രണ്ടുതവണ വിവാഹം മുടങ്ങി; ഇനി കാത്തിരിക്കാന്‍ വയ്യ; വരന്റെ അടുത്തെത്താന്‍ 19കാരി നടന്നത് 80 കിലോമീറ്റര്‍

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/398305/goldi.gif

കാണ്‍പൂര്‍: കോവിഡ് കാലത്ത് ലോക്ക്ഡൗണിനെ തുടര്‍ന്ന് രണ്ടു തവണ വിവാഹം മുടങ്ങിയപ്പോള്‍ പ്രതിശ്രുത വരന്റെ അടുത്തെത്താന്‍ ഗോള്‍ഡി എന്ന 19കാരി നടന്നത് 80 കിലോമീറ്റര്‍. വീട്ടുകാരോട് അനുവാദം പോലും വാങ്ങാതെയാണ് യുവതി വീടുവിട്ടിറങ്ങിയത്. ഉത്തര്‍പ്രേദശിലാണ് സംഭവം. ഇത്രയും സമയം വീട്ടുകാര്‍ പെണ്‍കുട്ടിയെ തെരഞ്ഞ് നടക്കുകയായിരുന്നു.

ഒറ്റയ്ക്ക് വരന്റെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ കണ്ട് വീട്ടുകാര്‍ ആദ്യമൊന്ന് പകച്ചു. പിന്നെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ വരന്റെ അച്ഛനും അമ്മയും ശ്രമിച്ചെങ്കിലും പെണ്‍കുട്ടി തിരികെ പോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് വരനും കുടുംബവും നിലവിളക്ക് കൊടുത്ത് അകത്തേക്ക് കയറ്റി, അങ്ങനെ ആചാരപ്രകാരം കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് വിവാഹം നടത്തി കൊടുക്കുകയായിരുന്നു. തുടര്‍ന്ന് വീരുവിന്റെ പിതാവ് ഗോള്‍ഡിയുടെ വീട്ടുകാരെ മകള്‍ വരന്റെ വീട്ടില്‍ സുരക്ഷിതയായി എത്തിയിട്ടുണ്ടെന്ന് അറിയിച്ചു.

ജന്മദേശമായ കാണ്‍പൂരില്‍ നിന്നും വരന്റെ നാടായ കനൗജിലേക്ക് 80 കിലോമിറ്റര്‍ ഒറ്റയ്ക്ക് നടന്ന് വരന്റെ വീട്ടിലെത്തുകയായിരുന്നു ഗോള്‍ഡി. മെയ് നാലിനായിരുന്നു കാണ്‍പൂര്‍ സ്വദേശിയായ ഗോള്‍ഡിയുടെയും കനൗജ് സ്വദേശിയായ വീരേന്ദ്ര കുമാര്‍ റാഥോറിന്റെയും വിവാഹം അവസാനമായി നിശ്ചയിച്ചിരുന്നത്, ലോക്ഡൗണിനെ തുടര്‍ന്ന് ഇരുവരുടെയും വിവാഹം ഒരിക്കല്‍ മാറ്റിവച്ചതാണ്. എന്നാല്‍ അവസാനം തീരുമാനിച്ച മെയ് 9ലും വിവാഹം നടന്നില്ല. ലോക്ഡൗണ്‍ വീണ്ടും നീട്ടിയതു തന്നെയായിരുന്നു കാരണമായി വന്നത്.