https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/5/24/Warangal-Telangana-Death-new.jpg

തെലങ്കാനയിലേത് കൂട്ടക്കൊല; ശീതളപാനീയത്തില്‍ വിഷം കലര്‍ത്തി, ശരീരം കിണറ്റിലെറിഞ്ഞു

by

വാറങ്കൽ∙ തെലങ്കാനയിൽ കിണറ്റിൽ ഒൻപത് മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു െപാലീസ്. സംഭവത്തിൽ മുഖ്യപ്രതി ബിഹാര്‍ സ്വദേശി സഞ്ജയ് കുമാറടക്കം നാലു പേരെ അറസ്റ്റ് ചെയ്തതായി തെലങ്കാന പൊലീസ് അറിയിച്ചു. ശീതളപാനീയത്തില്‍ വിഷം കലര്‍ത്തി കൊന്നതിനുശേഷം കിണറ്റിൽ എറിയുകയായിരുന്നുവെന്നു െപാലീസ് പറഞ്ഞു. കൊല്ലപ്പെട്ട മഖ്‌സൂദിന്റെ മകളുമായി സഞ്ജയ് കുമാറിന് ബന്ധമുണ്ടായിരുന്നു. ബന്ധം പിരിഞ്ഞതിലുള്ള വൈരാഗ്യത്തിലാണ് കൂട്ടക്കൊലയെന്നും െപാലീസ് പറയുന്നു.

തെലങ്കാനയിലെ വാറങ്കലിലെ ചണച്ചാക്ക് നിര്‍മ്മാണ കമ്പനിയിലെ തൊഴിലാളികളും ഒരേ കുടുംബത്തിലെ അംഗങ്ങളുമായ മുഹമ്മദ് മഖ്സൂദ് അസ്‌ലം, ഭാര്യ നിഷ, മക്കളായ ഷാബാസ്, സൊഹൈൽ, മകൾ ബുസ്റ, ബുസ്റയുടെ മൂന്നു വയസ്സുള്ള മകൻ എന്നിവർക്കൊപ്പം ബിഹാറിൽനിന്നുള്ള ശ്യാം, ശ്രീറാം എന്ന തൊഴിലാളികളെയും ഷക്കീലെന്ന പ്രദേശവാസിയായ ട്രാക്ടർ ഡ്രൈവറെയുമാണു മരിച്ച നിലയിൽ കിണറ്റിൽ കണ്ടെത്തിയത്.

മേയ് 20ന് ബുധനാഴ്ച രാത്രി താമസസ്ഥലത്തേക്കു ഷക്കീലിനെ മഖ്സൂദ് വിളിച്ചുവരുത്തിയതായി ഫോൺ രേഖകളിലുണ്ട്. ഇക്കാര്യം ഷക്കീലിന്റെ ഭാര്യയും സ്ഥിരീകരിച്ചിരുന്നു. മരിച്ച ഒൻപതു പേരുടെയും ഫോൺ ബുധനാഴ്ച രാത്രി ഒൻപതു മുതൽ വ്യാഴം രാവിലെ ആറു വരെ ഒരേ സ്ഥലത്തായിരുന്നെന്നു കണ്ടെത്തിയിട്ടുണ്ട്. മൂന്നു വയസ്സുകാരൻ പേരക്കുട്ടിയുടെ പിറന്നാൾ ആഘോഷിക്കാനാണ് മഖ്സൂദ് സുഹൃത്തുക്കളെ വീട്ടിലേക്കു വിളിച്ചതെന്നു പൊലീസ് പറയുന്നു.

ശീതളപാനീയവും ഭക്ഷ്യവസ്തുക്കളും വീട്ടുപരിസരത്തുനിന്നു കണ്ടെത്തിയതു വിരുന്നിന്റെ സൂചന നൽകിയിരുന്നു. ഭർത്താവുമായി പിരിഞ്ഞ ബുഷ്റ മാതാപിതാക്കളോടും മകനോടുമൊപ്പമായിരുന്നു താമസം. സഞ്ജയ് കുമാറുമായി ഇവർക്കു ബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തിൽനിന്ന് ഇവർ പിൻമാറിയതു വൈരാഗ്യമായി മാറിയെന്നും പൊലീസ് പറയുന്നു.

തുടക്കത്തിൽ കരീംബാദിലായിരുന്നു ഊ കുടുംബം വാടകയ്ക്കു താമസിച്ചു വന്നത്. ലോക്ഡൗൺ ആരംഭിച്ചതോടെ ഇവർക്കു വീട്ടിലേക്കു പോയിവരാൻ ബുദ്ധിമുട്ടായി. തുടർന്ന് നിർമാണ കേന്ദ്രത്തിലേക്ക് കുടുംബത്തോടെ താമസം മാറ്റി. ശ്രീറാമും ശ്യാമും കെട്ടിടത്തിന്റെ മുകളിലായിരുന്നു താമസം. മഖ്സൂദിന്റെ കുടുംബം ആത്മഹത്യ ചെയ്യാനുള്ള യാതൊരു സാധ്യതയുമില്ലെന്ന് ചണസഞ്ചി നിർമാണ കേന്ദ്രം ഉടമ സന്തോഷ് വ്യക്തമാക്കിയിരുന്നു. ലോക്ഡൗൺ സമയത്ത് സന്തോഷാണ് ഇവർക്ക് താമസത്തിന് അനുമതി നൽകിയത്. എന്നാൽ മേയ് 21ന് വ്യാഴാഴ്ച ഇവിടെയെത്തിയപ്പോൾ ആരെയും കണ്ടില്ല. തൊഴിലാളികളെ കാണുന്നില്ലെന്നു പറഞ്ഞ് രാവിലെ പൊലീസിൽ പരാതി നൽകുകയായിരുന്നു.

English Summary: Telangana Police Crack Mystery Behind 9 Bodies Found in Well