കൊറോണ; രൂക്ഷമായ പ്രശനങ്ങള്‍ ഇന്ത്യ അഭിമുഖീകരിക്കാന്‍ ഇരിക്കുന്നതേയുള്ളൂ; ജൂലൈയില്‍ അതിരൂക്ഷത എന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/398314/virus.gif

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. തുടര്‍ച്ചയായ നാലാം ദിവസമാണ് ആറായിരത്തിന് മുകളില്‍ പുതിയ കോവിഡ് 19 കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. വൈറസ് വ്യാപനത്തിന്റെ വേഗത ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
കോവിഡ് ഏററവും മോശമായി ബാധിച്ച പത്തുരാജ്യങ്ങളില്‍ പത്താം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യ.

രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 1,38, 845 ആയി ഉയര്‍ന്നു. അതില്‍ ഇരുപത്താറായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 4 ദിവസങ്ങള്‍ക്കുള്ളിലാണ്. ലോകത്ത് ഏറ്റവും കര്‍ശന ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ലോക്ക്ഡൗണില്‍ ഇളവേര്‍പ്പെടുത്തിയത് മുതലാണ് രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തിത്തുടങ്ങിയത്.

വൈറസ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിലാണ് രാജ്യം ഇപ്പോള്‍. നിയന്ത്രണങ്ങളില്‍ ഏര്‍പ്പെടുത്തുന്ന ഇളവുകള്‍ എണ്ണം വര്‍ദ്ധിക്കുന്നതിന് കാരണമായേക്കാമെന്ന് ബിഹാറില്‍ കെയര്‍ ഇന്ത്യ സംഘത്തിന് നേതൃത്വം നല്‍കുന്ന എപ്പിഡെമിയോളജിസ്റ്റ് തന്മയ് മഹാപാത്ര പറയുന്നു. 'ഏററവും മോശമായ അവസ്ഥ നാം കാണാന്‍ ഇരിക്കുന്നതേയുള്ളൂ. ഏപ്രില്‍, മെയ് മാസങ്ങളെ അപേക്ഷിച്ച് വൈറസ് വ്യാപനം ഏറ്റവും രൂക്ഷമാകുക ജൂണിലായിരിക്കും. ജൂലൈയിലായിരിക്കും കോവിഡ് 19 അതിരൂക്ഷത രാജ്യം അഭിമുഖീകരിക്കുക.' മഹാപാത്ര പറയുന്നു. ലോക്ക്ഡൗണ്‍ ഇളവുകള്‍ രാജ്യത്തെ എങ്ങനെ ബാധിച്ചു എന്നത് വരും ആഴ്ചകളിലാണ് തിരിച്ചറിയുക എന്നും അദ്ദേഹം പറയുന്നു.

കണ്ടെയ്ന്‍മെന്റ് സോണുകളെ കുറേക്കൂടി വിപുലമായ രീതിയിലായിരിക്കണം മേഖലകളായി തിരിക്കേണ്ടത്. അതായത് വലിയ പ്രദേശം ഉള്‍ക്കൊളളുന്ന കണ്ടെയ്ന്‍മെന്റ് സോണ്‍, വലിയ ജനസംഖ്യയുള്ള ചെറിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ അഥവാ ഹോട്ട്‌സ്‌പോട്ടുകള്‍. ഇതിനുപുറമേ, ധാരാളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ഇടങ്ങളില്‍ പോലും റാന്‍ഡം പരിശോധനകള്‍ സംഘടിപ്പിക്കണം. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത വൈറസ് വ്യാപനം കണ്ടെത്തുന്നതിന് ഇത് സഹായിക്കും.