എല്ലാ റോഡുകളും ഡിസംബറോടു കൂടി മെച്ചപ്പെടുത്തും; യാത്രകളില്‍ സ്ത്രീകള്‍ക്ക് വേണ്ട സുരക്ഷ ഒരുക്കും; പഠന സമയത്ത് പാര്‍ട് ടൈം ജോലി എന്ന ആശയവും കോവിഡ് കഴിഞ്ഞാല്‍ ആലോചിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

by

തിരുവനന്തപുരം: (www.kvartha.com 25.05.2020) എല്ലാ റോഡുകളും ഡിസംബറോടു കൂടി മെച്ചപ്പെടുത്തും, യാത്രകളില്‍ സ്ത്രീകള്‍ക്ക് വേണ്ട സുരക്ഷ ഒരുക്കും, പഠന സമയത്ത് പാര്‍ട് ടൈം ജോലി എന്ന ആശയവും കോവിഡ് കഴിഞ്ഞാല്‍ ആലോചിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ ഡി എഫ് സര്‍ക്കാര്‍ നാലാം വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്‍റ് നാലുവര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു. ഇത്തവണ വാര്‍ഷികാഘോഷങ്ങള്‍ ഇല്ല. ലോകമാകെയും അതിന്‍റെ ഭാഗമായി കേരളവും കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കാനുള്ള യുദ്ധമുഖത്താണ്. ഇതുവരെ കേരളം വിവിധ മേഖലകളില്‍ ആര്‍ജിച്ച പുരോഗതിയാണ് കോവിഡ് പ്രതിരോധത്തില്‍ നമുക്ക് തുണയായി നില്‍ക്കുന്നത്.

https://1.bp.blogspot.com/-0G3jWa2_Ecs/Xsud6wzwbnI/AAAAAAAB1IQ/yzszAtAUl10NwUpz_LH45MtJNj3jxhISgCLcBGAsYHQ/s1600/Pinarayi.jpg

അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കേണ്ടിയിരുന്ന പദ്ധതികളില്‍ ഭൂരിഭാഗവും നാലുവര്‍ഷത്തിനകം പൂര്‍ത്തിയായിരിക്കുന്നു. തുടരെത്തുടരെ വന്ന പ്രകൃതിക്ഷോഭവും മഹാമാരികളും കേരളത്തിന്‍റെ വികസനത്തെ തളര്‍ത്തിയിട്ടില്ല എന്നത് ഈ ഘട്ടത്തില്‍ അഭിമാനപൂര്‍വം പറയാനാകും. 2017 നവംബര്‍ അവസാനമാണ് ഓഖി ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. 

തുടര്‍ന്ന് 2018 മെയ് മാസത്തില്‍ നിപ വൈറസ് ബാധ വന്നു. രണ്ട് ദുരന്തങ്ങളെയും അതിജീവിക്കാന്‍ നമ്മുടെ സംവിധാനങ്ങളാകെ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. 2018 ആഗസ്തില്‍ വന്ന പ്രളയം എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിക്കുന്നതായിരുന്നു. നൂറ്റാണ്ടിന്‍റെ ഏറ്റവും വലിയ പ്രളയം നമ്മുടെ വികസന പ്രതീക്ഷകള്‍ക്കും കുതിച്ചുചാട്ടത്തിനും വിഘാതമായപ്പോള്‍ ലോകത്താകെയുള്ള കേരളീയസമൂഹം ഒറ്റക്കെട്ടായി പ്രതിരോധിക്കാന്‍ സഹായഹസ്തവുമായി മുന്നോട്ടുവന്നു. 

പ്രളയദുരന്തത്തില്‍നിന്ന് അതിജീവിക്കാന്‍ നമ്മളാകെ ശ്രമിക്കുമ്പോഴാണ് തൊട്ടടുത്ത വര്‍ഷം വീണ്ടും പ്രളയം വന്നത്. ഇപ്പോഴിതാ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത വെല്ലുവിളിയുയര്‍ത്തി കോവിഡ് 19. ഇതിനെയെല്ലാം അതിജീവിക്കുക എന്നത് സാധാരണ നിലയില്‍ പ്രയാസമേറിയ കാര്യമാണ്. എന്നാല്‍, ഈ പ്രതിബന്ധങ്ങളെ തരണംചെയ്ത് ലോകത്തിനും രാജ്യത്തിനും മാതൃകയാകുന്ന മുന്നേറ്റം വ്യത്യസ്ത മേഖലകളില്‍ നേടാന്‍ നമുക്ക് കഴിഞ്ഞിരിക്കുന്നു. 

മറ്റെല്ലാ ലക്ഷ്യങ്ങള്‍ക്കുമൊപ്പം ദുരന്തനിവാരണം എന്ന സുപ്രധാന ചുമതല കഴിഞ്ഞ നാലുവര്‍ഷവും നമുക്ക് ഏറ്റെടുക്കേണ്ടിവന്നു. പ്രതിസന്ധികളോട് പൊരുതിയാണ് ഓരോ വര്‍ഷവും പിന്നിട്ടത്. ഒരു ഘട്ടത്തിലും നാം പകച്ചുനിന്നില്ല; ലക്ഷ്യങ്ങളില്‍നിന്ന് തെന്നിമാറിയിട്ടുമില്ല. ജനങ്ങളുടെ ഒരുമയും സാഹോദര്യവുമാണ് നമ്മുടെ സംസ്ഥാനത്തിന്‍റെ അതിജീവനത്തിന്‍റെ പ്രധാന ശക്തിസ്രോതസ്സായി മാറിയത്. 

തെരഞ്ഞെടുപ്പ് പ്രകടനപത്രിക ചിലര്‍ക്ക് തെരഞ്ഞെടുപ്പ് രംഗത്ത് വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ താല്‍ക്കാലികമായി കബളിപ്പിച്ച് വോട്ടുതേടാനുള്ള അഭ്യാസമാണ്. വാഗ്ദാനങ്ങള്‍ പാലിക്കാനുള്ളതല്ല എന്ന് തുറന്നുപറയുന്ന ശീലം കണ്ടവരാണ് നാം. എല്‍ഡിഎഫിന്‍റെ സമീപനം വ്യത്യസ്തമാണ്. ജനങ്ങളോട് പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കാനുള്ളതാണ്. അതുകൊണ്ടാണ് എല്ലാവര്‍ഷവും ചെയ്ത കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് പ്രോഗ്രസ് റിപ്പോര്‍ട്ട് ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയുന്നത്. 

