കേരളബാങ്ക് സാധാരണക്കാര്‍ക്ക് ആശ്വാസം; അസാധ്യമെന്ന് പറഞ്ഞവരുടെ മോഹങ്ങള്‍ അപ്രസക്തം- മുഖ്യമന്ത്രി

https://www.mathrubhumi.com/polopoly_fs/1.2300718.1575643817!/image/image.jpg_gen/derivatives/landscape_894_577/image.jpg
Representative image, photo: Mathrubhumi archives

തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരിച്ചത് എല്‍ഡിഎഫ് സര്‍ക്കാരിനിന്റെ വലിയ സംഭാവനകളിലൊന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതിജീവനത്തിന്റെ പാതയില്‍ മുതല്‍ക്കൂട്ടായിരിക്കും ഈ ബാങ്ക്. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്ക് കേരള ബാങ്കായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഇടതു സര്‍ക്കാര്‍ നാലു വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ പശ്ചാത്തലത്തില്‍ ഭരണനേട്ടങ്ങള്‍ വിശദീകരിച്ച് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളബാങ്ക് നടപ്പാവില്ലെന്ന് പറഞ്ഞവരുണ്ട്. അസാധ്യമാണെന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നവരുണ്ട്. അത്തരക്കാരുടെ മോഹങ്ങളെയെല്ലാം അപ്രസക്തമാക്കിയാണ് കേരള ബാങ്ക് നിലവില്‍ വന്നത്. 

കോവിഡ് പ്രതിസന്ധിയില്‍ പ്രവാസികള്‍ക്കും സാധാരണജനങ്ങള്‍ക്കും താങ്ങായി കേരള ബാങ്ക് ഇടപെടുന്നുണ്ട്. കാര്‍ഷിക വ്യാവസായിക രംഗത്ത് നൂതന ആശയങ്ങള്‍ക്കും പദ്ധതികള്‍ക്കും കേരള ബാങ്ക് ശക്തി പകരും. ഇടപാടുകാര്‍ക്ക് കുറഞ്ഞ ചിലവില്‍ സേവനം നല്‍കാനും കുറഞ്ഞ നിരക്കില്‍ കാര്‍ഷിക വായ്പ നല്‍കാനും കഴിയുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

Content Highlights: Kerala Bank is a major contribution of LDF Government, says CM Pinarayi Vijayan