'മുറിയില്‍ പൂട്ടിയിട്ട് ബെല്‍റ്റ് കൊണ്ട് അടിക്കേണ്ടത് എങ്ങനെയെന്ന് എനിക്കറിയാം'; ഉദ്യോഗസ്ഥരോട് തട്ടിക്കയറി കേന്ദ്ര സഹമന്ത്രി രേണുക സിങ്, വീഡിയോ പുറത്ത്
by kvartha betaറായ്പുര്‍: (www.kvartha.com 25.05.2020) ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിയുന്നവര്‍ക്ക് മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതിനെ തുടര്‍ന്ന് പരാതി ഉയര്‍ന്നതോടെ ഉദ്യോഗസ്ഥര്‍ക്കെതിരെ തട്ടിക്കയറി കേന്ദ്ര സഹമന്ത്രി രേണുക സിങ്. ക്വാറന്റീന്‍ കേന്ദ്രത്തിലെ അസൗകര്യങ്ങളെക്കുറിച്ചുള്ള വീഡിയോ പുറത്തുവന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര ആദിവാസിക്ഷേമ മന്ത്രാലയം സഹമന്ത്രി ഉദ്യോഗസ്ഥരോട് തട്ടിക്കയറിയത്.
റായ്പുരിലെ ബല്‍റാംപുരിലെ ക്വാറന്റീന്‍ കേന്ദ്രത്തിലായിരുന്ന ദിലീപ് ഗുപ്തയാള്‍ അസൗകര്യങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ദൃശ്യങ്ങള്‍ പുറത്തുവിട്ടതിന്റെ പേരില്‍ തഹസില്‍ദാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് തന്നെ മര്‍ദിച്ചുവെന്നും ദിലീപ് പോസ്റ്റ് ചെയ്തു. ഇക്കാര്യം അറിഞ്ഞെത്തിയതിനെ തുടര്‍ന്നാണ് കേന്ദ്രമന്ത്രി ഉദ്യോഗസ്ഥരെ ശാസിച്ചത്. ഡെല്‍ഹിയില്‍നിന്നു തിരിച്ചെത്തിയ ശേഷം ഇവിടെ ക്വാറന്റീനില്‍ കഴിയുകയാണ് ദിലീപ് ഗുപ്ത.
'ഞങ്ങളുടെ സര്‍ക്കാര്‍ അധികാരത്തിലില്ലെന്ന് ആരും കരുതരുത്. 15 വര്‍ഷം ഞങ്ങള്‍ ഭരിച്ചു. കൊവിഡിനെ പ്രതിരോധിക്കാന്‍ സര്‍ക്കാരിന്റെ പക്കല്‍ ആവശ്യത്തിന് പണമുണ്ട്. ജനങ്ങള്‍ക്ക് ആവശ്യത്തിന് പണം ലഭിക്കണം. കാവി ധരിച്ച ബിജെപി പ്രവര്‍ത്തകര്‍ ദുര്‍ബലരാണെന്ന് വിചാരിക്കരുത്. നിങ്ങളെ മുറിയില്‍ പൂട്ടിയിട്ട് ബെല്‍റ്റ് കൊണ്ട് അടിക്കേണ്ടത് എങ്ങനെയെന്ന് എനിക്കറിയാം' എന്നാണ് മന്ത്രി ഉദ്യോഗസ്ഥരോട് ആക്രോശിച്ചത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
മന്ത്രിയൊന്ന് ചൂടായതോടെ സംഭവം ശരിയായി. മന്ത്രിയുടെ ഉത്തരവില്‍ ക്വാറന്റീന്‍ കേന്ദ്രത്തിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി.
Keywords: News, National, India, Union minister, Threat, Video, COVID19, BJP, Quarantine, Union Minister's 'Beat With Belt' Threat For Officials