നാലാം വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് ദിവസങ്ങള്‍ക്കകം പ്രസിദ്ധീകരിക്കും. ഇങ്ങനെ സുതാര്യമായ ഭരണനിര്‍വഹണം ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്‍റിന്‍റെ സവിശേഷതയാണ്. ആരോഗ്യവും വിദ്യാഭ്യാസവും ആത്മാഭിമാനവും ആത്മവിശ്വാസവും ഹരിതാഭയുമുള്ള നവകേരളത്തിന്‍റെ സൃഷ്ടിയാണ് ഈ സര്‍ക്കാരിന്‍റെ ലക്ഷ്യം. അത് നേടാനായി നാല് സുപ്രധാന മിഷനുകള്‍ ആവിഷ്കരിച്ചു. 

നാലുകൊല്ലം കൊണ്ട് ലൈഫ് മിഷനിലൂടെ 2,19,154 വീടുകള്‍ നിര്‍മിച്ച് അത്രയും കുടുംബങ്ങള്‍ക്ക് അടച്ചുറപ്പുള്ള പാര്‍പ്പിടം ലഭ്യമാക്കി. ഭൂമിയില്ലാത്ത കുടുംബങ്ങള്‍ക്ക്, ഭൂമിയും വീടും ഇല്ലാത്ത കുടുംബങ്ങള്‍ക്ക് പാര്‍പ്പിട സമുച്ചയങ്ങള്‍ ഉയര്‍ത്തുകയാണ്. അത് ഈ വര്‍ഷംകൊണ്ട് പൂര്‍ത്തികരിക്കാന്‍ ഉദ്ദേശിക്കുകയാണ്. 

മത്സ്യത്തൊഴിലാളികള്‍ക്ക് പ്രാണഭയമില്ലാതെ അന്തിയുറങ്ങാന്‍ 2450 കോടി രൂപയുടെ 'പുനര്‍ഗേഹം' പദ്ധതി ആവിഷ്കരിക്കാന്‍ കഴിഞ്ഞത് സര്‍ക്കാരിന്‍റെ മികച്ച ഒരു നേട്ടമായാണ് കാണുന്നത്. അഞ്ചുവര്‍ഷത്തിനിടെ രണ്ടുലക്ഷം പട്ടയം നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. അതില്‍ 1.43 ലക്ഷം ഇതുവരെ നല്‍കി. ഈ വര്‍ഷം കോവിഡ് പ്രതിസന്ധി തടസ്സങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍, 35,000 പട്ടയം കൂടി ഈ വര്‍ഷം തന്നെ നല്‍കാന്‍ കഴിയും. 

ഒഴുക്കുനിലച്ചുപോയ പുഴകളെ 390 കിലോമീറ്റര്‍ നീളത്തില്‍ പുനരുജ്ജീവിപ്പിച്ചു എന്നതാണ് ഹരിതകേരളം മിഷന്‍റെ ഒരു പ്രധാന നേട്ടം. ഒപ്പം കിണറുകളും ജലാശയങ്ങളും ശുദ്ധീകരിക്കാനും കഴിഞ്ഞു. 546 പുതിയ പച്ചത്തുരുത്തുകള്‍ സൃഷ്ടിച്ചു. പരിസ്ഥിതി സംരക്ഷണം കേരളീയന്‍റെ ജീവിതചര്യ തന്നെയാക്കാന്‍ ഹരിതകേരള മിഷനിലൂടെ കഴിഞ്ഞു. ഗ്രീന്‍ പ്രോട്ടോകോള്‍ ജനങ്ങളാകെ ഏറ്റെടുത്തു. 

കോവിഡ് 19നെ പ്രതിരോധിക്കാന്‍ സംസ്ഥാനത്തിന് കരുത്തുനല്‍കിയത് ആര്‍ദ്രം മിഷന്‍ കൂടിയാണ്. പ്രാഥമിക ആരോഗ്യകേന്ദ്രം മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെ ഉന്നത നിലവാരത്തിലെത്തിച്ചു. നമ്മുടെ കുടുംബാരോഗ്യ കേന്ദ്രങ്ങളും ലാബും ഫാര്‍മസിയും സജീവമായ ഒ പികളും സ്പെഷ്യാലിറ്റി ചികിത്സകളും ഇന്ന് ലോകം ഉറ്റുനോക്കുകയാണ്. 

നിപ വൈറസ് ഉയര്‍ത്തിയ ഭീഷണി നേരിടുക മാത്രമല്ല, തുടര്‍ന്നുള്ള അത്തരം പ്രശ്നങ്ങളെ നേരിടാന്‍ അഡ്വാന്‍സ്ഡ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനും നമുക്കു കഴിഞ്ഞു. നേരത്തേ സൂചിപ്പിച്ചതുപോലെ കേരളം നേരിട്ട ദുരന്തങ്ങള്‍ ചെറുതല്ല. സംസ്ഥാനത്തിന് ചെലവുകള്‍ വര്‍ധിച്ചിട്ടേയുള്ളു. ഈ സാമ്പത്തികവര്‍ഷം 2019-20നേക്കാള്‍ 15 ശതമാനം വര്‍ധന ചെലവുകളില്‍ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

 അര്‍ഹമായ കേന്ദ്രസഹായം ലഭ്യമാകുന്നില്ല എന്നത് ഗുരുതരമായ അവസ്ഥയാണ്. അതിനെ മറികടക്കാന്‍ തനതായ വഴികള്‍ കണ്ടെത്തുകയേ മാര്‍ഗമുള്ളു. ബജറ്റിനു പുറത്ത് പശ്ചാത്തല സൗകര്യങ്ങള്‍ സൃഷ്ടിക്കാനായി ധനസമാഹരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് കിഫ്ബി പുനഃസംഘടിപ്പിച്ചത്. 50,000 കോടി രൂപയുടെ പശ്ചാത്തലസൗകര്യ വികസനം ബജറ്റിനു പുറത്ത് പണം കണ്ടെത്തി നടപ്പാക്കാനാണ് നാം ഉദ്ദേശിച്ചിത്. 

'കിഫ്ബി' നമ്മുടെ പുനരുജ്ജീവനത്തിന്‍റെ തനതുവഴിയാണ്. 54,391 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് കിഫ്ബി ഇതുവരെ അംഗീകാരം നല്‍കി. ബജറ്റിനു പുറത്തുള്ള ധനസമാഹരണത്തിന്‍റെ ഭാഗമായി മസാല ബോണ്ടുകള്‍ വഴി 2150 കോടി രൂപ നാം സമാഹരിച്ചു. കിഫ്ബി മുഖേന നമുക്ക് സാധാരണ വികസനത്തിന്‍റെ അഞ്ചിരട്ടി മുന്നേറ്റമുണ്ടാക്കാനാണ് സാധിക്കുന്നത്.

 എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നവകേരള സംസ്കാരമാണ് നാം വളര്‍ത്തിയെടുത്തത്. ഈ കോവിഡ് കാലത്ത് ആരും പട്ടിണികിടക്കരുത് എന്ന തീരുമാനത്തിന്‍റെ ഫലമായാണ് നാടാകെ ആരംഭിച്ച കമ്യൂണിറ്റി കിച്ചണുകള്‍. എല്ലാ വിഭാഗം ജനങ്ങളെയും ക്ഷേമ പദ്ധതികളുടെ കുടക്കീഴിലെത്തിക്കാന്‍ നമുക്ക് കഴിഞ്ഞു. ഒരു താരതമ്യം പറഞ്ഞാല്‍ കഴിഞ്ഞ ഗവണ്‍മെന്‍റ് 2011-16 കാലത്ത് ക്ഷേമ പെന്‍ഷനുവേണ്ടി വിനിയോഗിച്ചത് 9270 കോടി രൂപയായിരുന്നുവെങ്കില്‍ ഈ സര്‍ക്കാര്‍ ഇതുവരെ ക്ഷേമപെന്‍ഷനായി നല്‍കിയത് 23,409 കോടി രൂപയാണ്. 

നാലുവര്‍ഷവും അഞ്ചുവര്‍ഷവും എന്നതാണ് താരതമ്യം. കോവിഡ് കാലത്ത് ഒരു പെന്‍ഷനും ലഭിക്കാത്ത ആളുകള്‍ക്ക് ആയിരം രൂപ വീതം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യമായി അരിയും പലവ്യഞ്ജന കിറ്റും നല്‍കി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വയോധികര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും അര്‍ഹിക്കുന്ന പരിഗണന നല്‍കാന്‍ സര്‍ക്കാരിനു കഴിഞ്ഞു. 

വനിതാ ശിശുക്ഷേമ വകുപ്പ് രൂപീകരിച്ചു. 24 മണിക്കൂര്‍ സഹായം ലഭിക്കുന്ന വനിതാ ഹെല്‍പ്പ്ലൈനും ഷീ ലോഡ്ജ് ശൃംഖലയും പൊലീസിന്‍റെ പിങ്ക് പട്രോളും സ്ത്രീകള്‍ക്കു വേണ്ടിയുള്ള പ്രത്യേക ഇടപെടലുകളാണ്. പൊലീസില്‍ വനിതാ പ്രാതിനിധ്യം 25 ശതമാനമാക്കും. വനിതകളുടെ പൊലീസ് ബറ്റാലിയനും കമാന്‍ഡോ പ്ലാറ്റൂണുകളും രൂപീകരിച്ചു. കേരള ഫയര്‍ ആന്‍റ് റെസ്ക്യു സര്‍വീസില്‍ ആദ്യമായി 100 ഫയര്‍ വിമണ്‍ നിയമനം നല്‍കുകയാണ്. 

പൊതുവിദ്യാഭ്യാസ ശക്തി പെടുത്തുന്നതിനായുള്ള ശക്തമായ നടപടികള്‍ ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്, അതിനു തെളിവാണ് കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ മെച്ചപ്പെട്ട തോതിലാണ് കുട്ടികളുടെ വര്‍ധനയുണ്ടായത്. അഞ്ചുലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പുതിയതായി കടന്നുവന്നു. 

അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താന്‍ 4752 സ്കൂളുകളില്‍ ഐടി അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തി, 14000 സ്കൂളുകളില്‍ ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ്, 45,000 ക്ലാസ്സ് മുറികള്‍ ഹൈടെക്ക് ആക്കി, 141 സ്കൂളുകള്‍ക്ക് 5 കോടി രൂപ വീതം, 395 സ്കൂളുകള്‍ക്ക് 3 കോടി രൂപ വീതം, 444 സ്കൂളുകള്‍ക്ക് 1 കോടി രൂപ വീതം, എയിഡഡ് വിദ്യാലയങ്ങള്‍ക്ക് ചാലഞ്ച് ഫണ്ട്, 52 വിദ്യാലയങ്ങള്‍ക്ക് നബാര്‍ഡ് സ്കീമില്‍ 104 കോടി.

ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി, ക്രഷ്, പ്രീ-സ്കൂള്‍ ടീച്ചര്‍മാരും ഹെല്‍പ്പര്‍മാരും, സ്കൂള്‍ പാചകക്കാര്‍ തുടങ്ങിയവരുടെ വേതനവും ഇന്‍സെന്‍റീവും ഉയര്‍ത്തി. കുടുംബശ്രീക്ക് റെക്കോഡ് വളര്‍ച്ചയാണ് ഈ ഘട്ടത്തിലുണ്ടായത്. പട്ടികജാതി കടാശ്വാസ പദ്ധതിയില്‍ 43,136 പേരുടെ കടം എഴുതിത്തള്ളി. 

പൊലീസിലും എക്സൈസിലും നൂറുവീതം പട്ടികവര്‍ഗക്കാരെ നിയമിച്ചു. ആദിവാസി ഊരുകളിലേക്ക് സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ ഉള്‍പ്പെടെ ആ മേഖലയില്‍ എണ്ണമറ്റ പുതിയ ഇടപെടലുകളാണ് നടത്തിയത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുവന്ന് ഇവിടെ തൊഴിലെടുക്കുന്നവരെ നാം അതിഥി തൊഴിലാളികള്‍ എന്നാണ് വിളിക്കുന്നത്. 

കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട് തെരുവാധാരമായ അവരെ സംരക്ഷിക്കാനും ഭക്ഷണം നല്‍കാനും തിരികെ സുരക്ഷിതമായി നാട്ടിലെത്തിക്കാനും കേരളം എടുത്ത മുന്‍കൈ ലോകവ്യാപക പ്രശംസ
യാണ് നേടിയത്. അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക ഭവനസമുച്ചയം (അപ്നാ ഘര്‍) നിര്‍മിച്ചും ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയും ഒരു ചുവട് മുമ്പേ നടക്കാന്‍ നമുക്കു കഴിഞ്ഞു. 

കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് മൊത്തം 21,566 ക്യാമ്പുകളാണ് അതിഥി തൊഴിലാളികള്‍ക്കായി സജജീകരിച്ചത്. ഈ ക്യാമ്പുകളിലായി 4,16,917 തൊഴിലാളികളാണുണ്ടായിരുന്നത്. സ്വദേശത്തേക്ക് മടങ്ങിയവരൊഴികെയുള്ള എല്ലാവരും ഈ ക്യാമ്പുകളില്‍ സുരക്ഷിതരായി കഴിയുന്നു. ഇതുവരെയായി 55,717 തൊഴിലാളികള്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് തിരിച്ചു പോയിട്ടുണ്ട്.

 തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവരെ സഹായിക്കാനും എല്ലാ ഘട്ടത്തിലും ശ്രദ്ധ ചെലുത്തി. എല്ലാ മേഖലയിലും മിനിമം വേതനം പുതുക്കിയതും അസംഘടിത തൊഴിലാളികള്‍ക്കും സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കും വേതനസുരക്ഷ ഉറപ്പാക്കിയതും ഇതിന്‍റെ ഒരു ഭാഗം മാത്രമാണ്. 

തോട്ടം മേഖലയ്ക്ക് പ്രത്യേക പാക്കേജ് നടപ്പാക്കി. സിഎംഡിആര്‍എഫ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി അര്‍ഹരായ ആളുകള്‍ക്ക് ഏറ്റവും ലളിതമായ നടപടിക്രമങ്ങള്‍ പാലിച്ച് ലഭ്യമാക്കുക എന്ന നയമാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചത്. അപേക്ഷകള്‍ ഓണ്‍ലൈനായി നല്‍കുകയും ചികിത്സാസംബന്ധമായ റിപ്പോര്‍ട്ട് തേടല്‍ അടക്കമുള്ള നടപടികള്‍ ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കുകയുമാണ് ചെയ്യുന്നത്.

 അനുവദിക്കുന്ന പണം ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തിക്കും. സഹായ തുകയില്‍ വര്‍ധന വരുത്തിയിട്ടുണ്ട്. ആരുടെയും സഹായം തേടാതെ സ്വന്തമായി ഓണ്‍ലൈനിലൂടെ അപേക്ഷ നല്‍കി സഹായം നേടാമെന്നതാണ് ഈ സര്‍ക്കാര്‍ വന്നതിനുശേഷം ദുരിതാശ്വാസ നിധിയുടെ വിതരണത്തില്‍ ഉണ്ടായ മാറ്റം. ദുരിതം അനുഭവിക്കുന്നവര്‍ക്കാണ് സഹായം. 

അതുകൊണ്ട് തകര്‍ന്നുകിടക്കുന്ന ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനും അപകടമേല്‍ക്കൂരയുള്ള കിടപ്പാടത്തില്‍ ജീവന്‍ പണയംവെച്ച് കഴിയുന്ന മത്സ്യത്തൊഴിലാളി സഹോദരങ്ങള്‍ക്ക് അടച്ചുറപ്പുള്ള പാര്‍പ്പിടം നല്‍കാനും ഈ നിധിയില്‍ നിന്ന് നാം തുക വിനിയോഗിക്കുന്നു. അതെല്ലാം തിരിച്ചറിഞ്ഞ് കൊച്ചുകുഞ്ഞുങ്ങള്‍ മുതല്‍ വയോജനങ്ങള്‍ വരെ മനസ്സുനിറഞ്ഞ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്ന അനുഭവമാണ് ഈ കോവിഡ് കാലത്ത് കാണുന്നത്. 

കേരള ബാങ്ക് 

ഈ സര്‍ക്കാരിന്‍റെ ഏറ്റവും വലിയ സംഭാവനകളിലൊന്ന് കേരള ബാങ്ക് രൂപീകരണമാണ്. നമ്മുടെ അതിജീവനത്തിന്‍റെ പാതയിലെ മുതല്‍ക്കൂട്ടാണ് ഈ ബാങ്ക്. ഇതു നടപ്പാവില്ലെന്നു പറഞ്ഞവരുണ്ട്. അസാധ്യമാണെന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നവരുണ്ട്. അത്തരക്കാരുടെ മോഹങ്ങളെയെല്ലാം അപ്രസക്തമാക്കി കേരള ബാങ്ക് നിലവില്‍ വന്നിരിക്കുന്നു. ഈ കോവിഡ് പ്രതിസന്ധിയില്‍ പ്രവാസികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും താങ്ങായി കേരള ബാങ്ക് ഇടപെടുകയാണ്. 

കാര്‍ഷിക-വ്യാവസായിക രംഗത്തെ നൂതന ആശയങ്ങള്‍ക്കും പദ്ധതികള്‍ക്കും കേരള ബാങ്ക് ശക്തിപകരും. ഇടപാടുകാര്‍ക്ക് കുറഞ്ഞ ചെലവില്‍ സേവനം നല്‍കാനും ഉയര്‍ന്ന നിലയില്‍ കാര്‍ഷികവായ്പ നല്‍കാനും കഴിയും. കേരള ബാങ്കായിരിക്കും കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്ക്. 

സ്റ്റാര്‍ട്ട്അപ്പ് സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നതില്‍ രാജ്യത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. 2018ല്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ സ്റ്റേറ്റ് സ്റ്റാര്‍ട്ടപ്പ് റാങ്കിങ്ങില്‍ ടോപ് പെര്‍ഫോര്‍മറായി തെരഞ്ഞെടുത്തത് കേരളത്തെയാണ്. 2016ല്‍ 300 സ്റ്റാര്‍ട്ട്അപ്പുകളാണ് കേരളത്തില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 2200 ആണ്. 

വിവരസാങ്കേതിക വിദ്യയിലധിഷ്ഠിതമായ 1600ലധികം സ്റ്റാര്‍ട്ടപ്പുകളും രണ്ടുലക്ഷത്തിലധികം ഇന്‍ക്യുബേഷന്‍ സ്പേസുകളും ഇന്ന് കേരളത്തിലുണ്ട്. സ്റ്റാര്‍ട്ട്അപ്പുകളിലെ നിക്ഷേപം ഇതേ കാലയളവില്‍ 2.2 കോടിയില്‍നിന്ന് 875 കോടിയായി വര്‍ധിച്ചു. സ്റ്റാര്‍ട്ട്അപ്പുകള്‍ക്കും മറ്റും അനുകൂലമായ ഭൗതികവും ഡിജിറ്റലുമായ സൗകര്യങ്ങള്‍ ഒരുക്കുന്നതോടൊപ്പം പൗരന്മാര്‍ക്കുവേണ്ടിയും അത്തരം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്. 

അങ്ങനെ ഇന്‍റര്‍നെറ്റ് പൗരാവകാശമായി പ്രഖ്യാപിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറി. പൊതു ഇടങ്ങളിലും ലൈബ്രറികളിലും മറ്റും സൗജന്യ വൈ ഫൈ സേവനം ലഭ്യമാക്കാനും സര്‍ക്കാര്‍ മുന്‍കൈയ്യെടുത്തു. ഇവയിലൂടെയൊക്കെ മനുഷ്യന്‍റെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായിരിക്കുന്ന ശാസ്ത്രസാങ്കേതിക വിദ്യയെ എല്ലാ വിഭാഗം പൗരന്മാര്‍ക്കും തുല്യമായി ഉറപ്പുവരുത്തുകയാണ് ചെയ്തത്. ഇതും നമ്മുടെ രാജ്യത്തിനാകെ മാതൃകയായി തീര്‍ന്ന ഇടപെടലാണ്. 


രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാര്‍ട്ട്അപ് എക്കോസിസ്റ്റമാണ് കേരളത്തിലുള്ളത്. രാജ്യത്തെ ഏറ്റവും വലിയ സംയോജിത സ്റ്റാര്‍ട്ട്അപ്പ് സമുച്ചയം കൊച്ചിയില്‍ ആരംഭിച്ചു. അവിടെ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ ഫാബ് ലാബ് ലോകോത്തര നിലവാരമുള്ളതാണ്. ഐടി മേഖലയില്‍ ലോകോത്തര കമ്പനികള്‍ കേരളത്തിലേക്കു വന്നുതുടങ്ങി. നിസാന്‍ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ്ബ്, ടെക് മഹീന്ദ്ര, ഹിറ്റാച്ചി, ടെറാനെറ്റ്, എച്ച് ആന്‍റ് ആര്‍ ബ്ലോക്ക്, വേ ഡോട്ട് കോം, എയര്‍ബസ് ബിസ്ലാബ് തുടങ്ങിയവരും പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. 

വിഎസ്എസ്സിയുമായി ചേര്‍ന്ന് ആരംഭിച്ച സ്പേസ് പാര്‍ക്കില്‍ അഗ്നിക്കൂള്‍ കോസ്മോസ്, ബെല്ലാര്‍സ്റ്റിക്, സാറ്റ്ഷുവര്‍ എന്നീ കമ്പനികള്‍ പ്രവര്‍ത്തനം ആരംഭിച്ചു. സംസ്ഥാനത്തെ ഐടി സ്പേസ് ഇരട്ടിയാക്കുകയാണ്. കെ-ഫോണ്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യനിരക്കില്‍ അതിവേഗ ഇന്‍റര്‍നെറ്റ് ലഭ്യമാക്കാന്‍ 1548 കോടി രൂപയുടെ കെ-ഫോണ്‍ പദ്ധതിക്ക് തുടക്കമിട്ടു. ഇക്കൊല്ലം ഡിസംബറില്‍ ഈ പദ്ധതി പൂര്‍ത്തിയാക്കും. 

വിദ്യാഭ്യാസരംഗത്തുള്ള പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ കെ-ഫോണ്‍ സൗകര്യം ഉപയോഗിക്കും. വ്യവസായം നിക്ഷേപരംഗത്ത് കേരളം വലിയൊരു മുന്നേറ്റത്തിന്‍റെ പാതയിലാണ്. പുതിയകാലത്തെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് വ്യവസായ-വാണിജ്യരംഗത്തൊകെ ഉണര്‍വ് കൈവന്നിരിക്കുന്നു. ഈ സര്‍ക്കാര്‍ അധികാരമേറുമ്പോള്‍ സംസ്ഥാനത്തെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ നഷ്ടം 131.60 കോടി രൂപയായിരുന്നു. 

ഭരണത്തിന്‍റെ ആദ്യ വര്‍ഷം തന്നെ നഷ്ടം 71 കോടിയായി കുറച്ചു. അടുത്ത മൂന്നു വര്‍ഷവും ഈ മേഖലയെ ലാഭത്തിലാക്കി. 2017-18ല്‍ 5 കോടിയും 2018-19ല്‍ 8 കോടിയുമായിരുന്നു ലാഭം. 2019-20ല്‍ 56 കോടി രൂപ പ്രവര്‍ത്തന ലാഭമുണ്ട്. കേന്ദ്രം വില്‍ക്കാന്‍ തീരുമാനിച്ച പാലക്കാട് ഇന്‍സ്ട്രുമെന്‍റേഷന്‍ ലിമിറ്റഡ്, ബിഎച്ച്ഇഎല്‍ ഇഎംഎല്‍, കാസര്‍കോട്, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ് ലിമിറ്റഡ് (എച്ച് എന്‍എല്‍) എന്നീ സ്ഥാപനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. 

കേന്ദ്രത്തില്‍ നിന്നുള്ള ചില അനുമതികള്‍ വൈകുന്നതാണ് ഇക്കാര്യം നീണ്ടുപോകാന്‍ ഇടയാക്കുന്നത്. മെച്ചപ്പെട്ട നിക്ഷേപക സൗഹൃദ സംസ്ഥാനം എന്ന നിലയിലേക്ക് കേരളം മാറി. നിയമങ്ങളും വ്യവസ്ഥകളും ചട്ടങ്ങളും ലളിതവും സൗഹാര്‍ദ്ദപരവുമായതോടെ സംരംഭം തുടങ്ങാന്‍ അങ്ങേയറ്റം അനുകൂലമായ സാഹചര്യം സൃഷ്ടിക്കപ്പെട്ടു. കൂടുതല്‍ നിക്ഷേപകര്‍ കേരളത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. കൂടുതല്‍ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ ലാഭപ്പട്ടികയില്‍ കടന്നുവന്നു. 

പുതിയ കാലത്തിനനുസരിച്ചുള്ള വ്യവസായ സംരംഭങ്ങള്‍ സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ വ്യാപകമായി തുടങ്ങുകയാണ്. കൊച്ചിയില്‍ നടന്ന അസന്‍ഡ് 2020 പോലുള്ള നിക്ഷേപ സംഗമങ്ങളിലൂടെ നിക്ഷേപകസൗഹൃദ കേരളത്തെ ഫലപ്രദമായി സംരംഭകര്‍ക്കിടയില്‍ അവതരിപ്പിക്കാനും സാധിച്ചു. 

വ്യവസായ അടിസ്ഥാന സൗകര്യവികസനത്തില്‍ വലിയ മുന്നേറ്റമാണ് കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ ഉണ്ടായത്. കോയമ്പത്തൂര്‍-കൊച്ചി വ്യവസായ ഇടനാഴി കേരളത്തിന്‍റെ വ്യവസായ വളര്‍ച്ചയില്‍ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കും. കേരളത്തിന് അനുയോജ്യമായതും വൈവിധ്യമാര്‍ന്നതുമായ സംരംഭങ്ങള്‍ തുടങ്ങാന്‍ സഹായകമായ വിധത്തില്‍ പുതിയ 14 വ്യവസായ പാര്‍ക്കുകള്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തയ്യാറായി വരികയാണ്.

 ഈ നേട്ടങ്ങളുടെ ഫലം പൂര്‍ണ്ണമായി അനുഭവിക്കാന്‍, ഇതിനൊപ്പം ഒരു പുതിയ സംരംഭകത്വ സംസ്കാരം നമ്മുടെ നാട്ടില്‍ വളര്‍ത്തിയെടുക്കേണ്ടത് ആവശ്യമാണ്. ഈ തിരിച്ചറിവിലാണ് എന്‍റര്‍പ്രെണേഴ്സ് ഡെവലപ്മെന്‍റ് ക്ലബുകള്‍ സജീവമാക്കാന്‍ തീരുമാനിച്ചത്.

