എല്ലാ രംഗത്തും ദയനീയമായി പരാജയപ്പെട്ട സര്‍ക്കാരാണ് ഇടതുപക്ഷത്തിന്റേത്: പ്രതിപക്ഷ നേതാവ്

കോവിഡിനെതിരായ ചെറുത്ത് നില്‍പ് കേരളത്തിലെ ജനങ്ങളുടെ വിജയമാണെന്നും സംസ്ഥാനത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്നതിന്റെ ഫലത്തെ ഭരണനേട്ടമായി ചിത്രീകരിക്കാന്‍ സര്‍ക്കാര്‍ ബോധപൂര്‍വം ശ്രമിക്കുന്നവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

https://www.mathrubhumi.com/polopoly_fs/1.4777197.1590130119!/image/image.JPG_gen/derivatives/landscape_894_577/image.JPG

തിരുവനന്തപുരം: നാല് വര്‍ഷം ഭരണം പൂര്‍ത്തിയാക്കുമ്പോള്‍ എല്ലാ രംഗത്തും ദയനീയമായി പരാജയപ്പെട്ട സര്‍ക്കാരാണ് ഇടതുപക്ഷ സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണപരാജയവും ധൂര്‍ത്തും അഴിമതിയും കോവിഡിന്റെ മറവില്‍ മൂടിവച്ച് രക്ഷപെടാനുള്ള ശ്രമമാണ് ഇന്ന് സര്‍ക്കാര്‍ നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  

കോവിഡിനെതിരായ ചെറുത്ത് നില്‍പ് കേരളത്തിലെ ജനങ്ങളുടെ വിജയമാണെന്നും സംസ്ഥാനത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്നതിന്റെ ഫലത്തെ ഭരണനേട്ടമായി ചിത്രീകരിക്കാന്‍ സര്‍ക്കാര്‍ ബോധപൂര്‍വം ശ്രമിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഈ നേട്ടത്തിന് ഉത്തരവാദികളായ ആരോഗ്യപ്രവര്‍ത്തകരെയും പോലീസുകാരെയും ഫയര്‍ ആന്റ് റസ്‌ക്യു ഉദ്യോഗസ്ഥരെയും പഞ്ചായത്തിലേയും റവന്യുവകുപ്പിലെ ഉദ്യോഗസ്ഥരെയും ജനങ്ങളേയും അഭിനന്ദിക്കാന്‍ ഈ അവസരം ഉപയോഗിക്കുന്നു -  പ്രതിപക്ഷ നേതാവ് പറഞ്ഞു. 

കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് കേരളത്തിലെ കാര്‍ഷിക മേഖല തകര്‍ന്നടിഞ്ഞിരിക്കുകയാണ്. 2017-18-ല്‍ 1.72% ആയിരുന്ന കാര്‍ഷിക മേഖലയിലെ വളര്‍ച്ച 2018-19-ല്‍ -0.2 ആയി ഇടിഞ്ഞതായി ധനമന്ത്രി നിയമസഭയില്‍ വച്ച സാമ്പത്തിക അവലേകനത്തില്‍ പറയുന്നു. വ്യവാസമേഖല ലാഭത്തിലായി എന്നതാണ് മറ്റൊരു കള്ളം. 2017-18 സമയത്ത് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ചെറിയ തോതിലുള്ള ലാഭം ഉണ്ടായിരുന്നു. എന്നാല്‍ 2019-20 എത്തിയതോടെ ഇതും നഷ്ടത്തിലായെന്ന് സാമ്പത്തിക സര്‍വേകള്‍ വ്യക്തമാക്കുന്നു - രമേശ് ചെന്നിത്തല പറഞ്ഞു. 

നവകേരളത്തിന് വേണ്ടിയുള്ള പ്രതിജ്ഞ പുതുക്കാം എന്നാണ് നാലു വര്‍ഷം ഭരണം പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഇന്ന് പറഞ്ഞത്. രണ്ട് വര്‍ഷമായി ഇതു തന്നെയാണ് പറയുന്നത്. ഈ സര്‍ക്കാരിന്റെ കാലാവധി കഴിയാന്‍ ഇനി ഒരു വര്‍ഷമാണ് ബാക്കിയുള്ളത്. അത് തീരും വരെ ഇത്തരത്തില്‍ പ്രതിജ്ഞ പുതുക്കല്‍ മാത്രമേ സംഭവിക്കൂ.  

റീ ബില്‍ഡ് കേരള പദ്ധതികളെല്ലാം പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ചര്‍ച്ചകളില്‍ ഒതുങ്ങി. 2020 ജനുവരി 21-ന് മാത്രമാണ് 1805 കോടി രൂപയുടെ പദ്ധതി അംഗീകരിച്ചത്. മല എലിയെ പ്രസവിച്ചതുപോലെയാണ് ആ പദ്ധതി. റോഡ് നന്നാക്കല്‍, വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കല്‍, വില്ലേജ് ഓഫീസുകളുടെ പുനര്‍നിര്‍മാണം, ബ്രഹ്മപുരത്ത് പാലം നിര്‍നിക്കല്‍, ഭൂപടം നിര്‍മിക്കല്‍ തുടങ്ങിയ ഏതൊരു സാധാരമ സര്‍ക്കാരും നടപ്പാക്കുന്ന പദ്ധതികളല്ലാതെ പുതിയ കേരളത്തിന്റെ നിര്‍മിതിക്ക് വേണ്ടി ഒരു പദ്ധതിയും ഈ സര്‍ക്കാര്‍ പൂര്‍ത്താകരിച്ചിട്ടില്ല. 

സന്നദ്ധ സംഘടനകള്‍ വച്ചു നല്‍കിയ വീടുകളാണ് പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ലഭിച്ച വീടുകളില്‍ ഏറിയ പങ്കും. കൃഷി നഷ്ടപ്പെട്ടവര്‍ക്കുള്ള സഹായം ലഭിച്ചിട്ടില്ല എന്ന പരാതി ഇപ്പോഴും നിലനില്‍ക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കിട്ടിയതില്‍ 2120 കോടി രൂപ ഇപ്പോഴും ചിലവഴിക്കാതെ ബാക്കിയാണ്. റീ ബില്‍ഡ് കേരളയ്ക്കായി ലോകബാങ്കില്‍ നിന്നും ആദ്യ ഗഡുവായി ലഭിച്ച 1780 കോടി രൂപ ശമ്പളവും പെന്‍ഷനും കൊടുക്കാനായി വകമാറ്റി ചെലവഴിക്കുകയാണ്. ഇതിന്റെ രണ്ടാമത്തെ ഗഡു രണ്ടാഴ്ചയ്ക്കുള്ളില്‍ ലഭിക്കും. 

ഓഖി സൃഷ്ടിച്ച ദുരന്തങ്ങളില്‍നിന്നു കരകയറാനായി ധനകാര്യമന്ത്രി പ്രഖ്യാപിച്ച 2000 കോടിയുടെ തീരദേശ പാക്കേജില്‍നിന്നും ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. കോവിഡ് പ്രതിരോധത്തിനായും 20000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. ഇതുകൊണ്ടും പ്രയോജനമൊന്നും ഉണ്ടായില്ലെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. 

content highlight: kerala government has failed in every sector says opposition leader ramesh chennithala