നടുവിലെ സീറ്റ് ഒഴിച്ചിടേണ്ടത് സാമാന്യബോധമാണ്; എയര്‍ ഇന്ത്യയുടെ തീരുമാനത്തിനെതിരെ സുപ്രീം കോടതി
![https://www.mathrubhumi.com/polopoly_fs/1.4423872.1580653430!/image/image.jpg_gen/derivatives/landscape_894_577/image.jpg https://www.mathrubhumi.com/polopoly_fs/1.4423872.1580653430!/image/image.jpg_gen/derivatives/landscape_894_577/image.jpg](https://www.mathrubhumi.com/polopoly_fs/1.4423872.1580653430!/image/image.jpg_gen/derivatives/landscape_894_577/image.jpg)
ന്യൂഡല്‍ഹി:vവിദേശത്തുള്ള ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള വിമാനങ്ങളില്‍ നടുവിലെ സീറ്റ് ഒഴിച്ചിടണമെന്നത് സാമാന്യബോധമാണെന്ന് സുപ്രീം കോടതി പറഞ്ഞു. കോവിഡ് വ്യാപനം തടയാന്‍ വിമാനത്തിനകത്തും സാമൂഹിക അകലം പാലിക്കേണ്ടത് അനിവാര്യമാണ്. ജനങ്ങളുടെ ആരോഗ്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്കണ്ഠപ്പെടേണ്ടത് അല്ലാതെ വിമാനക്കമ്പനികളുടെ കാര്യത്തിലല്ല.
അതേസമയം, വന്ദേ ഭാരത് മിഷന്റെ ഭാഗമായി വിദേശത്തുനിന്ന് സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ അടുത്ത പത്ത് ദിവസത്തേക്ക് മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ കൊണ്ടുവരാന്‍ എയര്‍ ഇന്ത്യയ്ക്കു സുപ്രീം കോടതി അനുമതി നല്‍കി. മുംബൈ ഹൈക്കോടതിയുടെ അന്തിമവിധിക്ക് അനുസൃതമായിരിക്കണം അതിനു ശേഷമുള്ള സീറ്റിംഗ് സംവിധാനമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
'സാമൂഹിക അകലം പാലിക്കണം എന്നത് സാമാന്യബോധമാണ്. പുറത്ത് ആറ് അടി അകലമെങ്കിലും പാലിക്കണം' വിമാനത്തിനുള്ളില്‍ എങ്ങനെയാണ് എന്ന് വന്ദേഭാരത് ദൗത്യത്തിലുള്ള എയര്‍ ഇന്ത്യ വക്താക്കളോട് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡേ ചോദിച്ചു. അതേസമയം, സീറ്റ് വ്യത്യാസമില്ലാതെ എല്ലാവരേയും കോവിഡ് ടെസ്റ്റ് ചെയ്യാനും പരിശോധിക്കുകയും ചെയ്യണമെന്നാണ് എയര്‍ ഇന്ത്യയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത പറഞ്ഞത്. വിദഗ്ധരുമായി ചേര്‍ന്ന യോഗത്തിന് ശേഷമാണ് ഇടയ്ക്കുള്ള സീറ്റില്‍ യാത്രക്കാരെ ഉള്‍ക്കൊള്ളിക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്നും തഷാര്‍ മെഹ്ത പറഞ്ഞു.
ആഭ്യന്തര വിമാനയാത്രകളില്‍ സീറ്റ് സജ്ജീകരിക്കുന്നതിനെ കുറിച്ച് കോടതി പരാമര്‍ശങ്ങള്‍ ഉണ്ടായില്ല. സീറ്റില്‍ ആളെ നിറച്ചുകൊണ്ടുപോവുന്നത് വൈറസ് ബാധയ്ക്ക് ഇടയാക്കില്ലെന്ന് നിങ്ങള്‍ക്ക് എങ്ങനെ പറയാന്‍ സാധിക്കും? വിമാനത്തിനുള്ളിലാണെന്നും ആരെയും ബാധിക്കരുതെന്നും വൈറസിന് അറിയുമോ? അടുത്തടുത്തിരുന്നാല്‍ വൈറസ് വ്യാപനത്തിനുള്ള സാധ്യത കൂടുതലാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ജൂണ്‍ 16 വരെയുള്ള ടിക്കറ്റ് ബുക്കിങ് പൂര്‍ത്തിയായതായി സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. നിലവില്‍ ചാര്‍ട്ട് ചെയ്ത യാത്രകള്‍ പൂര്‍ത്തിയാവുന്നത് വരെ ഇപ്പോഴുള്ള നില തുടരാനും ശേഷം നടുവിലെ സീറ്റ് ഒഴിച്ചിട്ടുകൊണ്ട് യാത്ര നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.
നടുവിലെ സീറ്റ് ഒഴിച്ചിടണമെന്ന ഡിജിസിഎ മാര്‍ഗനിര്‍ദേശം വന്ദേഭാരത് ദൗത്യത്തിലേര്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യ പൈലറ്റ് ആയ ദേവേന്‍ യോഗേഷ് കനാനിയാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. ഈ മാര്‍ഗനിര്‍ദേശം അസാധുവാണെന്ന് എയര്‍ ഇന്ത്യ കോടതിയെ അറിയിച്ചു. എന്നാല്‍ സീറ്റ് നല്‍കുന്നത് നിര്‍ത്തലാക്കണമെന്ന് ബോബെ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഇതേ തുടര്‍ന്നാണ് എയര്‍ ഇന്ത്യയും കേന്ദ്രസര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചത്. പരാതിയില്‍ ജൂണ്‍ രണ്ടിന് തീരുമാനം കൈക്കൊള്ളണമെന്ന് സുപ്രീം കോടതി ബോംബെ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.
Content Highlights: Middle Seats Must Be Kept Empty On Flights For Stranded Indians: Top Court