 കോവിഡിനെത്തുടര്‍ന്ന് ലോകത്താകെ വലിയ മാറ്റങ്ങള്‍ വരികയാണ്. മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി തീരുമ്പോള്‍ പുതിയ സാധ്യതകളും അവസരങ്ങളും തീര്‍ച്ചയായും വരും. ലോകത്തെ ഏറ്റവും സുരക്ഷിതമായ ഇടമെന്ന ഖ്യാതിയാണ് ഇന്ന് കേരളത്തിനുള്ളത്. പുതിയ വ്യവസായസംരംഭങ്ങളെയും നിക്ഷേപത്തെയും ഇങ്ങോട്ട് ആകര്‍ഷിക്കാനുള്ള സാഹചര്യമായി സര്‍ക്കാര്‍ ഇതിനെ കാണുകയാണ്. 

വ്യവസായങ്ങള്‍ ഇന്ന് കേന്ദ്രീകരിച്ചിട്ടുള്ള പല രാജ്യങ്ങളില്‍നിന്നും സുരക്ഷിത ഇടങ്ങളിലേക്ക് കുറെ വ്യവസായങ്ങള്‍ മാറ്റിസ്ഥാപിക്കാനുള്ള സാധ്യതയാണ് തെളിഞ്ഞിട്ടുള്ളത്. വ്യവസായ അനുമതികള്‍ വേഗത്തിലാക്കുന്നതിനുള്ള കര്‍മപദ്ധതി നടപ്പാക്കും. അപേക്ഷിച്ച് ഏഴു ദിവസത്തിനകം ലൈസന്‍സ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. 

സംസ്ഥാനത്ത് നാല് കേന്ദ്രങ്ങളില്‍ വാല്യു ആഡഡ് ലോജിസ്റ്റിക് പാര്‍ക്കും നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. കേരളത്തിലേക്ക് വ്യവസായങ്ങള്‍ ആകര്‍ഷിക്കുന്നതിന് വിവിധ രാജ്യങ്ങളിലെ എംബസികളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതോടൊപ്പം വിദേശങ്ങളില്‍ വ്യവസായം നടത്തുന്ന മലയാളികളെയും ഇവിടെയുള്ള വ്യവസായികളുടെയും പ്രതിനിധികളെയും ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ച് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. 

കൊറിയ, ജപ്പാന്‍, സിംഗപ്പൂര്‍, തായ്വാന്‍, യുഎസ് എന്നീ രാജ്യങ്ങളിലെ വ്യവസായ സംഘടനാ-വ്യവസായ പ്രതിനിധികളെ ഈ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും. ഊര്‍ജ മേഖലയിലെ പ്രധാന പദ്ധതിയാണ് ഗെയില്‍ പൈപ്പ് ലൈന്‍. നടപ്പാക്കുവാന്‍ കഴില്ല എന്ന് കരുതി 39 കിലോമീറ്ററില്‍ പൈപ്പ് ഇട്ടു ഉപേക്ഷിച്ച വന്‍കിട പദ്ധതി ആയിരുന്നു ഇത്. 

2016 ജൂണില്‍ ഈ പദ്ധതി പുനരാരംഭിച്ചു. 444 കി.മീ നീളമുള്ള കൊച്ചി-മംഗലാപുരം പൈപ്പ് ലൈന്‍ പൂര്‍ത്തിയായി. ചന്ദ്രഗിരി പുഴയ്ക്ക് കുറുകെ പൈപ്പ് സ്ഥാപിക്കുന്നത് ഒഴികെ എല്ലാ ജോലികളും തീര്‍ന്നു. ഈ ജോലി മൂന്നാഴ്ച കൊണ്ട് പൂര്‍ത്തീകരിച്ചു ജൂണ്‍ പകുതിയോടെ കമീഷന്‍ ചെയ്യുവാന്‍ കഴിയും. ഇതിനുപുറമെ കൂറ്റനാട്-വാളയാര്‍ 95 കിലോമീറ്റര്‍ നീളത്തില്‍ പൈപ്പിടലും പൂര്‍ത്തിയായി. 

ഇക്കൊല്ലം ആഗസ്ത് 15ന് അത് കമ്മീഷന്‍ ചെയ്യാം എന്നാണ് ധാരണയായിട്ടുള്ളത്. ഐഒഎജിയുടെ സിറ്റി ഗ്യാസ് പ്രോജക്ട് പുരോഗമിക്കുന്നു. എല്‍എന്‍ജി ടെര്‍മിനലില്‍ നിന്നും ഗ്യാസ് ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉള്‍പ്പടെ വിതരണം ചെയ്യുന്ന പദ്ധതിയാണിത്. കൊച്ചിയില്‍ ഏഴ് സിഎന്‍ജി സ്റ്റേഷന്‍ ഈ പദ്ധതിയിലൂടെ കമ്മീഷന്‍ ചെയ്തു. 

വൈദ്യുതി മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് ഈ നാലു വര്‍ഷങ്ങള്‍ കൊണ്ട് ശ്രമിച്ചത്. 2017ല്‍ എല്ലാ വീടുകളിലും വൈദ്യുതി എത്തിച്ചു കൊണ്ട് സമ്പൂര്‍ണ്ണ വൈദ്യുതീകരണം കൈവരിച്ച സംസ്ഥാനമായി മാറി. ഈ നാലുവര്‍ഷം പവര്‍ക്കട്ടും ലോഡ് ഷെഡിങ്ങും മലയാളികള്‍ അറിഞ്ഞിട്ടില്ല.

 മുടങ്ങിക്കിടന്ന കൊച്ചി-ഇടമണ്‍ വൈദ്യുതി പ്രസരണ ലൈന്‍ യാഥാര്‍ത്ഥ്യമാക്കിയത് ഊര്‍ജരംഗത്തെ ശ്രദ്ധേയമായ നേട്ടമാണ്. പുകലൂര്‍-മടക്കത്തറ ഹൈവോള്‍ട്ടേജ് ഡയറക്ട് കറന്‍റിന്‍റെയും പ്രവര്‍ത്തനം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ നിര്‍മാണവും പുരോഗമിക്കുകയാണ്. 

കൊച്ചിയെ അന്താരാഷ്ട്ര തലത്തില്‍ തന്നെ വേറിട്ട് നിറുത്തുന്ന ഒരു ഗതാഗത പദ്ധതിയാണ് വാട്ടര്‍ മെട്രോ പദ്ധതി. ഇതിലെ 38 ജെട്ടികളില്‍ 8 എണ്ണം പണി പൂര്‍ത്തിയാവാറായി. 2017 ജൂണില്‍ കൊച്ചി മെട്രോയുടെ പണി പൂര്‍ത്തികരിച്ചു നാടിനു സമര്‍പ്പിച്ചത് ഈ സര്‍ക്കാരാണ്. ആറു മാസത്തിനുള്ളില്‍ പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള അടുത്ത റീച്ചും നാടിനു സമര്‍പ്പിച്ചു. 

