വര്‍ഗീയശക്തികള്‍ക്ക് അഴിഞ്ഞാടാനുളള സ്ഥലമല്ല കേരളം: സിനിമാസെറ്റ് തകർത്തതിനെ കുറിച്ച് മുഖ്യമന്ത്രി
'മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് പൊളിച്ചതെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. ഏത് മതവികാരമാണ് ഇവിടെ വ്രണപ്പെട്ടത്?'
തിരുവനന്തപുരം: കാലടിയിൽ ടൊവീനോ ചിത്രം മിന്നല്‍മുരളിയുടെ സെറ്റ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താസമ്മേളനത്തിനിടയിലാണ് മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരിച്ചത്. സെറ്റ് നിര്‍മ്മിക്കപ്പെട്ടപ്പോള്‍ ഏത് മതവികാരമാണ് ഇവിടെ വ്രണപ്പെട്ടതെന്ന് അദ്ദേഹം ചോദിച്ചു. വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുളള സ്ഥലമല്ല, കേരളം എന്നവര്‍ ഓര്‍ക്കണമെന്നും അക്രമികള്‍ക്കെതിരെ ശക്തമായ, ഫലപ്രദമായ നടപടിയുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത കാലത്തായി ചില വര്‍ഗീയശക്തികള്‍ വര്‍ഗീയ വികാരം പുറത്തു വിട്ടുകൊണ്ട് സിനിമയെ കടന്നാക്രമിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കോവിഡ് കാലത്തിന് മുമ്പ് ചില സ്ഥലങ്ങളില്‍ ഷൂട്ടിങ് തടസ്സപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. സിനിമ പ്രദര്‍ശിപ്പിക്കുന്ന സിനിമാശാലകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഒരു വിഭാഗം വര്‍ഗീയ ശക്തികളാണ് ഇത്തരം പ്രവണതകളുമായി രംഗത്തു വന്നിട്ടുള്ളത്. ലക്ഷങ്ങള്‍ മുടക്കി കഴിഞ്ഞ മാര്‍ച്ചില്‍ നിര്‍മ്മിച്ച സെറ്റാണ് ആക്രമിക്കപ്പെട്ടത്.. കോവിഡ് 19 കാരണം ഷൂട്ടിങ് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഇന്നലെ വൈകീട്ടോടെയാണ് സെറ്റ് പൊളിക്കപ്പെട്ടിട്ടുള്ളത്.
എഎച്ച്പി ജനറല്‍ സെക്രട്ടറി എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഹരി പാലോടാണ് സെറ്റ് തകര്‍ത്ത കാര്യം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് പൊളിച്ചതെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. ഏത് മതവികാരമാണ് ഇവിടെ വ്രണപ്പെട്ടത്? ഈ വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുളള സ്ഥലമല്ല, കേരളം എന്നവര്‍ ഓര്‍ക്കണം. ശക്തമായ, ഫലപ്രദമായ നടപടിയുണ്ടാവും.
ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മിന്നല്‍മുരളി. എല്ലാ അനുമതികളോടെയുമാാണ് സെറ്റ് പണി പൂര്‍ത്തീകരിച്ചതെന്നും വയനാട്ടിലെ ഷെഡ്യൂളിനു ശേഷം ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു ലഭിച്ചാല്‍ പള്ളിയിലെ രംഗങ്ങള്‍ ഷൂട്ട് ചെയ്യാനായി കാത്ത്ിരിക്കുകയായിരുന്നുവെന്നും സംവിധായകന്‍ ബേസില്‍ ജോസഫും നിര്‍മ്മാതാവ് സോഫി പോളും വ്യക്തമാക്കിയിരുന്നു.
Content Highlights : CM Pinarayi Vijayan on minnal murali movie set destroyed by rashtriya bajrang dal press meet