രദേശില്‍ 27 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ വെട്ടുക്കിളി ആക്രമണമാണ് നേരിടുന്നത്. ഇവയെ നിയന്ത്രച്ചില്ലെങ്കില്‍ മധ്യപ്രദേശില്‍ മാത്രം ആയിരക്കണക്കിന് കോടി രൂപയുടെ വിളനാശമുണ്ടാവുമെന്ന് വിദഗ്ദ മുന്നറിയിപ്പ്. വൈകിട്ട് ഏഴ് മണി മുതല്‍ ഒമ്പത് മണിവരെയുള്ള സമയത്ത് ഇവ വിശ്രമിക്കുമെന്നും ഈ സമയത്ത് കീടനാശിനി തളിച്ച് ഇവയെ നശിപ്പിക്കണമെന്നുമാണ് വിദഗ്ദര്‍ നല്‍കുന്ന ഉപദേശം.
നീമച് ജില്ലയിലൂടെ മധ്യപ്രദേശില്‍ പ്രവേശിച്ച വെട്ടുകിളികള്‍ ബുധിനിയിലടക്കം കനത്ത വിളനാശമുണ്ടാക്കി. നിലവില്‍ സംസ്ഥാനത്ത് പച്ചക്കറി, പഴ കൃഷികള്‍ക്ക് നേരെയാണ് വെട്ടുകിളി ആക്രമണമുണ്ടായത്. കോട്ടണ്‍, മുളക് കൃഷികള്‍ക്കും ഇവ ഭീഷണി സൃഷ്ടിച്ചേക്കുമോ എന്ന് ആശങ്കയുണ്ട്. വെട്ടുകിളികളെ നിയന്തിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് എണ്ണായിരം കോടി രൂപയുടെ കൃഷി നാശം ഇവ സൃഷ്ടിക്കുമെന്നാണ് മുന്നറിയിപ്പ്.