കഴിഞ്ഞ സെപ്തംബറില്‍ മഹാരാജാസ് തൈകൂടം റീച്ചും നാടിനു സമര്‍പ്പിച്ചു. ലോക്ക് ഡൌണ്‍ തീരുന്ന മുറയക്ക് കൊച്ചി മെട്രോ ഫേസ് 1 അവസാന റീച്ചായ തൈകൂടംപേട്ട റീച്ചും നാടിനു സമര്‍പ്പിക്കും. കൊച്ചി മെട്രോ നഗരപ്രാന്തപ്രദേശങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. കെഎസ്ടിപി പദ്ധതിയില്‍ ഈ സര്‍ക്കാര്‍ വന്നതിനു ശേഷം 226 കി.മീ റോഡ് 951.66 കോടി രൂപ ചെലവിട്ട് പൂര്‍ത്തീകരിച്ചു. 

ഇതുകൂടാതെ 1,425.25 കോടി രൂപയുടെ 10 റോഡുകളുടെ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ പകുതി ചെലവു വഹിച്ച 352.05 കോടിയുടെ, 13 കി.മീ നിളമുള്ള കൊല്ലം ബൈപ്പാസ് നാടിനു സമര്‍പ്പിച്ചു. കാലങ്ങളായി പൂര്‍ത്തിയാകാതെ കിടന്ന ആലപ്പുഴ ബൈപ്പാസിന്‍റെ 98.6 ശതമാനം പണികളും തീര്‍ത്തു. 

രണ്ടു പാലങ്ങളില്‍ ഒന്നിനും കൂടി റെയില്‍വെ അനുമതി കിട്ടാനുണ്ട്, അത് കിട്ടിയാല്‍ രണ്ടു മാസത്തിനുള്ളില്‍ നൂറു ശതമാനം പണിയും പൂര്‍ത്തിയാക്കി നാടിനു സമര്‍പ്പിക്കാന്‍ കഴിയും. സെമി ഹൈസ്പീഡ് റെയില്‍പാത കൊച്ചുവേളിയില്‍ നിന്ന് കാസര്‍കോടു വരെ 532 കിലോമീറ്റര്‍ ദൂരത്തില്‍ സെമി ഹൈസ്പീഡ് റെയില്‍പാത നിര്‍മിക്കും. തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെ നിലവിലുള്ള പാതയില്‍നിന്ന് മാറിയാണ് നിര്‍ദ്ദിഷ്ട റെയില്‍ഇടനാഴി നിര്‍മിക്കുന്നത്. 

തിരൂര്‍ മുതല്‍ കാസര്‍കോടു വരെ നിലവിലുള്ള പാതയ്ക്ക് സമാന്തരമായിരിക്കും. ഇതിനെല്ലാമുള്ള അന്തരീക്ഷം സംസ്ഥാനത്ത് ഒരുക്കുക എന്നത് പ്രധാനമാണ്. അതിന് സമാധാനപരമായ ജനജീവിതം സാധ്യമാകണം. 

കോവിഡ് പ്രതിരോധത്തില്‍ സമാനതകളില്ലാത്ത ഇടപെടല്‍ നടത്തിയ കേരള പൊലീസ് ക്രമസമാധാന പാലനത്തിനും ഗണ്യമായ നേട്ടമാണ് ഉണ്ടാക്കിയത്. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ റിപ്പോര്‍ട്ട് പ്രകാരം കേസുകളുടെ എണ്ണം കേരളത്തില്‍ 30 ശതമാനം കുറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ജിഷ കൊലപാതകക്കേസ് ആണ് പൊലീസ് ഏറ്റെടുത്ത പ്രധാന അന്വേഷണം. അതുമുതല്‍ ഏറ്റവുമൊടുവില്‍ പാമ്പ് കടിപ്പിച്ചിട്ടുള്ള കൊലപാതക കേസും കൂടത്തായി അടക്കം തെളിയിക്കാന്‍ പൊലീസിനു കഴിഞ്ഞു. പൊലീസ് സേന നവീകരണത്തിന്‍റെ പാതയിലാണ്. 

ജനമൈത്രി പൊലീസ് രാജ്യത്തിന് മാതൃകയായി മാറിയിരിക്കുന്നു. ഫയര്‍ സര്‍വ്വീസ് സേവനത്തിന്‍റെ മകുടോദാഹാരണങ്ങള്‍ സൃഷ്ടിച്ച കാലം കൂടിയായിരുന്നു ഇത്. പ്രളയദുരതിശ്വാസ പ്രവര്‍ത്തനങ്ങളിലും കോവിഡ് പ്രതിരോധത്തിലും നടത്തിയ ഇടപെടലുകള്‍ ഏവരുടെയും അംഗീകാരം നേടിയതാണ്. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിന്‍റെ രൂപീകരണവും ഈ ഘട്ടത്തില്‍ പരാമര്‍ശിക്കേണ്ടതാണ്. 

ഇവിടെ സര്‍ക്കാര്‍ ഇതുവരെ ചെയ്ത എല്ലാ കാര്യങ്ങളും വിവരിക്കുക പ്രയാസമാണ്. എന്നാല്‍, ഈ ഒറ്റവര്‍ഷം കേരളത്തിന് നിരവധി അംഗീകാരങ്ങളാണ് ലഭിച്ചത്. എന്നാല്‍, ഇനിയുള്ള നാളുകള്‍ നമ്മുടെ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണ്. കോവിഡ് 19ന്‍റെ വ്യാപനം എവിടെ എത്തിനില്‍ക്കുമെന്ന് കൃത്യമായി പറയാന്‍ കഴിയില്ല. 

ലോക്ക്ഡൗണ്‍ അനന്തമായി തുടരാനാകില്ല. വാഹനഗതാഗതം കൂടുതല്‍ സജീവമാകുന്നുണ്ട്. പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ധന ഈ ദിവസങ്ങളില്‍ നാം കാണുന്നുണ്ട്. മെയ് 23ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് 4638 പേരും വിദേശ രാജ്യങ്ങളില്‍നിന്ന് 1035 പേരുമാണ് സംസ്ഥാനത്ത് വന്നത്. അതേ ദിവസം കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 62 ആണ്. 

യാത്രക്കാരുടെ വരവിനനുസരിച്ച് രോഗബാധിതരുടെ എണ്ണവും വര്‍ധിക്കുന്നു. കഴിഞ്ഞ നാലു ദിവസങ്ങളുടെ കണക്കെടുത്താല്‍ 181 പുതിയ രോഗികളാണുണ്ടായത്. കൂടുതല്‍ യാത്രാ മാര്‍ഗങ്ങള്‍ തുറക്കുന്നതോടെ അത് ഇനിയും വര്‍ധിച്ചേക്കാം. നമ്മുടെ സഹോദരങ്ങള്‍ പലരും വരേണ്ടത് കൊറോണ വൈറസ് ബാധ വ്യാപകമായ സംസ്ഥാനങ്ങളില്‍നിന്നും രാജ്യങ്ങളില്‍നിന്നുമാണ്. അവര്‍ വരുന്നതുകൊണ്ട് രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായേക്കാം. 

വരുന്ന ഓരോരുത്തര്‍ക്കും നാം ചികിത്സ നല്‍കും. ഇവിടെ കൂടുതല്‍ ആളുകളിലേക്ക് വൈറസ് ബാധ പടരാതിരിക്കാനുള്ള ജാഗ്രതയും ശക്തമാക്കും. ഇവിടെ നാം കാണേണ്ടത് ഇനിയുള്ള നാളുകള്‍ ഈ മഹാമാരിക്കൊപ്പമുള്ള ജീവിതമാണ് നാടിന്‍റേത് എന്നതാണ്. ഇപ്പോള്‍ ശരാശരി 39 പേരെയാണ് ദിവസവും രോഗം ബാധിച്ച് ആശുപത്രിയിലാക്കേണ്ടിവരുന്നത്.

 ജൂണില്‍ മഴ തുടങ്ങുകയും മഴക്കാല രോഗങ്ങള്‍ വരികയും ചെയ്താല്‍ കൂടുതല്‍ സൗകര്യങ്ങള്‍ വേണ്ടിവരും. ഇതിനനുസരിച്ചുള്ള ആസൂത്രണമാണ് നടത്തുന്നത്. എല്ലാവരും സര്‍ക്കാരുമായി പൂര്‍ണമായി സഹകരിക്കണം. നാടിന്‍റെ ഭാവിയുടെ പ്രശ്നമാണിത്. ഈ വിഷമകരമായ സാഹചര്യങ്ങള്‍ നേരിടുമ്പോള്‍ തന്നെ സംസ്ഥാനത്തിന്‍റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ നിര്‍ബന്ധമായി സര്‍ക്കാര്‍ നിര്‍വഹിക്കുക തന്നെ ചെയ്യും. 

ജൂണ്‍ അഞ്ചാം തീയതി നമ്മുടെ സംസ്ഥാനത്താകെ ഫലവൃക്ഷത്തൈ നട്ടുപിടിപ്പിക്കുകയാണ്. കാര്‍ഷികരംഗത്ത് നടപ്പാക്കാന്‍ ഉദ്ദേശിച്ച പദ്ധതിയും ഇതിന്‍റെ ഭാഗംതന്നെയാണ്. വ്യവസായ മേഖലയില്‍ നടപ്പാക്കുന്ന പുതിയ പദ്ധതികളും ഈ ഘട്ടത്തില്‍ തന്നെയാണ്. 

റോഡുകളിലും ഇടനാഴികളിലും എല്‍.ഇ.ഡി ലൈറ്റ് സ്ഥാപിക്കുകയാണ്. എല്ലാ റോഡുകളും ഡിസംബറോടു കൂടി മെച്ചപ്പെട്ട നിലയിലാക്കുക എന്നത് സര്‍ക്കാരിന്‍റെ പരിപാടിയില്‍ ഏറ്റവും പ്രധാനപ്പെട്ടതുതന്നെയാണ്. യാത്രയുടെ ഘട്ടത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ആവശ്യമായത്ര ടോയ്ലെറ്റ് സൗകര്യമൊരുക്കും. പെട്രോള്‍ ബങ്കുകളില്‍ ടോയ്ലെറ്റ് സൗകര്യമൊരുക്കും. യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി സ്ഥാപിക്കും. 

വിദ്യാഭ്യാസ മേഖലയില്‍ ഓണ്‍ലൈന്‍ പഠനം ആരംഭിക്കുകയാണ്. ഉന്നതവിദ്യാഭ്യാസ രംഗത്തും ഫലപ്രദമായ ചില അഴിച്ചുപണികള്‍ ആവശ്യമായി വരും. വലിയ പ്രതീക്ഷകള്‍ ഉണര്‍ത്തുന്ന മേഖലയാണിത്. പഠന സമയത്ത് പാര്‍ട് ടൈം ജോലി എന്ന ആശയവും കോവിഡ് കഴിഞ്ഞാല്‍ ആലോചിക്കും. തദ്ദേശസ്ഥാപന അതിര്‍ത്തില്‍ തൊഴില്‍ നല്‍കുക എന്നത് ഇപ്പോള്‍ തന്നെ ആരംഭിക്കുകയാണ്. ആയിരത്തിന് അഞ്ചുപേര്‍ക്ക് തൊഴില്‍ എന്നത് ഓരോ തദ്ദേശസ്ഥാപനങ്ങളുടെ കീഴിലും നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. 

എല്ലാ കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡ് നല്‍കാനുള്ള പദ്ധതി പൂര്‍ത്തിയാക്കും. കമ്മ്യൂണിറ്റി വളണ്ടിയര്‍ കോര്‍പ്സ് രൂപീകരണം പൂര്‍ത്തിയായി. പരിശീലനം ആരംഭിച്ചു. ഫലപ്രദമായ രീതിയില്‍ ഉപയോഗിക്കാനുള്ള നടപടികളിലേക്ക് കടക്കുകയാണ്. മത്സ്യരംഗത്ത് വലിയ മാറ്റങ്ങള്‍ വരികയാണ്. ഓരോ വീട്ടുപറമ്പിലും മത്സ്യം വളര്‍ത്താനുള്ള പദ്ധതികളാണ് ആലോചിക്കുന്നത്. 

ദുരന്തത്തിനു മുന്നില്‍ കരഞ്ഞിരുന്നിട്ട് കാര്യമില്ല. അത് നമുക്ക് ഒന്നിച്ച് നേരിടാം. ദുരന്തത്തിനു ശേഷം അല്ലെങ്കില്‍ ദുരന്തത്തിനൊപ്പം നാടിനെ പുരോഗതിയിലേക്ക് നയിക്കാനുള്ള വഴിയിലേക്ക് നമുക്കെല്ലാവര്‍ക്കും കൂടി ഒന്നിച്ച് നീങ്ങാം. എല്ലാവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Keywords: Chief Minister Press meet, Thiruvananthapuram, News, Press meet, Chief Minister, Pinarayi vijayan, Kerala.